ലാഹോർ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പാക് പട

 
Sports

ലാഹോർ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പാക് പട

93 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്

Aswin AM

ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ജയം. 93 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. നാലാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 183 റൺസിൽ കൂടാരം കയറി. പാക്കിസ്ഥാനു വേണ്ടി നൊമാൻ അലി, ഷഹീന്‍ ഷാ അഫ്രീദി എന്നിവർ നാലും സാജിദ് ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. 54 റൺസ് നേടിയ യുവ താരം ഡിവാൾഡ് ബ്രീവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ബ്രീവിസിനു പുറമെ ഓപ്പണിങ് ബാറ്റർ റ‍്യാൻ റിക്കിൾടണിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 145 പന്തുകൾ നേരിട്ട റിക്കിൾടൺ 4 ബൗണ്ടറി ഉൾപ്പടെ 45 റൺസ് നേടി. ഒന്നാം ഇന്നിങ്സിൽ 20 റൺസ് നേടിയ ക‍്യാപ്റ്റൻ ഐഡൻ മാർക്രം രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി. ആകെ 3 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം. പിന്നാലെയെത്തിയ വിയാൻ മുൾഡറിനെ (0) നൊമാൻ അലിയും ടോണി ഡി സോർസിയെ (16) ഷഹീൻ അഫ്രീദിയെയും പുറത്താക്കി.

തുടർന്ന് ട്രിസ്റ്റൻ സ്റ്റബ്സും (2) കാര‍്യമായ പ്രകടനം പുറത്തെടുക്കാനാവാതെ മടങ്ങിയതോടെ ടീം പ്രതിരോധത്തിലായങ്കെിലും അഞ്ചാം വിക്കറ്റിൽ റിക്കിൾടൺ- ബ്രീവിസ് സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് ടീമിനെ തകർച്ചയിൽ വീഴ്ത്താതെ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ ഇരുവരുടെയും കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല.

ബ്രീവിസിനെ പുറത്താക്കികൊണ്ട് നൊമാൻ അലി ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷ അവസാനിപ്പിച്ചു. പിന്നാലെയെത്തിയ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ 183 റൺസിന് ടീം ഓൾ ഔട്ടാവുകയായിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 167 റൺസിന് പുറത്തായിരുന്നു. 42 റൺസ് നേടിയ ബാബർ അസമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ സൈമൺ ഹാർമറാണ് ബാബറിനെ പുറത്താക്കിയതെങ്കിൽ രണ്ടാം ഇന്നിങ്സിൽ കാഗിസോ റബാഡയാണ് ബാബറിന്‍റെ വിക്കറ്റ് വീഴ്ത്തിയത്.

ബാബറിനു പുറമെ ഓപ്പണിങ് ബാറ്റർ അബ്ദുള്ള ഷെഫീഖ് (41), സൗദ് ഷക്കീൽ (38), മുഹമ്മദ് റിസ്‌വാൻ എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. മറ്റു താരങ്ങളെല്ലാവരും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 5 വിക്കറ്റ് നേടിയ സെനുരൻ മുത്തുസ്വാമിയാണ് പാക്കിസ്ഥാനെ തകർത്തത്. മുത്തുസ്വാമിക്കു പുറമെ സൈമൺ ഹാർമർ നാലും കാഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ ലീഡ് ഉയർത്താൻ‌ ബാറ്റേന്തിയ പാക്കിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഇമാം ഉൾ ഹഖിനെ നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ഇമാം ഉൾ ഹഖിന് രണ്ടാം ഇന്നിങ്സിൽ ഒരു റൺസ് പോലും നേടാനായില്ല.

പിന്നാലെ ക്രീസിലെത്തിയ ക‍്യാപ്റ്റൻ ഷാൻ മസൂദിന് ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 7 റൺസെടുത്ത് താരം മടങ്ങി. തുടർന്ന് ടീം സ്കോർ 64ൽ നിൽക്കെ അബ്ദുള്ള ഷഫീക്കിനെയും പാക്കിസ്ഥാന് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ബാബർ- സൗദ് ഷക്കീൽ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് പാക്കിസ്ഥാന് തുണയായി.

എന്നാൽ ബാബറിനെ റബാഡയും സൗദ് ഷക്കീലിനെ മുത്തുസ്വാമിയും പുറത്താക്കികൊണ്ട് കൂട്ടുകെട്ട് തകർത്തു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ പാക്കിസ്ഥാന്‍റെ ഇന്നിങ്സ് 167 റൺസിൽ അവസാനിക്കുകയായിരുന്നു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്