

ഫിഫ ലോകകപ്പിൽ ഇക്വഡോറിനെതിരേ ഐവറി കോസ്റ്റിന്‍റെ വിജയശിൽപ്പിയായ അമാദ് ദിയാലോയുടെ ആഹ്ളാദ പ്രകടനം.
ഫിലാഡൽഫിയ: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശകരമായ മറ്റൊരു പോരാട്ടത്തിൽ ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിന് അവിശ്വസനീയ വിജയം. 90-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അമാദ് ദിയാലോ നേടിയ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം പിടിച്ചെടുത്തത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവ് അവിസ്മരണീയമാക്കാൻ ഐവറി കോസ്റ്റിന് സാധിച്ചു.
ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോൾ പോസ്റ്റുകൾ പലതവണ വില്ലനായി. മത്സരത്തിൽ മൂന്ന് തവണയാണ് പന്ത് ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചത്. ആദ്യ പകുതിയിൽ ഇക്വഡോറിന്‍റെ ജോൺ യെബോഹ, നിൽസൺ അംഗുലോ എന്നിവരുടെ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ, 52-ാം മിനിറ്റിൽ ഐവറി കോസ്റ്റിന്‍റെ എലി വാഹിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി പുറത്തായി.
തുടർച്ചയായ 19 മത്സരങ്ങളിൽ തോൽവി അറിയാത്ത ഇക്വഡോറിന്‍റെ കുതിപ്പിനാണ് ഫിലാഡൽഫിയയിൽ അവസാനമായത്. 2024 സെപ്റ്റംബർ 6-ന് ബ്രസീലിനോട് തോറ്റതിന് ശേഷം ഇക്വഡോർ നേരിടുന്ന ആദ്യ പരാജയമാണിത്.
ദിയാലോയുടെ മാന്ത്രിക നിമിഷം
മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ഇക്വഡോർ പ്രതിരോധം തളർന്നപ്പോൾ അത് മുതലാക്കാൻ ഐവറി കോസ്റ്റ് താരങ്ങൾക്കായി. 90-ാം മിനിറ്റിൽ വിൽഫ്രഡ് സിംഗോ നൽകിയ പാസ് സ്വീകരിച്ച് അമാദ് ദിയാലോ തൊടുത്ത ഇടതുപാദ ഷോട്ടിലൂടെ ഇക്വഡോർ ഗോൾകീപ്പർ ഹെർനാൻ ഗാലിൻഡസിനെ നിസ്സഹായനാക്കി പന്ത് വലയിലാക്കി. ഈ ഗോളിലൂടെ ഐവറി കോസ്റ്റ് തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് സാധ്യതകൾ സജീവമാക്കി.
ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ, നാല് തവണ ലോകകപ്പ് ചാംപ്യന്മാരായ ജർമനിയെയാണ് ഐവറി കോസ്റ്റ് നേരിടുക. കുറാസാവോയെ 7-1ന് തകർത്ത് മികച്ച ഫോമിലുള്ള ജർമനിക്കെതിരായ മത്സരം ഐവറി കോസ്റ്റിന് കടുപ്പമേറിയതായിരിക്കും. ജൂൺ 20-ന് നടക്കുന്ന മത്സരങ്ങളിൽ ഇക്വഡോർ കുറാസാവോയെയും നേരിടും.