ബ്യൂണസ് ഐറിസ്: 2024 കോപ്പ അമെരിക്കയില്‍ അര്‍ജന്‍റീന ലയണൽ സ്കലോണി തന്നെ അർജന്‍റീനയുടെ മുഖ്യപരിശീലകൻ. അര്‍ജന്‍റൈന്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകള്‍ സ്കലോണി തന്നിരുന്നു. എന്നാല്‍ ടീമിന്‍റെ മുഖ്യപരിശീലകനായി സ്കലോണി തന്നെ തുടരുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. കോച്ചിംഗ് സ്റ്റാഫ് ഇതിനകം തന്നെ ടൂര്‍ണമെന്‍റിനായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായി തയാറെടുക്കുകയാണ് ലയണല്‍ സ്കലോണിയും സംഘവും.
പരിശീലക സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന സ്കലോണിയുടെ പ്രസ്താവന അര്‍ജന്‍റൈന്‍ ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു. നവംബര്‍ 22ന് മാരക്കാന സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ബ്രസീല്‍-അര്‍ജന്‍റീന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമായിരുന്നു സ്കലോണിയുടെ പ്രഖ്യാപനം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്കലോണി. അതിനുമുമ്പ് കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്കലോണിയുടെ കീഴില്‍ അര്‍ജന്‍റീനന്‍ ടീം സ്വന്തമാക്കിയിരുന്നു.