മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്

 
Sports

ഹെഡും മാർഷും നൽകിയ തുടക്കം തുണച്ചു; രണ്ടാം ടി20യിൽ ഓസീസിന് ജയം

ഇന്ത‍്യ ഉയർത്തിയ 126 റൺസ് വിജയലക്ഷ‍്യം ഓസീസ് 13.2 ഓവറിൽ മറികടന്നു

Aswin AM

മെൽബൺ: ഇന്ത‍്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ ഉയർത്തിയ 126 റൺസ് വിജയലക്ഷ‍്യം ഓസീസ് 13.2 ഓവറിൽ മറികടന്നു. 46 റൺസ് നേടിയ ക‍്യാപ്റ്റൻ മിച്ചൽ മാർഷാണ് ഓസീസിന്‍റെ ടോപ് സ്കോറർ.

മാർഷിനു പുറമെ ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിഷ് (20), എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത‍്യക്ക് വേണ്ടി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന് മികച്ച തുടക്കമാണ് മിച്ചൽ മാർഷും ട്രാവിസ് ഹെഡും സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും 50 റൺസ് കൂട്ടുകെട്ട് നേടിയിരുന്നു. ഇതിനു പിന്നാലെ ട്രാവിസ് ഹെഡിനെ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും ജോഷ് ഇംഗ്ലിഷ് മിച്ചൽ മാർഷിനൊപ്പം ചേർന്ന് റൺനിരക്ക് ഉയർത്തി.

ഇതോടെ ടീം സ്കോർ 80 കടന്നെങ്കിലും കുൽദീപ് യാദവിന് വിക്കറ്റ് നൽകി മിച്ചൽ‌ മാർഷ് മടങ്ങിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. തുടർന്ന് തുടരെ തുടരെ ഓസീസിന് വിക്കറ്റ് നഷ്ടമായെങ്കിലും ടീം വിജയലക്ഷ‍്യത്തിനരികെ എത്തിയിരുന്നു. മാർക്കസ് സ്റ്റോയിനിസും (6 നോട്ടൗട്ട്) സേവ‍്യർ ബാർട്ട്‌ലെറ്റും ചേർന്നാണ് മത്സരം ഫിനിഷ് ചെയ്തത്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യക്ക് 18.4 ഓവറിൽ 125 റൺസ് നേടാനേ സാധിച്ചിരുന്നുള്ളൂ. 37 പന്തിൽ 8 ബൗണ്ടറിയും 2 സിക്സും അടക്കം 68 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. അഭിഷേകിനു പുറമെ ഹർഷിത് റാണയ്ക്കു (35) മാത്രമാണ് രണ്ടക്കം കാണാനായത്. മറ്റു താരങ്ങളെല്ലാരും നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.

അഭിഷേക് ശർമ

ടീം സ്കോർ 32 റൺസിൽ നിൽക്കെ നാലു വിക്കറ്റുകളും നഷ്ടമായി. വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (5), മൂന്നാം നമ്പറിൽ കളിച്ച സഞ്ജു സാംസൺ (2), സൂര‍്യകുമാർ യാദവ് (1), തിലക് വർമ (0) എന്നിവരുടെ വിക്കറ്റുകളായിരുന്നു ടീമിനു നഷ്ടമായത്. ഇതോടെ പ്രതിരോധത്തിലായ ടീമിന് തകർച്ചയിൽ നിന്നും കാര‍്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. അഭിഷേക് ശർമ ഹർഷിത് റാണ സഖ‍്യം ആറാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് നേടിയെങ്കിലും 125 റൺസിന് ടീം കൂടാരം കയറി.

പഠനഭാരം വേണ്ട; പത്താം ക്ലാസ് സിലബസ് 25 ശതമാനം വെട്ടിക്കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്

അജിത് പവാറിന് പകരക്കാരിയാവാൻ സുനേത്ര; ഉപമുഖ്യമന്ത്രി പദത്തിലേക്ക്, മൂത്തമകൻ രാജ്യസഭാ എംപിയാകും

"കാണണമെന്ന് പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി"; ഐടി വകുപ്പിനെതിരേ സഹോദരൻ

പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു