പ്രൈം വോളി: ഡല്‍ഹി തൂഫാന്‍സിനെ 3-0ന് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സിന്‍റെ ജൈത്രയാത്ര

 
Sports

പ്രൈം വോളി: ഡല്‍ഹി തൂഫാന്‍സിനെ 3-0ന് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സിന്‍റെ ജൈത്രയാത്ര

കാര്‍ലോസ് ബെറിയോസിന്‍റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ ഡല്‍ഹി സൂപ്പര്‍ പോയിന്‍റ് നേടി.

Sports Desk

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ തുടര്‍ച്ചയായ മൂന്നാംജയം കുറിച്ച് മുംബൈ മിറ്റിയോഴ്‌സിന്‍റെ കുതിപ്പ്. ഡല്‍ഹി തൂഫാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തു. സ്‌കോര്‍: 15-12, 15-10, 15-11. ഓം ലാഡ് വസന്ത് ആണ് കളിയിലെ താരം. മുഹമ്മദ് ജാസിമിന്‍റെ തകര്‍പ്പന്‍ സെര്‍വിലൂടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. എന്നാല്‍ അഭിനവ് സലാര്‍ അതിന് സൂപ്പര്‍ പോയിന്‍റിലൂടെ മറുപടി നല്‍കി. ഡല്‍ഹി പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയെങ്കിലും മുംബൈ ശുഭം ചൗധരിയിലൂടെ എതിര്‍കോര്‍ട്ടിലെ വിടവുകള്‍ കണ്ടെത്തി. ക്യാപ്റ്റന്‍ അമിത് ഗുലിയയുടെ സെര്‍വീസ് ഡല്‍ഹി ലിബെറോ ആനന്ദിനെ സമ്മര്‍ദത്തിലാക്കി. അതേസമയം, കാര്‍ലോസ് ബെറിയോസിന്‍റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ ഡല്‍ഹി സൂപ്പര്‍ പോയിന്‍റ് നേടി.

സഖ്‌ലെയ്ന്‍ താരിഖ് ഡല്‍ഹിയെ മുന്നില്‍നിന്ന് നയിച്ച് സഹതാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. വിജയകരമായ റിവ്യൂവിലൂടെ അവര്‍ ആത്മവിശ്വാസം നേടുകയും ചെയ്തു. പക്ഷേ, ഹെസ്യൂസ് ചൗറിയോയുടെ കരുത്തുറ്റ ഷോട്ട് അഭിനവ് നയിക്കുന്ന മൂന്നംഗ ബ്ലോക്കര്‍മാര്‍ തടഞ്ഞതോടെ മോഹം പൊലിഞ്ഞു. അഭിനവിന്‍റെ മറ്റൊരു സെര്‍വില്‍ സൂപ്പര്‍ പോയിന്‍റ് പിടിച്ച് മുംബൈ കളിയുടെ നിയന്ത്രണം പൂര്‍ണമായും നേടി. സെറ്റര്‍ ഓം ലാഡ് വസന്തിന്‍റെ മികച്ച പാസുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കി.

കളി കൈയില്‍നിന്ന് പോകുന്നതിനിടെ ഡല്‍ഹി ചൗറിയോയുടെ കരുത്തില്‍ കളം പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, തകര്‍പ്പന്‍ പ്രത്യാക്രമണമായിരുന്നു മുംബൈയുടെ മറുപടി. വിദേശ താരങ്ങളായ മതിയാസ് ലോഫ്റ്റന്‍സെസും പീറ്റര്‍ അല്‍സ്റ്റാഡ് ഒസ്റ്റിവിക്കും മികച്ച ബ്ലോക്കുകളിലൂടെ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയം പൂര്‍ത്തിയാക്കി. ഇന്ന് വൈകിട്ട് 6.30ന് ഗോവ ഗാര്‍ഡിയന്‍സും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും.

കൊച്ചിയിൽ 80 ലക്ഷം കവർന്നതിൽ ദുരൂഹത; നോട്ടിരട്ടിപ്പ് ഇടപാടെന്ന് സംശയം

മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകുന്നത് തടഞ്ഞത് ആരാണ്? കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് മോദി

ഭിന്നശേഷി സംവരണത്തില്‍ പ്രശ്നം പരിഹരിച്ചു പോകും: വി. ശിവന്‍കുട്ടി

വ്യാഴാഴ്ച ഡോക്റ്റർമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു