ഹർഷിത് റാണ 
Sports

ഇന്ത്യ കളിച്ചത് 12 പേരുമായി: 'നിയമലംഘനം' അംഗീകരിക്കാതെ ഇംഗ്ലണ്ട്

റാണ സബ്സ്റ്റിറ്റ്യൂട്ടായി കളിച്ചതാണ്. പക്ഷേ, ഐപിഎല്ലിലേതു പോലെ സൂപ്പർ സബ് റൂളൊന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഐസിസി അംഗീകരിച്ചിട്ടില്ല

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്‍റി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം ലിസ്റ്റിൽ ഹർഷിത് റാണ എന്ന പേരില്ല. എഴുതാൻ വിട്ടുപോയതാണെങ്കിൽ, ഇന്ത്യയുടെ പതിനൊന്ന് ബാറ്റർമാരും കളിക്കാനിറങ്ങിയപ്പോൾ റാണ ഉണ്ടാവേണ്ടതാണ്, അതുമില്ല. പക്ഷേ, സ്കോർ ബോർഡ് വായിച്ച് കളിയുടെ റിസൽറ്റ് അറിഞ്ഞവരെ കൺഫ്യൂഷനാക്കിക്കൊണ്ട്, ഇന്ത്യയുടെ ആറാം ബൗളറായി ഹർഷിത് റാണ എന്ന പേരുണ്ട്, നാലോവർ എറിഞ്ഞിട്ടുണ്ട്, 33 റൺസിന് എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്- ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബഥേൽ, ജാമി ഓവർട്ടൺ!

സംഗതി എന്താണെന്നു വച്ചാൽ, റാണ സബ്സ്റ്റിറ്റ്യൂട്ടായി കളിച്ചതാണ്. പക്ഷേ, ഐപിഎല്ലിലേതു പോലെ സൂപ്പർ സബ് റൂളൊന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഐസിസി അംഗീകരിച്ചിട്ടില്ല. ഏതെങ്കിലും കളിക്കാർക്ക് മത്സരത്തിനിടെ തലയ്ക്ക് പരുക്കേറ്റാൽ അതേ റോളിൽ തന്നെ കളിക്കുന്ന മറ്റൊരാളെ പകരം ഇറക്കാം. Like for Like Replacement എന്നാണ് ഇതിനു സാങ്കേതികമായി പറയുന്നത്.

ഈ വ്യവസ്ഥ ഉപയോഗിച്ച് ശിവം ദുബെക്കു പകരം റാണയെ കളിക്കാൻ ഇറക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ ജാമി ഓവർട്ടൺ എറിഞ്ഞ പന്ത് ദുബെയുടെ ഹെൽമെറ്റിൽ കൊണ്ടിരുന്നു. ആ സമയത്ത് ബാറ്റിങ് തുടർന്ന ദുബെ, പവലിനയനിൽ തിരിച്ചെത്തിയ ശേഷമാണ് തലവേദന അനുഭവപ്പെടുന്നതായി അറിയിച്ചത്. തലയ്‌ക്കോ കഴുത്തിനോ പരുക്കേൽക്കുന്ന അവസ്ഥയിൽ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനിടെ പകരക്കാരെ അനുവദിക്കുക.

ഇവിടെ വരെ കാര്യങ്ങൾ ഓക്കെയാണ്. എന്നാൽ, സ്പെഷ്യലിസ്റ്റ് ബാറ്റർ എന്നു പറയാവുന്ന ദുബെക്കു പകരം ഇന്ത്യ ഇറക്കിയത് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ ഹർഷിത് റാണയെയാണ്. അതും ഇന്ത്യ ഫീൽഡ് ചെയ്യുന്ന സമയത്ത്. വ്യക്തമായും ഇന്ത്യക്ക് ഒരു അധിക ഫാസ്റ്റ് ബൗളർ എന്ന ആനുകൂല്യം നൽകുന്ന തീരുമാനമായിരുന്നു അതെന്ന് റാണയുടെ പ്രകടനം കണ്ടാൽ മനസിലാകും.

നാലാവോറിൽ റാണ 33 റൺസ് മാത്രമേ വഴങ്ങിയുള്ളൂ, മൂന്ന് നിർണായക വിക്കറ്റുകളും വീഴ്ത്തി. അതിലൊക്കെ ഉപരി, ഏറ്റവും സമ്മർദം നേരിടുന്ന പത്തൊമ്പതാം ഓവർ എറിയാനെത്തി, ആറ് റൺസ് മാത്രമേ വഴങ്ങിയുള്ളൂ എന്നു മാത്രമല്ല, ഒരു വിക്കറ്റ് അതിലും കിട്ടി.

വല്ലപ്പോഴും മീഡിയം പേസ് എറിയുന്ന ദുബെയെ ഇനി ഓൾറൗണ്ടറായി തന്നെ കൂട്ടുന്നു എന്നിരിക്കട്ടെ. അപ്പോഴും ബാറ്റിങ് ഓൾറൗണ്ടറുടെ ഗണത്തിലേ ദുബെ ഉൾപ്പെടൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയടിച്ചിട്ടുള്ള റാണയെയും ഓൾറൗണ്ടറായി പരിഗണിച്ചാൽ തന്നെ, ബൗളിങ് ഓൾറൗണ്ടർ എന്നേ പറയാനാകൂ.

ലൈക്ക് ഫോർ ലൈക്ക് റീപ്ലേസ്മെന്‍റ് എന്ന വ്യവസ്ഥയ്ക്ക് ചേരുന്ന ആളുകൾ ഇന്ത്യൻ ടീമിൽ ഇല്ലാത്തതുകൊണ്ടുമല്ല ദുബെക്കു പകരം റാണയെ കളിപ്പിച്ചത് എന്നതും വ്യക്തമാണ്. ബാറ്റിങ് ഓൾറൗണ്ടറായി കണക്കാക്കിയാൽ, റാണയുടെ ലൈക്ക് ഫോർ ലൈക്ക് റീപ്ലേസ്മെന്‍റായി രമൺദീപ് സിങ് ഇന്ത്യൻ സംഘത്തിലുണ്ട്. ദുബെയെ പോലെ ലോവർ ഓർഡർ ഹിറ്ററും അത്യാവശ്യം മീഡിയം പേസ് എറിയാൻ കഴിയുന്ന പാർട്ട് ടൈം ബൗളറുമാണ് രമൺദീപ്. ഇനി ബാറ്ററായി ദുബെയെ പരിഗണിച്ചാൽ, പകരം കളിപ്പിക്കേണ്ടത് ധ്രുവ് ജുറലിനെയും ആയിരുന്നു.

ഏതായാലും റാണ കളിച്ചില്ലെങ്കിൽ ഈ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമായിരുന്നു എന്നു വേണം കരുതാൻ. ഇംഗ്ലണ്ട് അത്രയും അനായാസം ലക്ഷ്യത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന സമയത്താണ് മത്സരഫലത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന പ്രകടനം റാണ പുറത്തെടുക്കുന്നത്.

അങ്ങനെ, രണ്ടു രീതിയിൽ തന്‍റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കാൻ റാണയ്ക്കു സാധിച്ചു. കന്നി മത്സരത്തിൽ ടീമിന്‍റെ ജയത്തിൽ പ്രധാന പങ്കുവഹിച്ചു എന്നതാണ് ഒന്ന്. കെവിൻ പീറ്റേഴ്സൺ അടക്കമുള്ള ഇംഗ്ലണ്ടിന്‍റെ മുൻ താരങ്ങൾ അത് വിവാദമാക്കി എന്നത് രണ്ടാമത്തേതും!

റാണയെ കളിക്കാൻ അനുവദിച്ചതിലുള്ള അതൃപ്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ മത്സരശേഷം പരസ്യമായി തന്നെ പ്രകടമാക്കിയിരുന്നു. "ദുബെയുടെ ബൗളിങ്ങിൽ 25 മൈൽ വേഗം കൂടിയോ അതോ റാണയുടെ ബാറ്റിങ് മെച്ചപ്പെട്ടോ? ദുബെയുടെ ലൈക്ക് ഫോർ ലൈക്ക് ഫോർ ലൈക്ക് റീപ്ലേസ്മെൻ്റല്ല റാണ", ബട്ലർ പറഞ്ഞു.

ഇംഗ്ലണ്ട് ടീമിനെ അറിയിക്കാതെയാണ് മാച്ച് റഫറിയും മുൻ ഇന്ത്യൻ താരവുമായ ജവഗൽ ശ്രീനാഥ് ഈ സബ്സ്റ്റിറ്റ്യൂഷന് അനുമതി നൽകിയതെന്നും ബട്ലർ കുറ്റപ്പെടുത്തി. എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രീനാഥിനെ നേരിട്ട് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബെയുടെ നിയമാനുസൃത പകരക്കാരനായി റാണയെ കണക്കാക്കാൻ കഴിയില്ലെന്ന് കമൻ്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് താരങ്ങളായ കെവിൻ പീറ്റേഴ്സണും നിക്ക് നൈറ്റും അഭിപ്രായപ്പെട്ടു.

അതേസമയം, ഇക്കാര്യത്തിൽ കൂടുതലൊന്നും അറിയില്ലെന്നാണ് ഇന്ത്യൻ ബൗളിങ് കോച്ച് മോണി മോർക്കൽ പറഞ്ഞത്. "ഇന്ത്യൻ ടീം മാനേജ്മെമെൻ്റ് പകരക്കാരൻ്റെ പേര് നൽകുക മാത്രമാണ് ചെയ്തത്. അത് അംഗീകരിച്ചത് മാച്ച് റഫറിയാണ്", മോർക്കൽ പറഞ്ഞു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ

സംസ്ഥാനത്തെ ആദ്യത്തെ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനമാരംഭിക്കുന്നു