ജർമൻ താരം ഡെനിസ് ഉന്ദാവ്.

 
FIFA World Cup

ജർമൻ വിസ്മയം ഡെനിസ് ഉന്ദാവ്!

മൂന്നാം ഡിവിഷൻ ക്ലബ്ബിൽ നിന്നുയർന്ന് ഡെനിസ് ഉന്ദാവ് ജർമനിയെ 2014ന് ശേഷം ആദ്യമായി ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടത്തിയ സൂപ്പർ സബ്ബായി

Sports Desk

2026 ലോകകപ്പിൽ ജർമനിയുടെ പുതിയ വിസ്മയമായി ഉയർന്ന ഡെനിസ് ഉന്ദാവ്, മൂന്നാം ഡിവിഷൻ ക്ലബ്ബിൽ ആരംഭിച്ച കരിയർ ബെൽജിയൻ ലീഗും ബ്രൈറ്റണും വഴി വിഎഫ്ബി സ്റ്റട്ട്ഗർട്ടിലേക്കാണ് ഉയർന്നത്. അവിടെനിന്ന് വൈകിയ വേളയിൽ ജർമൻ ദേശീയ ടീമിലും ഇടംപിടിച്ച ഉന്ദാവ്, ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടി ജർമനിയെ 2014ന് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടം കടത്തി. ഈ ലോകകപ്പിൽ ആകെ 69 മിനിറ്റ് മാത്രം കളിച്ച ജർമൻ 'സൂപ്പർ സബ്' ഇതിനകം അഞ്ച് ഗോളിൽ പങ്കാളിയായി ചരിത്രം കുറിച്ചു കഴിഞ്ഞു.

2026 ഫിഫ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ലോക ഫുട്ബോളിലെ പുതിയ ചർച്ചാവിഷയം ജർമനിയുടെ 'സൂപ്പർ സബ്' ഡെനിസ് ഉന്ദാവ് (Deniz Undav) ആണ്. വെറും 6 വർഷം മുൻപ്, അതായത് 2020-ൽ ജർമൻ മൂന്നാം ഡിവിഷൻ ക്ലബ്ബായ എസ്‌വി മെപ്പനിൽ (SV Meppen) കളിച്ചിരുന്ന താരം ഇന്ന് ലോകകപ്പ് വേദിയിൽ ജർമനിയുടെ ശാപമായിരുന്ന ഗ്രൂപ്പ് ഘട്ട വിടവാങ്ങലുകൾക്ക് അന്ത്യം കുറിച്ചിരിക്കുന്നു. ഗ്രൂപ്പ് ഇ-യിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി തകർപ്പൻ ഫോമിലാണ് ഈ വിഎഫ്ബി സ്റ്റട്ട്ഗാർട്ട് (VfB Stuttgart) താരം.

2020 വരെ എസ്‌വി മെപ്പൻ (SV Meppen) താരമായിരുന്ന ഉന്ദാവിന്‍റെ കരിയറിൽ വഴിത്തിരിവായത് 2020 മുതൽ 2022 വരെ ബെൽജിയൻ ലീഗിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ്. അവിടെ റോയൽ യൂണിയൻ ക്ലബ്ബിന്‍റെ ഭാഗമായിരുന്നു. അവിടെനിന്നാണ് ആദ്യമായി ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്ക് അവസരം തുറന്നുകിട്ടുന്നത്. 2024 വരെ ബ്രൈറ്റണിൽ കളിച്ചു. അവിടെനിന്നാണ് ഇപ്പോഴത്തെ ക്ലബ്ബായ ജർമൻ ലീഗിലെ വിഎഫ്ബി സ്റ്റട്ട്ഗർട്ടിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 25 ഗോളടിച്ചു, ടീമിനൊപ്പം ജർമൻ കപ്പ് ജേതാവുമായി. ഈ വർഷമാണ് ആദ്യമായി ജർമൻ ദേശീയ ടീമിലെത്തുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജർമനി കുറസാവോയെ 7-1 ന് തകർക്കുമ്പോൾ, പകരക്കാരനായി ഇറങ്ങി ഒരു ഗോളും രണ്ട് അസിസ്റ്റും ഉന്ദാവ് സ്വന്തമാക്കിയിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനെതിരേ അയാൾ യഥാർഥ രക്ഷകനായി മാറി. ടൊറന്‍റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയിൽ ജർമനി 0-1 എന്ന നിലയിൽ പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഉന്ദാവ് ഇരട്ട ഗോളുകളോടെ ജർമനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിൽ, ഇഞ്ചുറി ടൈമിൽ (90+5' മിനിറ്റിൽ) ഉന്ദാവ് നേടിയ നാടകീയ വിന്നിങ് ഗോൾ ജർമനിക്ക് 2-1 ന്‍റെ ആവേശവിജയവും ഒപ്പം റൗണ്ട് ഓഫ് 32 യോഗ്യതയും സമ്മാനിച്ചു. 2014-ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്‍റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്.

2002 ലോകകപ്പിനു ശേഷം ജർമനിക്കായി കളിച്ച ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ താരമായി ഉന്ദാവ് മാറി. ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയാണ് 2002ൽ ഈ നേട്ടം സ്വന്തമാക്കിയത്.

ഈ ലോകകപ്പിൽ വെറും 69 മിനിറ്റ് മാത്രം കളിച്ച ഉന്ദാവ് 5 ഗോൾ പങ്കാളിത്തം (3 ഗോൾ, 2 അസിസ്റ്റ്) പൂർത്തിയാക്കി. 1990-ൽ കാമറൂണിന്‍റെ റോജർ മില്ല കുറിച്ച റെക്കോഡിനൊപ്പമാണ് ഉന്ദാവ് ഇപ്പോൾ. ഒരു ലോകകപ്പ് പതിപ്പിൽ പകരക്കാരനായി ഇറങ്ങി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം എന്നതാണ് ഈ റെക്കോഡ്.

ജർമനിക്കായി കളിച്ച 11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ ഈ 29 വയസുകാരൻ അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ജർമനിയുടെ ഫസ്റ്റ് ഇലവനിൽ ഉന്ദാവിന് ഇടം ഉറപ്പില്ല എന്നതാണ് വിചിത്രം. രണ്ട് വിജയങ്ങളോടെ ജർമനി ഇതിനകം തന്നെ ഗ്രൂപ്പ് ഇ ജേതാക്കളായി കഴിഞ്ഞു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനെയാണ് ജർമനി നേരിടുക. ലോകകപ്പിന്‍റെ ഫൈനൽ ദിവസമാണ് ഉന്ദാവിന്‍റെ ജന്മദിനം. 30 വയസ് തികയുന്ന ദിവസം കൂടുതൽ സ്പെഷ്യലാക്കാൻ അ‍യാളും ജർമൻ ആരാധകരും തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാവും....

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

ഇംഗ്ലണ്ടിനെ പൂട്ടി ഘാന

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം