ഇറാനു വേണ്ടി സമനില ഗോൾ നേടിയ റാമിൻ റെസയാൻ.

 

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽനിന്ന്.

FIFA World Cup

അമെരിക്കൻ മണ്ണിൽ സമനില പിടിച്ച് ഇറാൻ

രാഷ്ട്രീയ സംഘർഷങ്ങളും വിസ വിവാദങ്ങളും നടുവിൽ ന്യൂസിലൻഡിനെതിരെ രണ്ട് ഗോളുകൾ നേടി ഇറാൻ സമനിലയിൽ; ലോസ് ഏഞ്ചൽസിലെ ലോകകപ്പ് ഗ്രൂപ്പ് ജി മത്സരം ചരിത്രപ്രധാനമായി

VK SANJU

അമേരിക്കൻ മണ്ണിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇറാൻ ആവേശകരമായ സമനില നേടി. രാഷ്ട്രീയ വിവാദങ്ങളും വിസനിഷേധവും പ്രതിഷേധങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. എലി ജസ്റ്റിന്റെ ഇരട്ടഗോളുകൾ ന്യൂസിലൻഡിനെയും റാമിൻ റെസയാനും മുഹമ്മദ് മൊഹെബിയും ഇറാനെയും രക്ഷപ്പെടുf

രാഷ്ട്രീയ വിവാദങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും കനൽ പുകയുന്ന പശ്ചാത്തലത്തിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇറാന് ആവേശ സമനില. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി പിരിഞ്ഞു. ഇറാന് വേണ്ടി മുഹമ്മദ് മൊഹെബിയും റാമിൻ റെസയാനും ലക്ഷ്യം കണ്ടപ്പോൾ, എലി ജസ്റ്റ് ഇരട്ട ഗോളുകളുമായി ന്യൂസിലൻഡിനായി തിളങ്ങി.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രധാന്യമുള്ള മത്സരങ്ങളിലൊന്നായിരുന്നു ഇത്. ഫെബ്രുവരി മുതൽ അമേരിക്കയുമായി യുദ്ധ സാഹചര്യത്തിലുള്ള ഇറാൻ, വൻ പ്രതിസന്ധികൾ അതിജീവിച്ചാണ് ലോസ് ഏഞ്ചൽസിലെ പിച്ചിലെത്തിയത്.

മത്സരത്തിന് മുന്നോടിയായി ഇറാന്‍റെ 11 ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് അരിസോണയിലെ പരിശീലന ക്യാംപ് ഉപേക്ഷിച്ച ഇറാൻ മെക്സിക്കോയിലെ ടിജുവാനയിലേക്ക് ബേസ് മാറ്റേണ്ടി വന്നു. കളി നടക്കുമ്പോൾ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ വിഐപി ഗാലറിയിലുണ്ടായിരുന്നെങ്കിലും, ഇറാന്‍റെ ആഭ്യന്തര പ്രശ്നങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും ഫിഫ നിസ്സഹായരായിരുന്നു.

സ്റ്റേഡിയത്തിനു പുറത്ത് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ കനത്ത പ്രതിഷേധങ്ങൾ നടന്നു. ഇറാനിലെ പഴയ വിപ്ലവത്തിനു മുൻപുള്ള പതാകകളും ചിഹ്നങ്ങളുമായാണ് പ്രതിഷേധക്കാർ എത്തിയത്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ സ്റ്റേഡിയത്തിനുള്ളിൽ മുഴങ്ങിയാൽ കളി ഉപേക്ഷിക്കുമെന്ന് ഇറാന്‍റെ കായിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സ്റ്റേഡിയത്തിനുള്ളിൽ ആരാധകർ ടീമിന് വലിയ പിന്തുണയാണ് നൽകിയത്.

ആവേശം വിതറി എലി ജസ്റ്റും മൊഹെബിയും

കളിയുടെ ഏഴാം മിനിറ്റിൽ തന്നെ എലി ജസ്റ്റിലൂടെ ന്യൂസിലൻഡ് ലീഡെടുത്തു. ക്രിസ് വുഡിന്‍റെ പന്തിൽ നിന്നായിരുന്നു ഗോൾ. എന്നാൽ 36-ാം മിനിറ്റിൽ 36 വയസുകാരനായ റാമിൻ റെസയാൻ ഇറാന് സമനില നേടിക്കൊടുത്തു. സാമൻ ഗോദോസിന്‍റെ മികച്ചൊരു പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ (55-ാം മിനിറ്റ്) എലി ജസ്റ്റ് തന്‍റെ രണ്ടാം ഗോൾ നേടി ന്യൂസിലൻഡിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ, വിട്ടുകൊടുക്കാൻ ഭാവമില്ലാത്ത ഇറാൻ ഒൻപത് മിനിറ്റുകൾക്കു ശേഷം മുഹമ്മദ് മൊഹെബിയുടെ ഹെഡറിലൂടെ വീണ്ടും ഒപ്പമെത്തി.

101 മിനിറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ഇരു ടീമുകളും പോയിന്‍റ് പങ്കുവയ്ക്കുകയായിരുന്നു. രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പിലെ ഇറാന്‍റെ വരും മത്സരങ്ങളിലും രാഷ്ട്രീയ ചർച്ചകൾ തുടരുമെന്ന് ഉറപ്പാണ്.

യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധനവ്

പശ്ചിമ ബംഗാളിലെ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയല്ല, മംഗളൂരു സ്വദേശിയെന്ന് സ്ഥിരീകരണം

ചാനൽ ചർച്ചയിലെ ആരോപണം പിൻവലിച്ച് മാപ്പ് പറയണം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി. ശശി

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ വിപരീത ഫലമുണ്ടാക്കി: പി. രാജീവ്

ടിനി ടോം വർ‌ഗീയ അധിക്ഷേപം നടത്തിയതായി അറിയില്ല; ശ്വേത മേനോന്‍റെ മൊഴിയെടുത്തു