എസ്. ശ്രീശാന്ത്

 

File photo

Sports

സംഘടനയ്ക്ക് അപകീർത്തി: ശ്രീശാന്തിന്‍റെ വിലക്ക് നീക്കി

മാപ്പപേക്ഷയിൽ നിരുപാധികം ഖേദം രേഖപ്പെടുത്തിയതിനെ തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി യോഗം ഏകകണ്ഠമായി വിലക്ക് പിൻവലിച്ചു

Thiruvananthapuram Bureau

തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനമായി. മാപ്പപേക്ഷ പരിഗണിച്ചാണ് നിലപാട് മാറ്റം.

സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിലാണ് നേരത്തെ ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത്. നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.

തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഔപചാരികമായി മാപ്പപേക്ഷ സമർപ്പിക്കുകയായിരുന്നു ശ്രീശാന്ത്.

ബുധനാഴ്ച ചേർന്ന കെസിഎ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകി.

വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്‍റെ സഹഉടമയായി തുടരാൻ ശ്രീശാന്തിനു സാധിക്കും. കഴിഞ്ഞ KCL സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി