കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5 ന് ദുബായിൽ തുടക്കം
ദുബായ് : കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഫ) സംഘടിപ്പിക്കുന്ന കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5ന് ദുബായ് ഖിസൈസ് റിനം സ്റ്റേഡിയത്തിൽ തുടക്കമായി. പി.ടി.എ. മുനീർ, അബൂബക്കർ, നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ, സിറാജുദ്ദീൻ, ആസ്റ്റർ മാർക്കറ്റിംഗ് ഹെഡ് സിറാജുദ്ദീൻ മുസ്തഫ, നൗഷാദ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ മബ്രൂക്ക് റിയൽ എസ്റ്റേറ്റ് സോക്കർ സ്റ്റാർസ് എസ് എഫ് ടി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഹിമാലയ കൂൾ അറക്കൽ എഫ് സി യെ കീഴടക്കി.
ആർകെ വയനാട് എഫ്സി, മുൻ ചാമ്പ്യന്മാരായ അബ്രിക്കോ എഫ്സിയെ തോൽപ്പിച്ചു. റിവേറ വാട്ടർ ഏഴിമലയും, ഒയാസിസ് കെയർ ആയുർവേദ എകെ 47 യുഎഇയും തമ്മിലുള്ള മത്സരം 1–1ന് സമനിലയിൽ കലാശിച്ചു.
നാലാം മത്സരത്തിൽ ശ്രദ്ധേയമായ തിരിച്ചടിയായിരുന്നു കണ്ടത്. ആദ്യ ഗോൾ നേടിയെങ്കിലും, ശക്തമായ തിരിച്ചുവരവിലൂടെ ലീൻ ഗ്രൂപ്പ് ജി സെവൻ അൽഐൻ 2–1ന് നിലവിലെ ചാമ്പ്യന്മാരായ ബിൻ മൂസ ഗ്രൂപ്പ് എഫ്സിയെ തോൽപിച്ചു.
ബെയ്നൂന എഫ്സി അബുദാബി- കെഡബ്ല്യു ഗ്രൂപ്പ് മത്സരം സമനിലയിൽ അവസാനിച്ചു.
സന്തോഷ് ട്രോഫി, ഐ എസ് എൽ, ടീമുകൾക്ക് വേണ്ടി കളിക്കുന്ന പ്രശസ്ത കളിക്കാർ ഈ ടൂർണമെന്‍റിലെ ടീമുകൾക്ക് വേണ്ടി ജേഴ്‌സി അണിയുന്നുണ്ട്. ഖിസൈസിലെ ടാലെന്‍റെഡ് സ്പോർട്സ് അക്കാഡമി യിലെ റിനം സ്റ്റേഡിയത്തിൽ കാണികൾക്കുള്ള പ്രവേശനം സൗജന്യമാണെന്ന് കെഫ ഭാരവാഹികൾ അറിയിച്ചു.