ഫൈനലിനു മുൻപ് ഏഷ്യ കപ്പ് ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു.

 
Sports

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫിയോ മെഡലുകളോ സ്വീകരിക്കില്ലെന്ന ബിസിസിഐ നിലപാട് ഇന്ത്യൻ വനിതാ ടീം ആവർത്തിച്ചു. ജേതാക്കൾക്ക് കിരീടം സമ്മാനിക്കാതെ ചടങ്ങ് അവസാനിപ്പിച്ചു

VK SANJU

ദുബായ്: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഹർമൻപ്രീത് കൗറും സംഘവും എട്ടാം തവണ ഏഷ്യയുടെ ക്രിക്കറ്റ് രാജ്ഞിമാരായി. എന്നാൽ, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ചാംപ്യന്മാരായ ഇന്ത്യൻ ടീമിന് കിരീടമോ മെഡലുകളോ ഔദ്യോഗികമായി സമ്മാനിക്കാതെ സമ്മാനദാന ചടങ്ങ് അവസാനിച്ചു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചെയർമാനും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനുമായ മൊഹ്സിൻ നഖ്വിയുടെ സാന്നിധ്യമാണ് വീണ്ടും വലിയ നയതന്ത്ര തർക്കങ്ങൾക്ക് വഴിതുറന്നത്.

സമ്മാനദാന ചടങ്ങ് 50 മിനിറ്റോളമാണ് വൈകിയത്. റണ്ണേഴ്‌സ് അപ്പായ ശ്രീലങ്കൻ ടീമിന് മെഡലുകൾ നൽകിയതിന് ശേഷം ചടങ്ങ് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. 2025 മേയിലെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാൻ പ്രതിനിധികളുമായി ഹസ്തദാനം ചെയ്യുന്നതും, ചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുക്കുന്നതും ഒഴിവാക്കുന്ന നയം ബിസിസിഐ തുടരുകയാണ്. കഴിഞ്ഞ വർഷം പുരുഷ ടീം ചെയ്തതുപോലെ, പാക് ആഭ്യന്തര മന്ത്രിയിൽ നിന്ന് ട്രോഫി വാങ്ങിയിട്ടില്ലെന്ന നിലപാടിൽ വനിതാ ടീമും ഉറച്ചുനിന്നു.

ഔദ്യോഗിക ചടങ്ങ് മുടങ്ങിയതോടെ, ഇന്ത്യൻ സംഘം സ്വന്തമായി 'ബെസ്റ്റ് ഫീൽഡർ' മെഡൽ ദാനം നടത്തി! ഫീൽഡിംഗ് കോച്ച് സുഭദീപ് ഘോഷിന്‍റെ നേതൃത്വത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും ചേർന്നാണ് നന്ദനി ശർമ്മയ്ക്ക് മെഡൽ കൈമാറിയത്.

"ഞങ്ങളാണ് ചാംപ്യന്മാർ, അതു മാത്രം മതി": ഹെഡ് കോച്ച്

"ബിസിസിഐ എടുത്ത നിലപാടിനൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടൂർണമെന്‍റ് കഴിഞ്ഞു, ബിഗ് സ്ക്രീനിൽ ഇന്ത്യയാണ് ഏഷ്യൻ ചാംപ്യന്മാരെന്ന് എഴുതി കാണിച്ചിട്ടുണ്ട്. ഞങ്ങൾ ചാംപ്യന്മാരായതിൽ സന്തോഷമുണ്ട്, ഇനി ഏഷ്യൻ ഗെയിംസിലേക്കാണ് ശ്രദ്ധ," മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹെഡ് കോച്ച് അമോൽ മജുംദാർ വ്യക്തമാക്കി.

സാധാരണയായി സമ്മാനദാന വേദിയിലാണ് വിന്നിങ് ക്യാപ്റ്റനുമായുള്ള അഭിമുഖം നടത്താറുള്ളതെങ്കിലും, ഹർമൻപ്രീത് കൗറുമായി പ്രത്യേകമായിട്ടാണ് ടീമിന്‍റെ വിജയം ചർച്ച ചെയ്തത്. ഫൈനലിൽ 184 റൺസിന്‍റെ വലിയ സ്കോർ പടുത്തുയർത്തിയതിൽ ഓപ്പണർമാരായ സ്മൃതി മന്ഥനയുടെയും (59) ഷഫാലി വർമ്മയുടെയും (68) വെടിക്കെട്ട് കൂട്ടുകെട്ടിനെ ക്യാപ്റ്റൻ പ്രശംസിച്ചു.

പിന്നീട് എതിരാളികളെ ഓൾഔട്ടാക്കിയ ബൗളിങ് നിരയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ശ്രീലങ്കൻ ഇന്നിങ്സ് 111 റൺസിന് അവസാനിപ്പിച്ച് ഇന്ത്യ അനായാസ വിജയം പൂർത്തിയാക്കുകയായിരുന്നു.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്