ചെന്നൈ: രജനികാന്ത് ഡബിൾ റോളിൽ അഭിനയിക്കുമ്പോൾ ഒരു കഥാപാത്രം മീശ വച്ചും ഒരാൾ മീശയില്ലാതെയും അഭിനയിക്കുന്നതു പോലെയാണ് സഞ്ജു സാംസണും സൂര്യകുമാർ യാദവും എന്ന് ആർ. അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്‍റെയും മലയാളി താരത്തിന്‍റെയും പുറത്താകലുകളിലെ സമാനത വ്യക്തമാക്കുന്നതിനാണ് രജനികാന്തിന്‍റെ ഉദാഹരണം അശ്വിൻ ഉപയോഗിച്ചിരിക്കുന്നത്.
ബോഡിലൈനിൽ എറിയുന്ന ഷോർട്ട് പിച്ച് പന്തുകൾ ഉപയോഗിച്ചാണ് ഇംഗ്ലണ്ട് പേസ് ബൗളർമാർ സഞ്ജുവിനും സൂര്യക്കും കെണിയൊരുക്കിയത്. ഇരുവരും വളരെ കൃത്യമായി അതിൽ ചെന്നു ചാടിക്കൊടുക്കുകയും ചെയ്തു. ഇരുവരും നന്നായി കളിക്കുന്ന ലെങ്തിലുള്ള പന്തിന്‍റെ ലൈൻ മാറ്റി പ്രയോഗിച്ചാണ് ഇംഗ്ലണ്ട് ബൗളർമാർ ഇവർക്കു മേൽ ആധിപത്യം സ്ഥാപിച്ചത്.
സമാനമായ പന്തുകളിൽ സമാനമായ തെറ്റുകൾ വരുത്തിയാണ് സഞ്ജുവും സൂര്യയും തുടർച്ചയായി പുറത്തായത് എന്ന വസ്തുത തന്നെ അമ്പരപ്പിച്ചെന്നാണ് അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറയുന്നത്. ഇംഗ്ലണ്ട് പേസ് ബൗളർമാർ ഉപയോഗിക്കുന്ന തന്ത്രം വ്യക്തമായ ശേഷവും ഇരുവരും തെറ്റ് ആവർത്തിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ മത്സരങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് മനസിലാക്കാം. പക്ഷേ, ഒരു പരമ്പരയിൽ ഉടനീളം ഇത് ആവർത്തിക്കുന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും അശ്വിൻ പറയുന്നു.
മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും, അതാണ് സഞ്ജുവിന്‍റെ പ്രശ്നമെന്നും അശ്വിൻ വിലയിരുത്തുന്നു. സൂര്യകുമാർ യാദവ് ശൈലി മാറ്റാൻ സമയമായെന്നും അശ്വിന്‍റെ ഉപദേശം.