16 റൺസ് മാത്രം വഴങ്ങിയ വിദർഭ പേസ് ബൗളർ യാഷ് ഠാക്കൂർ കേരളത്തിന്‍റെ അഞ്ച് വിക്കറ്റ് പിഴുതു.

 
Sports

മുഷ്താഖ് അലി ട്രോഫി: കേരളത്തിനു രണ്ടാം തോൽവി

സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ, കേരളത്തിനു വേണ്ടി രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും അർധ സെഞ്ചുറികൾ നേടി.

Sports Desk

ലഖ്നൗ: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിനു രണ്ടാം തോൽവി. നാലാം മത്സരത്തിൽ വിദർഭയോട് ആറ് വിക്കറ്റ് തോൽവിയാണ് സഞ്ജു സാംസൺ നയിച്ച ടീം വഴങ്ങിയത്. ടോസ് നേടിയ വിദർഭ ക്യാപ്റ്റൻ ഹർഷ് ദുബെ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. കേരളം 19.2 ഓവറിൽ 164 റൺസിന് ഓൾഔട്ടായി. വിദർഭ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയും ചെയ്തു.

ഓപ്പണറായിറങ്ങിയ സഞ്ജു സാംസൺ ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ, രോഹൻ കുന്നുമ്മലിന്‍റെയും വിഷ്ണു വിനോദിന്‍റെയും അർധ സെഞ്ചുറികളാണ് കേരളത്തെ മാന്യമായ സ്കോറിലെത്തിച്ചത്. നാല് പന്ത് നേരിട്ട സഞ്ജുവിന് ഒരു റൺ മാത്രമേ നേടാനായുള്ളൂ. സഹ ഓപ്പണർ രോഹൻ 35 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതം 58 റൺസെടുത്തു. 38 പന്ത് നേരിട്ട വിഷ്ണു, ഒരു ഫോറും ആറു സിക്സും സഹിതം 65 റൺസും നേടി.

എന്നാൽ, ഇവരെ കൂടാതെ അബ്ദുൾ ബാസിത് (16) മാത്രമാണ് കേരള ബാറ്റർമാരിൽ രണ്ടക്ക സ്കോർ കണ്ടെത്തിയത്. വിദർഭയ്ക്കു വേണ്ടി ഐപിഎൽ താരം യാഷ് ഠാക്കൂർ 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അധ്യയൻ ഘനശ്യാം ദാഗ മൂന്നും നചികേത് ഭൂതെ രണ്ടും വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ വിശ്വസ്തനായ ഓപ്പണർ അഥർവ തയ്ദെ വിദർഭയ്ക്ക് ഉറച്ച തുടക്കം നൽകി. അഞ്ചാം ഓവറിൽ അമൻ മൊഖാഡെയുടെ (8) വിക്കറ്റ് വീണെങ്കിലും അതിനകം സ്കോർ ബോർഡിൽ 48 റൺസ് എത്തിയിരുന്നു. 36 പന്തിൽ 54 റൺസാണ് തയ്ഡെ നേടിയത്.

ഘനശ്യാം ദാഗ (16), ധ്രുവ് ഷോരെ (22) എന്നിവരെ കൂടി പുറത്താക്കാൻ കേരള ബൗളർമാർക്കു സാധിച്ചെങ്കിലും, വിക്കറ്റ് കീപ്പർ ശിവം ദേശ്മുഖ് (29*), വരുൺ ബിഷ്ട് (22*) എന്നിവർ കൂടുതൽ നഷ്ടമില്ലാതെ വിദർഭയെ ജയത്തിലെത്തിച്ചു.

ഇൻഫോം ഫാസ്റ്റ് ബൗളർ കെ.എം. ആസിഫിന്‍റെ അഭാവം കേരള ബൗളിങ് നിരയെ ദുർബലമാക്കി. പകരം കളിച്ച സഞ്ജുവിന്‍റെ സഹോദരൻ സാലി സാംസൺ മൂന്നോവറിൽ 25 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. എൻ.എം. ഷറഫുദ്ദീൻ, എം.ഡി. നിധീഷ്, അബ്ദുൾ ബാസിത്, വിഘ്നേഷ് പുത്തൂർ എന്നിവർക്ക് ഓരോ വിക്കറ്റ്.

ദുരന്തമായി പാക്കിസ്ഥാന്‍റെ ദുരിതാശ്വാസം; ശ്രീലങ്കയ്ക്കു നൽകിയത് പഴകിയ ഭക്ഷണം

പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം

സഞ്ചാര്‍ സാഥി സ്വകാര്യതയിലേക്കുള്ള കടന്നാക്രമണം: കെ.സി. വേണുഗോപാല്‍ എംപി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ചെന്നൈയിൽ റെഡ് അലർട്ട്

ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങൾ പാക്കിസ്ഥാൻ പുനർനിർമിച്ചു