ബാബർ അസം, മുഹമ്മദ് റിസ്‌വാൻ
റാവൽപിണ്ടി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ബാബർ അസമിനും മുഹമ്മദ് റിസ്‌വാനും രൂക്ഷ വിമർശനം. മുൻ പാക്കിസ്ഥാൻ താരങ്ങളായ ബാസിത് അലി, ഷൊയിഭ് അക്തർ, കമ്രാൻ അക്മൽ എന്നിവരാണ് താരങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്.
പരിശീലകർ പറയുന്നത് കേൾക്കാൻ ബാബറും റിസ്‌വാനും തയാറാകുന്നില്ലെന്നും മുൻപ് പുറത്തെടുത്ത പ്രകടന മികവിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും ടീമിൽ തുടരുന്നതെന്നും ബാസിത് അലി പറഞ്ഞു.
ആരെങ്കിലും ഇവർക്ക് മുന്നറിയിപ്പ് നൽകണമെന്നും മുൻ താരങ്ങളായ മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ, ഇൻസമാം ഉൾ ഹഖ്, എന്നിവർ ഒരു കാലത്തും അതിന് തയാറായില്ലെന്നും ബാബറും റിസ്‌വാനും പരസ‍്യങ്ങളിൽ അഭിനയിക്കുന്നതാണ് നല്ലതെന്നും ബാസിത് അലി കൂട്ടിച്ചേർത്തു. അതേസമയം ക്രിക്കറ്റിനേക്കാൾ വലുതല്ല താനെന്ന് ബാബർ തിരിച്ചറിയണമെന്ന് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ പറഞ്ഞു.
പാക്കിസ്ഥാൻ താരങ്ങൾ വ‍്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയാണ് കളിക്കുന്നതെന്നും താരങ്ങളുടെ സമീപനവും മനോഭാവവും മാറ്റാതെ പാക്കിസ്ഥാന് വിജയിക്കാനാവില്ലെന്ന് ഷൊയൈബ് അക്തർ പറഞ്ഞു. റാവൽപിണ്ടിയിലെ പിച്ച് എല്ലാ സ്ഥലത്തേക്കും കൊണ്ടുപോകാനാവില്ലെന്ന് ഓർത്തിരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.