അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

രാജിക്കത്തുകൾ ആറിനു ചേരുന്ന ട്രസ്റ്റ് യോഗം പരിഗണിക്കാനിരിക്കെയാണ് അയോധ്യയിലെ തന്‍റെ സേവനം അവസാനിച്ചുവെന്ന് റായി വിശ്വസ്തരോടു പറഞ്ഞത്
Ayodhya temple donation scam; Champat Rai resign

അയോധ്യ ക്ഷേത്രം, ചമ്പത് റായി

Updated on

അയോധ്യ: അപമാനം സഹിച്ച് ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ തുടരാനില്ലെന്നു ചമ്പത് റായി. രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പിനെത്തുടർന്നുണ്ടായ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണു ചമ്പത് റായി വിശ്വസ്തരോട് ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രത്തിൽ നിന്നു കോടികൾ തട്ടിയെടുക്കപ്പെട്ട സംഭവത്തെത്തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും തൽസ്ഥാനങ്ങൾ രാജിവച്ചിരുന്നു. രാജിക്കത്തുകൾ ആറിനു ചേരുന്ന ട്രസ്റ്റ് യോഗം പരിഗണിക്കാനിരിക്കെയാണ് അയോധ്യയിലെ തന്‍റെ സേവനം അവസാനിച്ചുവെന്ന് റായി വിശ്വസ്തരോടു പറഞ്ഞത്.

അതിനിടെ, അറസ്റ്റിലായ അവിനാശ് ശുക്ലയെ പൊലീസ് ചോദ്യം ചെയ്യാൻ 24 മണിക്കൂർ സമയത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കാണിക്കയെണ്ണുന്ന ചുമതലയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇയാൾ. അറസ്റ്റിലായ മറ്റൊരു പ്രതി ലവകുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയ്ക്ക് ഇന്നലെ അയോധ്യ വികസന അഥോറിറ്റി വീട്ടിലെ അനധികൃത നിർമാണത്തെക്കുറിച്ച് നോട്ടീസ് നൽകി.

ചമ്പത് റായിയും അനുയായികളുടെ സംഘവും വ്യാജരേഖകൾ ചമച്ച് ക്ഷേത്രത്തിന്‍റെ നിയന്ത്രണം കൈക്കലാക്കിയെന്ന് രാംകോട്ട് രാംനിവാസ് ക്ഷേത്രത്തിലെ പഞ്ച പ്രമുഖ് ഹരിശങ്കർ സഫാരിവാല്, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ ഗോപാൽ റാവുവിനുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാബാദ് ബാർ അസോസിയേഷൻ ഇന്നലെ അയോധ്യ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയുമുണ്ടായി. ഇതാണ് വൈകാരിക പ്രതികരണത്തിന് ചമ്പത് റായിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ജീവനക്കാരിലും വിശ്വസ്തരിലും തനിക്കുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ചമ്പത് റായി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com