#സ്പോർട്സ് ലേഖകൻ
ഇന്ത്യയുടെ അത്ലറ്റിക്സ് രംഗത്തിനു വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് അവസാനിച്ചത്. നീരജ് ചോപ്രയുടെ ഒളിംപിക് സ്വര്‍ണം വലിയ പ്രചോദനമാണ് ഇന്ത്യന്‍ അത്ലറ്റിക്സിനു സമ്മാനിച്ചത്. അതുപോലെ തന്നെ ഭരണകര്‍ത്താക്കളില്‍നിന്നും അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍നിന്നും താരങ്ങള്‍ക്ക് പ്രോത്സാഹനവും വിദഗ്ധ പരിശീലനവും ലഭിക്കുന്നുണ്ട്.
അതിന്റെ ഫലമാണ് ബാങ്കോക്കില്‍ ഞായറാഴ്ച അവസാനിച്ച ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ നാം കണ്ടത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ അവിടെ നടത്തിയത്. ആറ് സ്വര്‍ണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 27 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇന്ത്യയില്‍ 2017ല്‍ നടന്ന ചാംപ്യന്‍ഷിപ്പിലും 27 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേ മെഡല്‍ വേട്ടയാണ് ബാങ്കോക്കിലും ഇന്ത്യ നേടിയിരിക്കുന്നത്. 2021ല്‍ ഗ്വാന്‍ഷുവില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന മീറ്റാണ് കൊവിഡിനെത്തുടര്‍ന്ന് ബാങ്കോക്കിലേക്കുമാറ്റിയത്.
ജപ്പാനും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനമാണ് ബാങ്കോക്കില്‍ ഇന്ത്യയുടേത്. 16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്ക നാലാം സ്ഥാനവും ഖത്തര്‍ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. ഇന്ത്യയെക്കാള്‍ ഒരു സ്വര്‍ണം മാത്രമാണ് ചൈന കൂടുതല്‍ നേടിയത്. ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലും 2024 ഒളിംപിക്സിലും ഇത് വലിയ പ്രതീക്ഷ പകരുന്ന കാര്യമാണ്. മലയാളി താരം എം. ശ്രീശങ്കര്‍ തുടങ്ങി, തെജീന്ദര്‍ സിങ്, സ്വപ്ന ബര്മന്, പാറുള്‍ ചൗധരി, ഷൈലി സിങ്, അബ്ദുള്ള അബൂബക്കര്‍, ജ്യോതി യാരാജി എന്നിവര്‍ സമീപകാലത്തുതന്നെ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. ഏഷ്യന്‍ അത്ലറ്റിക്സിന്റെ ഹബ് ഇന്ത്യയിലേക്ക് മാറിയാലും അതിശയിക്കാനില്ല. ഒരുകാലത്ത് ഉത്തേജക ഉപയോഗത്തിന്റെ നീരാളിപ്പിടിത്തത്തിലായിരുന്ന ഇന്ത്യന്‍ അത്ലറ്റിക്സിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലം.ബാങ്കോക്കില്‍ ഒന്നിലധികം മെഡലുകള്‍ നേടിക്കൊണ്ട് ജ്യോതി യാരാജിയും രാജേഷ് രമേഷും അമോജ് ജേക്കബും പാറുള്‍ ചൗധരിയും മികവ് തെളിയിച്ചു. അവസാനദിനത്തിലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. എട്ടു മെഡലുകളാണ് അവസാന ദിനം ഇന്ത്യ കൂടിയലാക്കിയത്.
ആഭ ഖത്വ, ജ്യോതി യാരാജി, പാറുള്‍ ചൗധരി, പ്രിയങ്ക ഗോസ്വാമി, ഡി.പി മനു എന്നിവര്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ മന്‍പ്രീത് കൗര്‍, അങ്കിത, വികാസ് സിങ് എന്നിവര്‍ വെങ്കലം ഇന്ത്യയുടെ പുരുഷ-വനിതാ റിലേ ടീമുകളും മെഡലുകള്‍ നേടി.
ഇന്ത്യയുടെ ജാവലിന്‍ കുതിക്കുകയാണ്, ഒരു നീരജ് ചോപ്രയില്‍ ഒതുങ്ങുന്നില്ല എന്നു തെളിയിച്ചുകൊണ്ടാണ് ജാവലിന്‍ ത്രോയില്‍ മത്സരിച്ച ഇന്ത്യയുടെ ഡി.പി മനു 81.01 മീറ്റര്‍ കണ്ടെത്തി വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
ഇന്ത്യക്കായി സ്വര്‍ണം നേടിയ താരങ്ങള്‍
ജ്യോതി യാരാജി (വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്)
അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജംപ്)
പാറുള്‍ ചൗധരി (സ്റ്റീപ്പിള്‍ചേസ്)
അജയ്കുമാര്‍ സരോജ് (1500 മീറ്റര്‍)
തെജീന്ദര്പാല് സിങ് തൂര്‍ (ഷോട്ട്പുട്ട്)
രാജേഷ് രമേഷ്, ഐശ്വര്യ മിശ്ര, അമോജ് ജേക്കബ്, ശുഭ വെങ്കിടേഷ് (4-400 മീറ്റര്‍ മിക്സഡ് റിലേ)
വെള്ളി നേടിയവര്‍
ഷൈലി സിങ് (വനിതകളുടെ ലോങ് ജംപ്)
അനില്‍ സര്‍വേഷ് കുഷാരെ (ഹൈജംപ്)
മുരളി ശ്രീശങ്കര്‍ (ലോങ് ജംപ്)
സ്വപ്ന ബര്മന് (ഹെപ്റ്റാത്തലണ്‍)
പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റര്‍ നടത്തം)
ചന്ദ (800 മീറ്റര്‍)
പാറുള്‍ ചൗധരി (5000 മീറ്റര്‍)
കിഷന്‍കുമാര്‍ (800 മീറ്റര്‍)
ആഭ ഖത്വ (ഷോട്ടപുട്ട്)
ഡിപി മനു (ജാവലിന്‍ ത്രോ)
ജ്യോതി യാരാജി (200 മീറ്റര്‍)
അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മിജോ ചാക്കോ കുര്യന്, രാജേഷ് രമേഷ് (4-400 റിലേ)
വെങ്കല മെഡലുകള്‍
അഭിഷേക് പാല് (10000 മീറ്റര്‍)
ഐശ്വര്യ മിശ്ര (400 മീറ്റര്‍)
തേജസ്വിന് ശങ്കര്‍ (ഡക്കാത്തലണ്‍)
സന്തോഷ്കുമാര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്)
വികാസ് സിങ് (20 കിലോമീറ്റര്‍ നടത്തം)
അങ്കിത (5000 മീറ്റര്‍)
മന്‍പ്രീത് കൗര്‍ (ഷോട്ട്പുട്ട്)
ഗുല്‍വീര്‍ സിങ് (5000 മീറ്റര്‍)
റെസോണ മല്ലിക് ഹീന, ഐശ്വര്യ മിശ്ര, ജ്യോതിക ശ്രി ദന്‍ഡി, ശുഭ വെങ്കിടേശന് (4-400 റിലേ)