കെ.എൽ. രാഹുൽ
File photo
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. കെ.എൽ. രാഹുൽ ആയിരിക്കും ടീമിനെ നയിക്കുക. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പരുക്കേറ്റ് പുറത്തിരിക്കുന്നതാണ് രാഹുലിനെ ചുമതലയേൽപ്പിക്കാൻ കാരണം. ഈ ടീമിന് ഔദ്യോഗികമായി വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
ഗില്ലിന്‍റെ അഭാവത്തിൽ യശസ്വി ജയ്സ്വാൾ ആയിരിക്കും രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി. റിസർവ് ഓപ്പണറായി ഋതുരാജ് ഗെയ്ക്ക്വാദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗെയ്ക്ക്വാദ് ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. വിരാട് കോലി ടീമിൽ സ്ഥാനം നിലനിർത്തുന്നു.
ശ്രേയസ് അയ്യരുടെ ഒഴിവിൽ കളിക്കാൻ തിലക് വർമ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ എന്നിവരുണ്ട്. നിലവിൽ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ രാഹുൽ ആയതിനാൽ, ഋഷഭിനെ റിസർവ് ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മധ്യനിരയിലെ സ്ഥാനത്തിനു വേണ്ടി തിലക് വർമയുമായാകും പന്ത് മത്സരിക്കേണ്ടി വരുക. 2024 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ഏകദിനം കളിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ നിലനിർത്തിയിട്ടുണ്ട്.
പരുക്കിൽ നിന്നു മുക്തനായെങ്കിലും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ബറോഡയുടെ ടി20 ടീമിൽ ഉൾപ്പെട്ടിട്ടുള്ള ഹാർദിക് ആഭ്യന്തര ക്രിക്കറ്റിൽ കായികക്ഷമത തെളിയിച്ച ശേഷമായിരിക്കും ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കു പരിഗണിക്കുക.
പാണ്ഡ്യയുടെ സ്ഥാനത്ത് നിതീഷ് കുമാർ റെഡ്ഡിയെയാണ് പേസ് ബൗളിങ് ഓൾറൗണ്ടറായി ദേശീയ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ അവസരം നിഷേധിക്കപ്പെട്ട രവീന്ദ്ര ജഡേജയെ തിരിച്ചുവിളിച്ചപ്പോൾ അക്ഷർ പട്ടേൽ പുറത്തായി. വാഷിങ്ടൺ സുന്ദറും സ്പിൻ ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്.
മുൻനിര പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമില്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. ഇരുവർക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. അർഷ്ദീപ് സിങ് ആയിരിക്കും ടീമിലെ സീനിയർ പേസർ. കൂടെ ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവുമുണ്ട്.
മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നവംബർ 30ന് റാഞ്ചിയിലാണ് നടത്തുന്നത്. ഡിസംബർ മൂന്നിന് റായ്പുരിലും ആറിന് വിശാഖപട്ടണത്തുമാണ് അടുത്ത മത്സരങ്ങൾ.
ടീം:
രോഹിത് ശർമ
യശസ്വി ജയ്സ്വാൾ
വിരാട് കോലി
തിലക് വർമ
കെ.എൽ. രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ)
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
വാഷിങ്ടൺ സുന്ദർ
രവീന്ദ്ര ജഡേജ
കുൽദീപ് യാദവ്
നിതീഷ് കുമാർ റെഡ്ഡി
ഹർഷിത് റാണ
ഋതുരാജ് ഗെയ്ക്ക്വാദ്
പ്രസിദ്ധ് കൃഷ്ണ
അർഷ്ദീപ് സിങ്
ധ്രുവ് ജുറെൽ