ഹാർദിക് പാണ്ഡ‍്യ
കട്ടക്ക്: ഇന്ത‍്യക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 175 റൺസെന്ന ഭേദപ്പെട്ട സ്കോർ നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുങ്കി എൻഗിഡി മൂന്നും എൽ. സിപാംല രണ്ടു വിക്കറ്റും ഡി. ഫെരൈയ്‌രെ ഒരു വിക്കറ്റും വീഴ്ത്തി. 28 പന്തിൽ നിന്നും 6 ബൗണ്ടറിയും 4 സിക്സറും ഉൾപ്പെടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് 59 റൺസ് അടിച്ചെടുത്ത ഹാർദിക് പാണ്ഡ‍്യയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ലുങ്കി എൻഗിഡി എറിഞ്ഞ ആദ‍്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വൈസ് ക‍്യാപ്റ്റൻ ഗിൽ പുറത്തായി. നേരിട്ട ആദ‍്യ പന്തിൽ ബൗണ്ടറി പറത്തിയായിരുന്നു ഗില്ലിന്‍റെ തുടക്കം. രണ്ടാം പന്തിലും ബൗണ്ടറി പറത്താനുള്ള ഗില്ലിന്‍റെ ശ്രമം പാളുകയും മാർക്കോ യാൻസൻ ക‍്യാച്ച് കൈകളിലൊതുക്കുകയുമായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിലപ്പെട്ട 12 റൺസ് നേടി. ലുങ്കി എൻഗിഡിക്ക് തന്നെയായിരുന്നു വിക്കറ്റ്. ഏറെ നാളായി മോശം ഫോം തുടരുന്ന താരത്തിന് ഇതുവരെ ഒരു തിരിച്ചു വരവിന് സാധിച്ചിട്ടില്ല. പിന്നീട് തിലക് വർമ അൽപ്പം പൊരുതി നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു. പവർപ്ലേയിൽ മാർക്കോ യാൻസനും സിപാംലയും എൻഗിഡിയും അടങ്ങുന്ന ബൗളിങ് നിര മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പവർപ്ലേ പൂർത്തിയായപ്പോൾ ആകെ 40 റൺസാണ് ടീമിന് അടിച്ചെടുക്കാൻ സാധിച്ചത്. മാർക്കോ യാൻസൻ എറിഞ്ഞ ഒരു ഉഗ്രൻ ഓഫ് കട്ടർ അഭിഷേകിന്‍റെ ദേഹത്ത് തട്ടിയെങ്കിലും അടുത്ത പന്തിൽ സിക്സർ പറത്തിയാണ് അഭിഷേക് ശർമ മറുപടി നൽകിയത്. എങ്കിലും താരത്തിന് പിടിച്ചു നിൽകാനായില്ല. 12 പന്തിൽ 17 റൺസ് നേടി താരം പുറത്തായി. ഇതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായി ടീം.
പിന്നീട് പവർ പ്ലേ കഴിഞ്ഞപ്പോൾ ബൗളിങ്ങിനെത്തിയ പേസർ ആൻറിച്ച് നോർക്യ എറിഞ്ഞ ആദ‍്യ ഓവറിൽ ഇന്ത‍്യൻ ബാറ്റിങ് നിരയ്ക്ക് അടിച്ചെടുക്കാൻ സാധിച്ചത് ആകെ നാലു റൺസാണ്. പിന്നീട് സ്ട്രൈക്ക് നീക്കി അക്ഷർ പട്ടേലും തിലകും ടീമിനെ മുന്നോട്ടുകൊണ്ടു പോയെങ്കിലും ആ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. തിലക് വർമയെ മടക്കികൊണ്ട് ലുങ്കി എൻഗിഡി കൂട്ടുകെട്ട് പൊളിച്ചു.
തുടർന്ന് പരുക്കിനെത്തുടർന്ന് കളിക്കാതിരുന്ന ഹാർദിക് പാണ്ഡ‍്യ ക്രീസിലെത്തി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തല്ലിതകർക്കുന്ന കാഴ്ചയാണ് കട്ടക്കിലെ ബാരാബതി സ്റ്റേഡിയം സാക്ഷ‍്യം വഹിച്ചത്. എന്നാൽ മറുവശത്ത് നിന്ന് അക്ഷർ പട്ടേലിന് അതേ രീതിയിൽ ബാറ്റു വീശാനായില്ല. 21 പന്ത് നേരിട്ട താരം 23 റൺസെടുത്ത് പുറത്തായി. ശിവം ദുബെ 9 പന്തിൽ 2 സിക്സ് ഉൾപ്പെടെ 11 റൺസ് നേടി പുറത്തായി. സഞ്ജുവിനു പകരമിറങ്ങിയ ജിതേഷ് ശർമ 10 റൺസെടുത്ത് പുറത്താവാതെ നിന്നു.