ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിങ്.

 
Sports

സഞ്ജുവിന് വീണ്ടും നിരാശ; അഭിഷേകിനും ശ്രേയസിനും അർധസെഞ്ചുറി

ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ്; മഴ കാരണം ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിച്ചു. ശ്രേയസ് അയ്യരും അഭിഷേക് ശർമയും ശിവം ദുബെയും തിളങ്ങിയ മത്സരത്തിൽ സഞ്ജു പരാജയമായി

Sports Desk

ചെസ്റ്റർ ലീ സ്ട്രീറ്റിൽ ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടു. സഞ്ജു സാംസണും ഇഷാൻ കിഷനും വീണ്ടും പരാജയപ്പെട്ടപ്പോൾ അഭിഷേക് ശർമയുടെ 20 ബോൾ അർധസെഞ്ചുറിയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ 68 റൺസും ഇന്ത്യയെ 189 റൺസിലേക്ക് നയിച്ചു. ശിവം ദുബെയുടെ അതിവേഗ 42 റൺസും നിർണായകമായി.

ചെസ്റ്റർ ലീ സ്ട്രീറ്റ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ചെസ്റ്റർ ലീ സ്ട്രീറ്റിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന മോശമല്ലാത്ത സ്കോർ പടുത്തുയർത്തിയിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സ് അവസാനിച്ചതിനു പിന്നാലെ പെയ്ത ശക്തമായ മഴ രണ്ടാം പകുതി പൂർണമായി കവർന്നെടുത്തു. ഇതോടെ കളി ഉപേക്ഷിക്കാൻ അമ്പയർമാർ നിർബന്ധിതരായി.

ഇന്ത്യയുടെ തുടക്കം വീണ്ടും പാളുന്ന കാഴ്ചയാണ് ചെസ്റ്റർ ലീ സ്ട്രീറ്റിൽ കണ്ടത്. ബെൽഫാസ്റ്റിൽ നേരിട്ട ബാറ്റിങ് തകർച്ചയുടെ തുടർച്ചയെന്നോണം രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി.

പരുക്കിൽ നിന്ന് മോചിതനായി ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ പേസർ സാഖിബ് മഹ്മൂദിന്‍റെ ഓവറിലെ നാലാം പന്തിൽ സഞ്ജു സാംസൺ (7 പന്തിൽ 1) പുറത്തായി. ബാക്ക്‌വേർഡ് പോയിന്‍റിൽ ടോം ബാന്‍റൺ എടുത്ത അവിശ്വസനീയ ക്യാച്ചാണ് സഞ്ജുവിനെ പുറത്താക്കിയത്. യുകെ പര്യടനത്തിലെ കഠിനമായ ആദ്യ വാരത്തിൽ സഞ്ജുവിന്‍റെ അവസാന മൂന്ന് സ്കോറുകൾ 5, 0, 1 എന്നിങ്ങനെയാണ്.

സഞ്ജു പുറത്തായ അതേ ഓവറിന്‍റെ അവസാന പന്തിൽ ഇഷാൻ കിഷൻ (2 പന്തിൽ 0) റണ്ണൗട്ടായി. തുടർച്ചയായ രണ്ടാം ഇന്നിങ്സിലാണ് കിഷൻ റണ്ണൗട്ടാകുന്നത്. ഇതോടെ ഇന്ത്യ 6 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തകർന്നു.

കളി മാറ്റിയ അഭിഷേകും ശ്രേയസും

തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം അഭിഷേക് ശർമയ്ക്ക് ഒപ്പം ചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പവർപ്ലേയിൽ ഇംഗ്ലണ്ട് ബൗളർമാരെ അടിച്ചൊതുക്കിയ അഭിഷേക് വെറും 20 പന്തിൽ അർധസെഞ്ചുറി തികച്ചു. 3 ഫോറും 6 സിക്സറുമടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ തകർപ്പൻ ഇന്നിങ്സ്. സാഖിബ് മഹ്മൂദിന്‍റെ ഒരോവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പിറന്നു. ‌

8.2 ഓവറിൽ ടീം സ്കോർ 88-ൽ നിൽക്കെ സാം കറന്‍റെ ലെഗ് കട്ടറിൽ അഭിഷേക് എൽബിഡബ്ല്യു ആയി പുറത്തായി. ശ്രേയസുമൊത്ത് 82 റൺസിന്‍റെ കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്.

ക്യാപ്റ്റന്‍റെ ഉത്തരവാദിത്വത്തോടെ പോരാട്ടം തുടർന്ന ശ്രേയസ് 38 പന്തിൽ ഫിഫ്റ്റി തികച്ചു. മധ്യ ഓവറുകളിൽ റൺറേറ്റ് താഴാതെ കാത്ത ശ്രേയസിനെ പിന്നീട് മഹ്മൂദ് എൽബിഡബ്ല്യു ആക്കുകയായിരുന്നു. 47 പന്ത് നേരിട്ട ശ്രേയസ് ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 68 റൺസെടുത്തു.

അവസാന ഓവറുകളിൽ 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ ശിവം ദുബെ (21 പന്തിൽ 42 നോട്ടൗട്ട്) ഇന്ത്യയെ 189 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. തിലക് വർമയെ (13 പന്തിൽ 13) മഹ്മൂദ് ലോ ഫുൾടോസിൽ പുറത്താക്കി.

ഇംഗ്ലണ്ട് നിരയിൽ പരുക്കിന്‍റെ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സാഖിബ് മഹ്മൂദ് 33 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ജോഫ്ര ആർച്ചർ, ജോഷ് ടംഗ് എന്നിവർക്ക് വിശ്രമം അനുവദിക്കപ്പെട്ട മത്സരത്തിൽ മഹ്മൂദ് തന്‍റെ സാന്നിധ്യം അറിയിച്ചു. സാം കറൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

കേസില്‍പ്പെട്ട് 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെടുന്ന ബില്‍; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും

രക്ഷകനായി ഹാരി കെയ്ൻ; കോംഗോയുടെ പോരാട്ടവീര്യം മറികടന്ന് ഇംഗ്ലണ്ട്

ഭൂട്ടാന്‍ വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായിച്ചി ഇന്ത്യയില്‍

കോട്ടയം എംസി റോഡില്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചു