ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവന്ന് സ്റ്റാർ പേസർ മുഹമ്മദ് സിറാജ്. ന്യൂസിലൻഡിനെതിരായ മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ സിറാജിനെയും ഉൾപ്പെടുത്തി. വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിൽ ഇടം നൽകി. പക്ഷേ, കളത്തിൽ ഇറങ്ങണമെങ്കിൽ ശ്രേയസ് കായികക്ഷമത തെളിയിക്കണം. പേസിലെ തുറുപ്പുചീട്ട് ജസ്പ്രീത് ബുംറയ്ക്കും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന സീരിസിൽ അവഗണിക്കപ്പെട്ട മുഹമ്മദ് സിറാജിന്‍റെ മടങ്ങിവരവിന് അവസരം ഒരുക്കിയതാണ് സെലക്‌ഷൻ കമ്മിറ്റിയുടെ പ്രധാന തീരുമാനം. അടുത്തമാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ബുംറയ്ക്ക് വിശ്രമം അനുവദിക്കണമെന്ന സെലക്‌റ്റർമാരുടെ നിലപാട് സിറാജിനെ തിരിച്ചുവിളിക്കുന്നതിലേക്ക് നയിച്ചു. സിറാജിന് പുറമെ അർഷദീപ് സിങ്ങും പ്രസിദ്ധ് കൃഷ്ണയും ഹർഷിത് റാണയും ഇന്ത്യൻ പേസ് ലൈനപ്പിൽ ഇടംപിടിക്കുന്നു. 11ന് വഡോദരയിലാണ് ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം ഏകദിനം. 14ന് രാജ്കോട്ടിലും 18ന് ഇൻഡോറിലും പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ അരങ്ങേറും.
നവംബറിൽ ഓസ്ട്രേലിയയുമായുള്ള പരമ്പരയിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഗുരുതര പരുക്കേറ്റ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയതും സർപ്രൈസ് തന്നെ. എങ്കിലും കളിക്കണമെങ്കിൽ ശ്രേയസ് കായികക്ഷമത തെളിയിക്കണം. വിജയ് ഹസാരെ ട്രോഫിയിൽ ജനുവരി ആറിന് മുംബൈയ്ക്കായി കളംതൊട്ട് ശ്രേയസിന് ഫിറ്റ്നസ് തെളിയിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
ഒരു കളിയിൽ പത്ത് ഓവർ എറിയുന്നതിനുള്ള അനുമതി ബിസിസിഐ സെന്‍റർ ഒഫ് എക്സലൻസിൽ നിന്ന് ലഭിക്കാത്തതാണ് ഹാർദിക് പാണ്ഡ്യയെ മാറ്റിനിർത്താൻ കാരണം. ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ ഹാർദിക്കിന്‍റെ ജോലിഭാരം കുറയ്ക്കുകയെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ദക്ഷിണാഫ്രിക്കയോടുള്ള പരമ്പരയിൽ പരുക്കുമൂലം മാറിനിന്ന ക്യാപ്റ്റൻ ഗില്ലിന്‍റെയും ശ്രേയസിന്‍റെയും മടങ്ങിവരവ് ഋതുരാജ് ഗെയ്ക്ക്‌വാദിനെ ഒഴിവാക്കുന്നതിലേക്ക് നയിച്ചു. റായ്പുർ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാലാം നമ്പറിൽ കളിച്ച ഋതുരാജ് ഉജ്വല സെഞ്ചുറി കുറിച്ചിരുന്നു. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ പദവി ഋഷഭ് പന്തിന് തന്നെ വീണ്ടും നൽകാനും സെലക്‌ഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ധുവ്ര് ജുറെലിന് അവസരം നഷ്ടമായി. ഇടംകൈയൻ ബാറ്റർ തിലക് വർമയ്ക്കും ഇക്കുറി പരിഗണന ലഭിച്ചില്ല. ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സാന്നിധ്യം കിവികൾക്കെതിരേ ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുമെന്നതിൽ തർക്കമില്ല. ഇരുവരും കളിക്കുന്നത് കാണികളുടെ വൻ ഒഴുക്കിന് കാരണമാകുകയും ബിസിസിഐയുടെ സാമ്പത്തിക നേട്ടം പതിന്മടങ്ങ് വർധിക്കുകയും ചെയ്യും.
ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ; ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയം), വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷദീപ് സിങ്, യശസ്വി ജയ്‌സ്വാൾ.