കുമാർ സംഗക്കാര
ജയ്പൂർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ മുഖ‍്യ പരിശീലകനായി കുമാർ സംഗക്കാരയെ നിയമിച്ചു. മുൻ പരിശീലകനായ രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഇത്തവണ ഐപിഎല്ലിൽ സംഗക്കാരയെത്തുന്നത്. 2025 ഐപിഎൽ സീസണിലെ ടീമിന്‍റെ ദയനീയ പ്രകടനത്തിനു പിന്നാലെയായിരുന്നു രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
2025ൽ പ്ലേ ഓഫിൽ പ്രവേശിക്കാൻ പോലും രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. 14 മത്സരങ്ങളിൽ നിന്നും നാലു മത്സരങ്ങളിൽ മാത്രമായിരുന്നു ടീമിനു വിജയിക്കാനായിരുന്നത്. പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ ഫിനിഷ് ചെയ്തത്.
2021 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിന്‍റെ മുഖ‍്യ പരിശീലകനായിരുന്നു കുമാർ സംഗക്കാര. മുഖ‍്യ പരിശീലകനായി തിരിച്ചെത്താൻ സാധിച്ചതിൽ ബഹുമതി തോന്നുന്നുവെന്നും തന്നോടൊപ്പം ശക്തമായ പരിശീലക ടീം ഉള്ളതിൽ സന്തോഷം തോന്നുന്നതായും സംഗക്കാര പ്രസ്താവനയിലൂടെ അറിയിച്ചു.