ജപ്പാന്‍റെ സമനില ഉറപ്പിച്ച ദൈചി കമാഡയുടെ മുന്നേറ്റം.

 
FIFA World Cup

നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ; രണ്ടാം പകുതിയിൽ ഗോൾ വസന്തം!

വിർജിൽ വാൻ ഡൈക്കും ഡെയ്ചി കമാഡയും ഗോളുകൾ പങ്കിട്ട മത്സരത്തിൽ നെതർലൻഡ്സിന്റെ 17 മത്സരങ്ങളിലെ ജയനാഴിക കുലുങ്ങി

VK SANJU

ആർലിങ്ടൺ: ലോകകപ്പ് ഫുട്ബോളിലെ ആവേശകരമായ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ അപ്രതീക്ഷിത സമനിലയിൽ കുരുക്കി ജപ്പാൻ. ആർലിങ്ടണിലെ എടി&ടി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 2-2 എന്ന സ്കോറിനാണ് ഇരു ടീമുകളും പിരിഞ്ഞത്. അവസാന നിമിഷം ഡെയ്ചി കമാഡ നേടിയ ഗോളാണ് ജപ്പാനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിന്‍റെ ആദ്യ പകുതി കാര്യമായ ചലനങ്ങളില്ലാതെ കടന്നുപോയെങ്കിലും, രണ്ടാം പകുതിയിൽ കളി മാറി. 50-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്സ് മുന്നിലെത്തി. എന്നാൽ, ഏഴ് മിനിറ്റിനുള്ളിൽ കെയ്റ്റോ നകാമുറയിലൂടെ ജപ്പാൻ തിരിച്ചടിച്ചു. 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ വീണ്ടും ഡച്ച് സംഘത്തിന് ലീഡ് നൽകി.

ജപ്പാൻ തോൽവി മുന്നിൽ കണ്ട ആ നിമിഷത്തിലാണ് 88-ാം മിനിറ്റിൽ കോകി ഒഗാവയുടെ കോർണർ കിക്കിൽ നിന്ന് ഡെയ്ചി കമാഡ ഹെഡറിലൂടെ സമനില ഗോൾ നേടിയത്. പന്ത് തടുക്കാൻ ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ പരമാവധി ശ്രമിച്ചെങ്കിലും അത് ഗോളിലേക്ക് എത്തുകയായിരുന്നു.

ഡച്ച് നിരാശയും ജാപ്പനീസ് കരുത്തും

17 മത്സരങ്ങളിലെ തോൽവിയില്ലാത്ത കുതിപ്പിന് ശേഷമാണ് നെതർലൻഡ്സ് ലോകകപ്പിൽ ഇറങ്ങിയത്. എന്നാൽ, അവസാന നിമിഷം വഴങ്ങിയ ഗോൾ ഡച്ച് ആരാധകരെ നിരാശരാക്കി. "രണ്ടുതവണ മുന്നിലെത്തിയിട്ടും വിജയിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. പലരും ജപ്പാനെ കുറച്ചു കണ്ടു, എന്നാൽ അവർ കരുത്തരാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു"- പരിശീലകൻ റൊണാൾഡ് കോമാൻ മത്സരശേഷം പ്രതികരിച്ചു.

2022-ലെ ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ വരെ എത്തിയ ജപ്പാൻ, ഇത്തവണയും മികച്ച ഫോമിലാണ്. നെതർലൻഡ്സിനെതിരായ ഈ സമനില ജാപ്പനീസ് ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഈ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്വീഡനും ടുണീഷ്യയും തമ്മിലുള്ള മത്സരവും വരും ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്. ശനിയാഴ്ച ഹൂസ്റ്റണിൽ വെച്ച് നെതർലൻഡ്സ് സ്വീഡനെയും, മെക്സിക്കോയിലെ മോണ്ടെറിയിൽ വെച്ച് ജപ്പാൻ ടുണീഷ്യയെയും നേരിടും.

ടുണീഷ്യൻ ഗോൾ പോസ്റ്റിൽ സ്വിഡീഷ് മൺസൂൺ

''ഇവനു പ്രാന്താടാ...'' നെതന്യാഹുവിനെ കൈവിട്ട് ഇറാനുമായി കരാർ ഒപ്പിടാൻ ട്രംപ്

ഇനി സ്ത്രീകൾക്ക് 'പറക്കാം', ഫ്രീയായി

അവസാന നിമിഷം അദ്ഭുതം; ഇക്വഡോറിനെ വീഴ്ത്തി ഐവറി കോസ്റ്റ്

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം