ഗുൽവീർ സിങ്
ന‍്യൂഡൽഹി: ഏഷ‍്യൻ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയ്ക്കു വേണ്ടി ആദ‍്യ സ്വർണം നേടി ഗുൽവീർ സിങ്. പുരുഷന്മാരുടെ 10,000 മീറ്ററിലാണ് താരം സ്വർണം നേടിയത്. 28:38.63 സമയം കുറിച്ചാണ് താരത്തിന്‍റെ നേട്ടം. മുമ്പ് 2017ൽ ജി. ലക്ഷ്മണനും 1975ൽ ഹരി ചന്ദും മാത്രമാണ് ഈയിനത്തിൽ ഇന്ത്യക്കായി സ്വർണം നേടിയിട്ടുള്ളത്.
അവസാന ലാപ്പിൽ ബഹ്റൈനിന്‍റെ ആൽബർട്ട് കിബിച്ചി റോപ്പിനെ മറികടന്നാണ് ഗുൽവീർ ഫിനിഷിങ് ലൈനിൽ മുന്നിലെത്തിയത്. മത്സരത്തിൽ ഇന്ത‍്യയുടെ സാവൻ ബർവാൾ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏഷ‍്യൻ അത്‌ലറ്റിക്സിൽ ഗുൽവീർ ആദ‍്യമായല്ല മെഡൽ നേടുന്നത്. മുമ്പ് 2023ൽ താരം 5000 മീറ്ററിൽ വെങ്കലം നേടിയിരുന്നു.