സാഹിബ്സാദാ ഫർഹാൻ, ഹാരിസ് റൗഫ്.
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങളുടെ പ്രകോപനപരമായ ചെയ്തികളിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. എകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുന്നതിനെ അനുകരിച്ച പാക് ഓപ്പണർ സാഹിബ്സാദാ ഫർഹാന്‍റെയും, ഇന്ത്യൻ യുദ്ധവിമാനങ്ങൾ നിലംപൊത്തുന്നതായി അംഗവിക്ഷേപം കാട്ടിയ പേസർ ഹാരിസ് റൗഫിന്‍റെയും നടപടികളാണ് വിമർശനവിധേയമാകുന്നത്.
ഇന്ത്യയെ അപമാനിച്ച പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കണമോയെന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തി. ഏഷ്യ കപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
ഇന്ത്യയ്ക്കെതിരേ അർധ ശതകം തികച്ചശേഷമാണ് ഫർഹാൻ പ്രകോപനപരമായ ആഘോഷം നടത്തിയത്. തോക്കു പിടിച്ച് വെടിയുതിർക്കുന്നതിനെ ബാറ്റ് ഉപയോഗിച്ച് പ്രതീകാത്മകമായി അനുകരിച്ചാണ് ഫർഹാൻ ഹാഫ് സെഞ്ചുറി ആഘോഷിച്ചത്. പിന്നീട് ഇതെക്കുറിച്ചുള്ള ചോദയത്തിന്, ആളുകൾ എന്തുകരുതുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും, തനിക്കു തോന്നിയ രീതിയിൽ ആഘോഷിച്ചതാണെന്നും മറുപടി.
ഇന്ത്യ ബാറ്റ് ചെയ്യവെയാണ് റൗഫ് ഗ്യാലറിക്കുനേരെ തിരിഞ്ഞത്. സിന്ദൂർ ഓപ്പറേഷനിൽ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങൾ പാക് സൈന്യം വെടിവച്ചിട്ടെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു റൗഫിന്‍റെ അംഗവിക്ഷേപങ്ങൾ.
കളിക്കളത്തിൽ സാഹിബ്സാദാ ഫർഹാൻ കാണിച്ചത് വെറുമൊരു അംഗവിക്ഷപം മാത്രമല്ലെന്നും, പ്രശ്നങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നതാണെന്നും വിലയിരുത്തൽ. പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ എങ്ങനെയാണ് നിഷ്കരുണം കശാപ്പ് ചെയ്തതെന്ന് തന്‍റെ പ്രവൃത്തിയിലൂടെ കളിക്കളത്തിൽ തെളിയിക്കുകയായിരുന്നു ഫർഹാനെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
ഒരു പാക്കിസ്ഥാൻ കളിക്കാരൻ ഇന്ത്യയെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്നു. ഇന്ത്യൻ ജെറ്റുകളെ വെടിവച്ചിട്ടതായി അയാൾ ആംഗ്യം കാട്ടുന്നു. ഇതൊക്കെ കാണിക്കാൻ പാക്കിസ്ഥാന് എന്തിനു നമ്മൾ ലോകോത്തര വേദിയൊരുക്കിക്കൊടുക്കണം. അപ്പോൾ തന്ന കളി നിർത്തി പോരാമായിരുന്നില്ലേ- എഎപി നേതാവ് സൗരഭ് ഭരദ്വാജ് ചോദിച്ചു.
പഹൽഗാം ആക്രമണത്തെ ധ്വനിപ്പിച്ചാണ് ഫർഹാൻ അങ്ങനെ ചെയ്തതെന്നു പറഞ്ഞ് ജനം അയാളെ അപമാനിക്കുകയാണ്. ഇന്ത്യയ്ക്കുള്ളിലെ കൊലപാതകങ്ങളെയാണ് ഫർഹാൻ ഉദ്ദേശിച്ചത്- സമാജ്‌വാദി പാർട്ടിയിലെ ഷരാദ് ശരൺ വിമർശിച്ചു. അതേസമയം, പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെ എതിർക്കുന്ന പ്രതിപക്ഷം മത്സരം കണ്ട് സാബിഹ്സാദാ ഫർഹാന്‍റെ നാടകത്തിനുപോലും കൈയടിക്കുന്നതായി ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.
അവിടെ ആംഗ്യം ഇവിടെ ഒറിജിനൽ
ഹാരിസ് റൗഫിനോടു കയർക്കുന്ന അഭിഷേക് ശർമ.
പാക്കിസ്ഥാൻ മുന്നിൽവച്ച 172 എന്ന സ്കോർ ദുബായിലെ വേഗം കുറഞ്ഞ പിച്ചിൽ അത്ര മോശം സ്കോർ ആയിരുന്നില്ല. എന്നാാൽ, ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഫർഹാന്‍റെ എകെ 47 തോക്കിനു ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചു മറുപടി നൽകുന്ന പ്രതീതിയായിരുന്നു ബാറ്റിങ്ങിൽ.
ക്ലീൻ സ്ട്രൈക്കുകളിലൂടെ അഭിഷേക് പാക് ബൗളർമാരെ കളത്തിന് നാലുപാടും പറത്തി. മറുവശത്ത് തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ ഗിൽ (47, എട്ട് ഫോർ) അഭിഷേകിന് പറ്റിയ കൂട്ടാളിയായി. ഒന്നാം വിക്കറ്റിൽ ഇരുവരും പത്തോവറിനു മുൻപേ 105 റൺസ് അടിച്ചെടുത്തു. ആറു ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 39 പന്തിൽ 74 റൺസെടുത്ത അഭിഷേക് മടങ്ങുമ്പോഴേക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. പിന്നീട് തിലക് വർമയുടെ (19 പന്തിൽ 30 നോട്ടൗട്ട്) വെടിക്കെട്ട് കൂടിയായപ്പോൾ പാക്കിസ്ഥാന്‍റെ തകർച്ച പൂർണമായി.
'ഇതോ അങ്കം', പാക്കിസ്ഥാൻ ക്രിക്കറ്റിനെ ചവിട്ടിയരച്ച് സൂര്യകുമാർ യാദവ്
സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിൽ.
ദുബായ്: സമകാലിക ക്രിക്കറ്റിൽ പാക്കിസ്ഥാൻ ടീമിന്‍റെ നിലവാരത്തകർച്ചയെ രൂക്ഷമായി കടന്നാക്രമിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തെ ഇനിയൊരിക്കലും മേൽക്കോയ്മയ്ക്കയുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കരുതെന്ന് സൂര്യകുമാർ തുറന്നടിച്ചു. ഏഷ്യ കപ്പിൽ വീണ്ടും പാക്കിസ്ഥാനെ പരാജയപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൂര്യ. ഒന്നാം മത്സരത്തെ അപേക്ഷിച്ച് പാക്കിസ്ഥാൻ പ്രകടനം നിലവാരം ഉയർത്തിയോയെന്ന ചോദ്യത്തിന്, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മേധാവിത്വത്തിനുള്ള മത്സരം സംബന്ധിച്ച ചോദ്യം ഇനിയെങ്കിലും നിങ്ങൾ ഒഴിവാക്കണമെന്നായിരുന്നു സൂര്യയുടെ മറുപടി.
മേൽക്കോയ്മയ്ക്കായുള്ള മത്സരവും ഒരേ തലത്തിലുള്ള ടീമുകൾ തമ്മിലാണ് ഉണ്ടാകുക. രണ്ടു ടീമുകൾ 15 മുതൽ 20 വരെ മത്സരങ്ങൾ കളിക്കുമ്പോൾ സ്കോർ 7-7, 8-7 എന്ന നിലയിലാണെങ്കിൽ അതിനെ ആധിപത്യത്തിനായുള്ള കടുത്ത പോരാട്ടമെന്നു പറയാം. 13-0, 10-1 എന്ന നിലയിൽവന്നാൽ അതു ഒരു പോരാട്ടമേയല്ല. കൃത്യമായ കണക്ക് എനിക്കറിയില്ല- സ്കൈ വിശദീകരിച്ചു.