ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരേ ഗോളടിച്ച ഈജിപ്റ്റ് ക്യാപ്റ്റൻ മുഹമ്മദ് സലായുടെ ആഘോഷം.

 
FIFA World Cup

ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയവുമായി സലായുടെ ഈജിപ്റ്റ്

ഫിഫ ലോകകപ്പ് 2026: ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ന്യൂസിലാൻഡിനെ തകർത്ത് ഈജിപ്റ്റ്

Sports Desk

വാൻകൂവർ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമെന്ന സുവർണ നേട്ടവുമായി ഈജിപ്റ്റ്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി പോരാട്ടത്തിൽ, ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് ന്യൂസിലാൻഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് (3-1) ആഫ്രിക്കൻ കരുത്തരായ ഈജിപ്റ്റ് തകർത്തുവിട്ടത്.

നായകൻ മുഹമ്മദ് സലാ ഒരു ഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ മോസ്തഫ സിക്കോ, മഹ്മൂദ് ട്രെസെഗെ എന്നിവരും ഈജിപ്റ്റിനായി ലക്ഷ്യം കണ്ടു. ഈ ചരിത്ര വിജയത്തോടെ 4 പോയിന്‍റുമായി ഈജിപ്റ്റ് ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്തെത്തുകയും നോക്കൗട്ട് (റൗണ്ട് ഓഫ് 32) സാധ്യതകൾ സജീവമാക്കുകയും ചെയ്തു.

മത്സരത്തിന്‍റെ തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങളാണ് ന്യൂസിലാൻഡ് നടത്തിയത്. അതിന്‍റെ ഫലമായി 15-ാം മിനിറ്റിൽ തന്നെ അവർ ലീഡെടുത്തു. ടിം പെയ്ൻ എടുത്ത മനോഹരമായ കോർണർ കിക്ക് കൃത്യമായ ഹെഡ്ഡറിലൂടെ ഫിൻ സുർമാൻ ഈജിപ്ഷ്യൻ വലയിലെത്തിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ആദ്യ പകുതിയിൽ ന്യൂസിലാൻഡ് ആധിപത്യം നിലനിർത്തി.

എന്നാൽ, രണ്ടാം പകുതിയിൽ കളി പൂർണമായും ഈജിപ്റ്റിന്‍റെ നിയന്ത്രണത്തിലായി. ആക്രമണം കടുപ്പിച്ച ഈജിപ്റ്റ് 14 മിനിറ്റുകൾക്കുള്ളിൽ സമനില ഗോൾ കണ്ടെത്തി. 59-ാം മിനിറ്റിൽ മുഹമ്മദ് ഹാനി ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ്, മാർക്ക് ചെയ്യപ്പെടാതെ നിന്ന മോസ്തഫ സിക്കോ ഒരു ഫ്രീ ഹെഡ്ഡറിലൂടെ ന്യൂസിലാൻഡ് ഗോൾവലയിലാക്കി ഈജിപ്റ്റിന് സമനില സമ്മാനിച്ചു.

67-ാം മിനിറ്റിൽ സിക്കോയുമായി ചേർന്നുള്ള മികച്ചൊരു വൺ-ടു-വൺ പാസിനൊടുവിൽ പന്ത് സ്വീകരിച്ച ഈജിപ്ഷ്യൻ വിസ്മയം മുഹമ്മദ് സലാ ബോക്സിനുള്ളിൽ വച്ച് അനായാസ ഫിനിഷിങ്ങിലൂടെ ടീമിനെ മുന്നിലെത്തിച്ചു.

കളി അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ മുഹമ്മദ് സലാ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച സബ്സ്റ്റിറ്റ്യൂട്ട് മഹ്മൂദ് ട്രെസെഗെ ഹെഡ്ഡറിലൂടെ മൂന്നാം ഗോളും നേടി ഈജിപ്റ്റിന്‍റെ ചരിത്ര വിജയം പൂർത്തിയാക്കി.

ഗ്രൂപ്പിലെ മുൻ മത്സരത്തിൽ ബെൽജിയത്തിനെ ഇറാൻ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നതിനാൽ, ഈജിപ്റ്റ് ഇപ്പോൾ ഗ്രൂപ്പിൽ വ്യക്തമായ മേധാവിത്വം നേടിയിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറാനെതിരേ സമനില നേടിയാൽ പോലും ഈജിപ്റ്റിന് ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ