സീനിയര്‍ ഫുട്‌ബോള്‍: കോട്ടയം സെമിഫൈനലില്‍
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡിനെ തോല്‍പ്പിച്ച് കോട്ടയം സെമിഫൈനലില്‍ പ്രവേശിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ ജയം. 23ാം മിനിറ്റില്‍ സാല്‍ അനസിലൂടെ മുന്നിലെത്തിയ കോട്ടയത്തെ, 61ാം മിനിറ്റില്‍ കൃഷ്ണരാജിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ കാസര്‍ഗോഡ് ഒപ്പം പിടിച്ചു. എന്നാല്‍ 82ാം മിനിറ്റില്‍ ക്യാപ്റ്റന്‍ നിതിന്‍ വില്‍സണ്‍ നേടിയ ഗോളിലൂടെ കോട്ടയം വിജയം ഉറപ്പിക്കുകയായിരുന്നു.
കൊല്ലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് തൃശൂര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തുല്യരുടെ പോരാട്ടത്തില്‍ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല.
69ാം മിനിറ്റില്‍ എസ്തപാനോസ് ലിബിന്‍ ആണ് തൃശൂരിന്‍റെ വിജയഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂര്‍ മലപ്പുറത്തെ നേരിടും. പത്തനംതിട്ടയെ 9 ഗോളുകള്‍ക്ക് തകര്‍ത്താണ് മലപ്പുറത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. കോഴിക്കോടും ഇടുക്കിയും തമ്മിലാണ് മറ്റൊരു മത്സരം.