മഞ്ജോത് കൽറ

 
Sports

എൽപിഎല്ലിൽ കോഴ വിവാദം; ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമ മഞ്ജോത് കൽറ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂലൈ 31 വരെ റിമാൻഡ് ചെയ്തു

Sarath Nath MS

കൊളംബോ: ലങ്ക പ്രീമിയർ ലീഗിൽ കളിക്കാരനെ കോഴ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമയും മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരവുമായ മഞ്ജോത് കൽറയെ (27) ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തു. ടൂർണമെന്‍റിന്‍റെ ആറാം സീസൺ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു അറസ്റ്റ്.

കായികരംഗത്തെ അഴിമതി തടയുന്നതിനുള്ള പ്രത്യേക അന്വേഷണ വിഭാഗമാണ് കൽറയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂലൈ 31 വരെ റിമാൻഡ് ചെയ്തു. 2018ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി ടീമിനെ കിരീടത്തിലേക്ക് നയിച്ച താരമാണ് മഞ്ജോത് കൽറ. പിന്നീട് കായിക ബിസിനസ് രംഗത്തേക്ക് കടന്ന അദ്ദേഹം ഈ വർഷം ആദ്യം ജാഫ്ന കിങ്സ് ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്തിയിരുന്നു.

എൽപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒരു കളിക്കാരന് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് കൽറയ്‌ക്കെതിരായ ആരോപണം. ഏകദേശം പത്ത് ദിവസം മുമ്പാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് ബന്ധപ്പെട്ട താരം അധികൃതരെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും പൊലീസ് അറിയിച്ചു. ശ്രീലങ്കൻ താരങ്ങളായ ഭാനുക രജപക്‌സ, അവിഷ്ക ഫെർണാണ്ടോ, ദുനിത് വെല്ലലഗെ എന്നിവരടക്കം അഞ്ച് പേരാണ് പരാതിയുമായി രംഗത്തെത്തിയത്.

എൽപിഎൽ 2026ന്‍റെ ഉദ്ഘാടന ദിവസമാണ് അറസ്റ്റ് നടന്നത്. ഉദ്ഘാടന മത്സരത്തിൽ ജാഫ്ന കിങ്സും ഗാലെ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടിയത്. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ആകെ 24 മത്സരങ്ങളാണുള്ളത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ.

കോഴ, വാതുവയ്പ്പ് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ എൽപിഎൽ മുമ്പും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം മറ്റൊരു ഫ്രാഞ്ചൈസിയുടെ ഉടമയ്ക്ക് കളിക്കാരനെ സ്വാധീനിക്കാനും വാതുവയ്പ് സംഘടിപ്പിക്കാനും ശ്രമിച്ചതായി കുറ്റം സമ്മതിച്ചതിനെ തുടർന്ന് ശ്രീലങ്കൻ കോടതി നാലു വർഷത്തെ തടവുശിക്ഷയും 2.4 കോടി ശ്രീലങ്കൻ രൂപ പിഴയും വിധിച്ചിരുന്നു.

ഇതിനിടെ, മഞ്ജോത് കൽറയുടെ സഹായി എന്നറിയപ്പെടുന്ന ഇന്ത്യൻ പൗരനായ യുവ്‌രാജ് പുഷ്പയെയും ഇതേ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെയും റിമാൻഡ് ചെയ്തു.

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര