Prime Volley season 4 curtain raiser
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിന് വ്യാഴാഴ്ച തുടക്കം. ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വ്യാഴാഴ്ച രാത്രി 8.30ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് നിലവിലുള്ള ജേതാവായ കാലിക്കറ്റ് ഹീറോസിനെ നേരിടും. സോണി നെറ്റ്‌വര്‍ക്കിലും പ്രൈം വോളിബോളിന്‍റെ യൂട്യൂബ് പേജിലും മത്സരങ്ങള്‍ തത്സമയം കാണാം.
പത്ത് ടീമുകളാണ് ഇക്കുറി പിവിഎൽ കിരീടത്തിന് പോരടിക്കുന്നത്. ആകെ 38 മത്സരങ്ങൾ. ഗോവ ഗാര്‍ഡിയന്‍സ് കൂടി വന്നതോടെയാണ് ലീഗിലെ ഫ്രാഞ്ചൈസികളുടെ എണ്ണം ഉയർന്നത്. ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് ടൂർണമെന്‍റ്. ഓരോ ടീമും ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ കളിക്കും. പോയിന്‍റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർ ഒക്റ്റോബർ 24ലെ സെമിഫൈനലിലേക്ക് മുന്നേറും. 26നാണ് ഫൈനല്‍.
പൂൾ എ:
ഗോവ ഗാര്‍ഡിയന്‍സ്
ചെന്നൈ ബ്ലിറ്റ്‌സ്
കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
ബെംഗളൂരു ടോര്‍പ്പിഡോസ്
കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്
പൂൾ ബി
ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സ്
ഡല്‍ഹി തൂഫാന്‍സ്
അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്
മുംബൈ മിറ്റിയോര്‍സ്
കാലിക്കറ്റ് ഹീറോസ്
സാധ്യതകൾ
കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കാലിക്കറ്റ് ഹീറോസ് തന്നെയാണ് ഈ സീസണിലെയും ശ്രദ്ധാകേന്ദ്രം.
കഴിഞ്ഞ ഫൈനലില്‍ കാലിക്കറ്റിനോട് തോറ്റ ഡല്‍ഹി തൂഫാന്‍സ് ഉള്‍പ്പെടെയുള്ള എതിരാളികളില്‍ നിന്ന് ശക്തമായ വെല്ലുവിളി ഹീറോസ് നേരിടേണ്ടിവരും.
മുന്‍ സീസണുകളില്‍ നിരാശപ്പെടുത്തിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഇത്തവണ ഇന്ത്യന്‍ താരം വീനിത് കുമാറിന്‍റെ ക്യാപ്റ്റന്‍സിയിലാണ് കോര്‍ട്ടിലിറങ്ങുന്നത്. മിഡില്‍ബ്ലോക്കര്‍ ജസ്‌ജോധ് സിങ് ഉള്‍പ്പെടെ മികച്ച ആഭ്യന്തര-വിദേശ താരങ്ങളും ടീമിനൊപ്പമുണ്ട്.
ആതിഥേയരായ ഹൈദരാബാദും ശക്തമായ നിരയെയാണ് അണിനിരത്തുന്നത്.
അമെരിക്കന്‍ സെറ്റര്‍ മാറ്റ് വെസ്റ്റിനെ ക്യാപ്റ്റനായി നിയമിച്ച് ബെംഗളൂരു ടോര്‍പ്പിഡോസും അവരുടെ ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു.
ആദ്യ സീസണിലെ ചാംപ്യനായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ടീം നിരാശപ്പെടുത്തിയിരുന്നു.
യുവനിരയെ അണിനിരത്തുന്ന മുംബൈ മിറ്റിയോര്‍സും കിരീടത്തില്‍ കുറഞ്ഞൊന്നും ഉന്നമിടുന്നില്ല.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്താറുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്താനുള്ള അവരുടെ ദൗത്യം തുടരും.
മുന്‍ കാലിക്കറ്റ് താരമായ ജെറോം വിനീതിനെ കളത്തിലിറക്കിയാണ് ചെന്നൈ ബ്ലിറ്റ്‌സ് അങ്കത്തിനിറങ്ങുന്നത്.
ഇന്ത്യന്‍ താരം ചിരാഗ് യാദവിന്‍റെ നേതൃത്വത്തിലായിരിക്കും ഗോവ ഗാര്‍ഡിയന്‍സിന്‍റെ പ്രൈം വോളി അരങ്ങേറ്റം.