ജസ്പ്രീത് ബുംറ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും. ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിന മത്സരങ്ങളും അഫ്ഗാനിസ്ഥാനെതിരേ ഇന്ത‍്യ കളിക്കും. ഈ പരമ്പരയിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ഏകദിനം അല്ലെങ്കിൽ ടെസ്റ്റ് മാത്രമെ ബുംറ കളിക്കുകയുള്ളൂ. ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം.
ധരംശാലയിൽ വച്ച് ജൂൺ 6ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമല്ല. അതിനാൽ ബുംറയ്ക്ക് വിശ്രമം നൽകിയേക്കും. ബുംറ ടെസ്റ്റ് മത്സരം കളച്ചില്ലെങ്കിൽ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമായിരിക്കും ഇന്ത‍്യൻ ടീമിന്‍റെ ബൗളിങ് നിര കൈകാര‍്യം ചെയ്യുക.
ബുംറയെ ടീമിൽ ഉൾപ്പെടുത്തിയാൽ രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ആക്വിബ് നബിക്ക് ഇനിയും അവസരത്തിനായി കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ മൂന്ന് മത്സരം മാത്രം കളിച്ച ബുംറ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
അതിനു ശേഷം നടന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിലെയും ദക്ഷിണാഫ്രിക്കൻ പരമ്പരയിലെയും എല്ലാ മത്സരങ്ങളും ബുംറ കളിച്ചിരുന്നു. ഇത്തവണത്തെ ഐപിഎൽ സീസണിൽ ബുംറ മോശം ഫോമിലാണ്. 11 മത്സരങ്ങൾ കളിച്ച താരത്തിന് ആകെ വീഴ്ത്താനായത് 3 വിക്കറ്റുകളാണ്.
അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്ക് മുൻപ് താരത്തിന് ഫോം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ സായ് സുദർശന് ടീമിൽ ഇടം നഷ്ടമാകും.
ഏകദിനത്തിലേക്ക് വരുകയാണെങ്കിൽ പ്രിൻസ് യാദവിന് ഇത്തവണ അവസരം ലഭിച്ചേക്കും. ഐപിഎല്ലിലും കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും തീപ്പൊരി പ്രകടനമാണ് പ്രിൻസ് പുറത്തെടുത്തത്. ഹർഷിത് റാണ പരുക്കിൽ നിന്നും മോചിതനാകാത്തതു മൂലം സെലക്റ്റർമാർ പ്രിൻസിനെ പരിഗണിക്കാനാണ് സാധ‍്യത കൂടുതൽ.