17 വർഷത്തെ കാത്തിരിപ്പിന് വിട; കന്നി കിരീടം സ്വന്തമാക്കി ആർസിബി

 
Sports

കാത്തിരിപ്പിനൊടുവിൽ കന്നിക്കിരീടം നേടി ആർസിബി

നായകൻ രജത് പാട്ടിദാറിന്‍റെ നേതൃത്വത്തിലുള്ള കോലിപ്പട ആരാധകർ പ്രതീക്ഷിച്ചത് നൽകി, ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണിൽ ടീം ആദ്യമായി ചാംപ്യൻമാർ

അഹമ്മദാബാദ്: നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഐപിഎല്ലിൽ കന്നിക്കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. നായകൻ രജത് പാട്ടിദാറിന്‍റെ നേതൃത്വത്തിലുള്ള കോലിപ്പട ആരാധകർ ആഗ്രഹിച്ചതു നൽകി. അഹമ്മദാബാദിലെ നരേന്ദ്രമോ ദി സ്റ്റേഡിയത്തിൽ നടത്തിയ ഫൈനലിൽ 6 റൺസിനാണ് ആർസിബിയുടെ ഐതിഹാസിക ജയം. ആദ‍്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ 191 റൺസ് മറികടക്കാൻ പഞ്ചാബ് കിങ്സിന് സാധിച്ചില്ല. 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു പഞ്ചാബിന്‍റെ ഇന്നിങ്സ്.

ആർസിബിക്കു വേണ്ടി ക്രുണാൽ പാണ്ഡ‍്യ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ടും ജോഷ് ഹേസിൽവുഡ്, റൊമാരിയോ ഷെപ്പേഡ്, യഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ പഞ്ചാബ് കിങ്സിന് ഓപ്പണർമാരായ പ്രിയാംശ് ആര‍്യയും പ്രഭ്സിമ്രാൻ സിങ്ങും മികച്ച തുടക്കം നൽകിയെങ്കിലും ടീം സ്കോർ 43ൽ നിൽക്കെ പ്രിയാംശിനെ ടീമിനു നഷ്ടമായി. പ്രിയാംശ് 24 റൺസും പ്രഭ്സിമ്രാൻ 26 റൺസും നേടി. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലീസ് മികച്ച പ്രകടനം കാഴ്ചവച്ച് ടീം സ്കോർ ഉയർത്തി. 23 പന്തിൽ 4 സിക്സറുകളും 1 ബൗണ്ടറിയും ഉൾപ്പെടെ 39 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

എന്നാൽ ടീം സ്കോർ 72ൽ നിൽക്കെ ജോഷ് ഇംഗ്ലീസിനെ പുറത്താക്കികൊണ്ട് ക്രുണാൽ പാണ്ഡ‍്യ മറുപടി നൽകി. പിന്നാലെയെത്തിയ നായകൻ ശ്രേയസ് അയ്യരെ (1) റൊമാരിയോ ഷെപ്പേഡും പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. പിന്നീട് നെഹാൽ വധേരയും ശശാങ്ക് സിങ്ങും ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആർസിബി ബൗളർമാർക്ക് മുമ്പിൽ അടിപതറി. 15 റൺസിൽ നിൽക്കെ വധേരയെ ഭുവനേശ്വർ പുറത്താക്കി.

പിന്നാലെ ക്രീസിലെത്തിയ ഹിറ്റർ മാർക്കസ് സ്റ്റോയിനിസ് ആദ‍്യ പന്തിൽ തന്നെ ഭുവനേശ്വറിനെ സിക്സർ പറത്തിക്കൊണ്ട് തുടങ്ങിയെങ്കിലും രണ്ടാം പന്തിൽ യഷ് ദയാലിന് ക‍്യാച്ച് നൽകികൊണ്ട് മടങ്ങി. ഒരുവശത്ത് ശശാങ്ക് സിങ് വിക്കറ്റ് നഷ്ടപ്പെടുത്താതെ നിലയുറപ്പിച്ച് റൺനില ഉയർത്താൻ ശ്രമിച്ചുവെങ്കിലും പിന്തുണയ്ക്കാൻ ആരുമില്ലാത്തതിനാൽ മത്സരം ആർസിബിക്ക് അനുകൂലമായി. 61 റൺസെടുത്ത ശശാങ്ക് സിങ് തന്നെയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. ഇതോടെ ഐപിഎലിന്‍റെ 18-ാം സീസണിൽ ആർസിബി കിരീടം സ്വന്തമാക്കി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഒമ്പത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 16 റൺസെടുത്ത വെടിക്കെട്ട് ഓപ്പണർ ഫിൽ സോൾട്ടിനെ ആർസിബിക്ക് ആദ്യം നഷ്ടമായി.

കൈൽ ജാമിസന്‍റെ പന്തിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പിടികൊടുത്തായിരുന്നു സോൾട്ടിന്‍റെ മടക്കം. പിന്നീട് വിരാട് കോലിക്കൊപ്പം ചേർന്ന മായങ്ക് അഗർവാൾ ബംഗളൂരു സ്കോർ മുന്നോട്ടുകൊണ്ടുപോയി. പതിനെട്ട് പന്തിൽ 24 റൺസ് നേടിയ മായങ്കിനെ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ അർഷദീപ് സിങ്ങിന്‍റെ കൈകളിലെത്തിച്ചു. രണ്ടു ബൗണ്ടറിയും ഒരു സിക്സും പറത്തിയ‌ശേഷമായിരുന്നു മായങ്ക് പുറത്തായത്.

മായങ്ക് മടങ്ങിയശേഷവും സ്കോർ കാര്യമായി ഉയർത്താൻ കോലിക്കായില്ല. ആദ്യ 35 പന്തിൽ കോലി വെറും രണ്ടു ബൗണ്ടറിയാണ് നേടിയത്. മറുവശത്ത് ക്യാപ്റ്റൻ രജദ് പാട്ടീദാറും വലിയ ആക്രമണോത്സുക പുറത്തെടുക്കാതെ വന്നപ്പോൾ ബംഗളൂരു സ്കോറിന് വേണ്ട വേഗം കൈവന്നില്ല. പാട്ടീദാറെ വിക്കറ്റിന് മുന്നിൽ കുടുക്കി ജാമിസൻ ആർസിബിയെ ഒന്നുകൂടി പ്രതിസന്ധിയിലാക്കുകയും ചെയ്തു.

ഒരു ഫോറും രണ്ടു സിക്സും പറത്തിയശേഷമാണ് പാട്ടീദാർ ഡഗ് ഔട്ടിലേക്ക് തിരിച്ചുപോയത്. മൂന്നു ബൗണ്ടറികളുമായി 35 പന്തിൽ 43 റൺസെടുത്ത കോലിയെ അസ്മത്തുള്ള ഒമർസായി സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. സ്കോറിങ്ങിലെ വേഗക്കുറവിന് പരിഹാരം കാണാതെയാണ് കോലി ക്രീസ് വിട്ടത്. അവസാന ഓവറുകളിൽ ലിയാം ലിവിങ്സ്റ്റണും (25, 2 സിക്സ്) ജാമിസനെ നമിച്ചു. എന്നാൽ ജിതേഷ് ശർമയുടെ വമ്പനടികൾ ആർസിബി സ്കോറിന് കുതിപ്പേകി. പത്ത് പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും ഉൾപ്പെടെ 24 റൺസെടുത്ത ജിതേഷിനെ വിജയകുമാർ വൈശാഖ് ബൗൾഡാക്കി. മറ്റൊരു അതിവേഗ സ്കോറർ റൊാമാരിയോ ഷെപ്പേർഡിനെ (ഒമ്പത് പന്തിൽ 17) അർഷദീപ് എൽബിഡബ്ല്യൂവാക്കി. ക്രുണാൽ പാണ്ഡ്യയും (4) ഭുവനേശ്വർ കുമാറും (1) അർഷദീപിന്‍റെ ഇരകളിൽപ്പെടുന്നു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം