ദുബായ്: ഐസിസി ട്വന്‍റി-20 ലോക റാങ്കിങിൽ സഞ്ജു സാംസണിന് വൻ മുന്നേറ്റം. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-)ം സ്ഥാനത്താണ് സഞ്ജു. സഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങാണിത്.
ലോകകപ്പിന് മുൻപ് 65)ം റാങ്കിലായിരുന്ന സഞ്ജു 44 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ലോകകപ്പിലെ മികച്ച താരമായിരുന്നു സഞ്ജു. ലോകകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തോടെ 875 പോയിന്‍റുമായി അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി.
321 റൺസുമായി ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ രണ്ടാംസ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് രണ്ട് സ്ഥാനം നഷ്ടപ്പെട്ട് ഒൻപതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ വരുൺ ചക്രവർത്തിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ലോകകപ്പ് സൂപ്പർ 8 മുതൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാതിരുന്ന വരുൺ 740 റാങ്കുമായി രണ്ടാംസ്ഥാനത്താണ്. ലോകകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തോടെ ജസ്പ്രീത് ബുംറ ആറാംസ്ഥാനത്തേക്ക് ഉയർന്നു. അക്സർ പട്ടേൽ 17)ം സ്ഥാനത്താണ് ഉള്ളത്. ആൾ റൗണ്ടർമാരിൽ സിക്കിന്ദർ റാസയും ഹാർദിക് പാണ്ഡ്യയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു.