ക്രാന്തി ഗൗഡിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന.

 
Sports

ഇന്ത്യ പാക്കിസ്ഥാനെ 88 റൺസിനു മുക്കി

ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഹർലീൻ ഡിയോളും റിച്ച ഘോഷും ക്രാന്തി ഗൗഡും ദീപ്തി ശർമയും പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ വിജയശിൽപ്പികൾ

VK SANJU

കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 88 റൺസിനു കെട്ടുകെട്ടിച്ചു. നേരത്തെ, ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ, കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ 50 ഓവറിൽ 247 റൺസിന് ഓൾഔട്ടാക്കിയിരുന്നു. എന്നാൽ, പാക്കിസ്ഥാന്‍റെ മറുപടി 43 ഓവറിൽ വെറും 159 റൺസിൽ അവസാനിച്ചു.

20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ യുവ പേസ് ബൗളർ ക്രാന്തി ഗൗഡ് ആണ് പ്ലെയർ ഒഫ് ദ മാച്ച്. ഓഫ് സ്പിന്നർ ദീപ്തി ശർമയും മൂന്ന് വിക്കറ്റ് നേടി. 46 റൺസെടുത്ത ഹർലീൻ ഡിയോൾ, 35 റൺസെടുത്ത് പുറത്താകാതെ നിന്ന റിച്ച ഘോഷ് എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.

അസുഖബാധിതയായ പേസ് ബൗളിങ് ഓൾറൗണ്ടർ അമൻജോത് കൗറിനു പകരം പേസ് ബൗളർ രേണുക സിങ് ഠാക്കൂറിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദീപ്തി ശർമക്കൊപ്പം ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത് അമൻജോത് ആയിരുന്നു.

നേരത്തെ ടോസ് നേടി ബൗളിങ് എടുക്കാൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന തീരുമാനിച്ചതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു പാക് ബൗളർമാരുടെ പ്രകടനം. ഒമ്പതോവറിൽ 48 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാർ സ്മൃതി മന്ഥനയും (23) പ്രതീക റാവലും (31) മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്കു നൽകിയത്. എന്നാൽ, തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യൻ സ്കോറിങ് നിരക്ക് ഉയരാതെ പിടിച്ചു നിർത്താൻ പാക് ബൗളർമാർക്കു സാധിച്ചു.

മൂന്നാം നമ്പറിൽ ഹർലീൻ ഡിയോളും (46) മോശമാക്കിയില്ല. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (19), ജമീമ റോഡ്രിഗ്സ് (32), ദീപ്തി ശർമ (25), സ്നേഹ് റാണ (20) എന്നിവരെല്ലാം നന്നായി തന്നെ തുടങ്ങിയെങ്കിലും വലിയ സ്കോറാക്കി മാറ്റാൻ ഇവർക്കാർക്കും സാധിച്ചില്ല.

ഇന്ത്യയുടെ ടോപ് സ്കോററായ ഹർലീൻ ഡിയോളിന്‍റെ ബാറ്റിങ്.

വിക്കറ്റ് കീപ്പർ ബാറ്ററും ഹാർഡ് ഹിറ്ററുമായ റിച്ച ഘോഷിനെ നേരത്തെ ഇറക്കാതെ കരുതിവച്ചത് അവസാന ഓവറുകളിൽ ഇന്ത്യക്കു പ്രയോജനപ്പെട്ടു. സ്ലോഗ് ഓവറുകളിൽ റിച്ച നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ സുരക്ഷിതമെന്നു കരുതാവുന്ന സ്കോറിൽ എത്തിച്ചത്. 20 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 35 റൺസെടുത്ത റിച്ച പുറത്താകാതെ നിന്നു.

എന്നാൽ, സ്നേഹ് റാണയെ പോലൊരു ബൗളിങ് ഓൾറൗണ്ടർക്കും താഴേക്ക് റിച്ചയെ മാറ്റിയത് മറ്റൊരർഥത്തിൽ തിരിച്ചടിയുമായി. മറുവശത്ത് കൃത്യമായ പിന്തുണയില്ലാതെ ബാറ്റ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു റിച്ച.

പാക്കിസ്ഥാനെതിരേ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ റിവേഴ്സ് ഹിറ്റ്.

പക്ഷേ, മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും പാക് ബാറ്റർമാർക്ക് വിജയ പ്രതീക്ഷ ഉണർത്താൻ സാധിച്ചില്ല. സ്കോർ ബോർഡിൽ 26 റൺസ് എത്തുമ്പോഴേക്കും അവരുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത സിദ്ര അമിൻ 106 പന്തിൽ 81 റൺസുമായി മത്സരത്തിലെ തന്നെ ടോപ് സ്കോററായി.

എന്നാൽ, സിദ്ര അമിനെ കൂടാതെ നതാലിയ പർവെയ്സ് (31), സിദ്ര നവാസ് (14) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്.

രാഷ്‌ട്രപതി 22ന് ശബരിമലയിൽ

"ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല"; ‌വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി: പ്രകാശ് രാജ് ചെയർമാൻ

ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്

വീരചരമം വരിച്ച സൈനികന്‍റെ സഹോദരിയെ വിവാഹവേദിയിലേക്ക് അനുഗമിച്ച് സൈനികർ|Video