വിഘ്നേഷ് പുത്തൂർ

 
Sports

കേരളം കാണാത്ത സ്പിന്നറെ മുംബൈ ഇന്ത്യൻസ് കണ്ടെത്തി; ചെന്നൈക്കെതിരേ അരങ്ങേറ്റം ഗംഭീരമാക്കി വിഘ്നേഷ്

മുംബൈ ഇന്ത്യൻസിന്‍റെ നെറ്റ്സിൽ വിഘ്നേഷിനെ നേരിട്ട രോഹിത് ശർമയും സൂര്യകുമാർ യാദവും തിലക് വർമയും പറഞ്ഞു- ഇവനെ നേരിടാൻ എളുപ്പമല്ല. അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർമാരും അതു തിരിച്ചറിഞ്ഞു

ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഇത്തവണത്തെ ഐപിഎൽ ക്യാംപെയ്ൻ തുടങ്ങിയ മുംബൈ ഇന്ത്യൻസ് തോറ്റു. പക്ഷേ, തോൽവിയിലും അവർക്ക് ആഘോഷിക്കാനൊരു കണ്ടെത്തലുണ്ട്- വിഘ്നേഷ് പുത്തൂർ; സ്പിൻ ബൗളർമാർക്കിടയിലെ റെയർ ബ്രീഡ്; ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ; മലയാളി!

ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർമാരുടെ (ചൈനാമാൻ) ഗണത്തിൽ അറിയപ്പെടുന്ന ഒരേയൊരു പേര് കുൽദീപ് യാദവിന്‍റേതാണ് എന്നതു തന്നെ വിഘ്നേഷിന്‍റെ വ്യത്യസ്തതയ്ക്ക് ഉദാഹരണം. എന്നാൽ, 24 വയസായിട്ടും കേരള ടീമിനു വേണ്ടി ഒരു ഫോർമാറ്റിലും വിഘ്നേഷിനു സീനിയർ ടീമിൽ കളിക്കാൻ അവസരം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം.

എസ്. മിഥുനെയും സിജോമോൻ ജോസഫിനെയും പോലുള്ള സ്പിന്നർമാർ ഉണ്ടായിട്ടും കേരളത്തിന് ആഭ്യന്തര ടൂർണമെന്‍റുകളിൽ ജലജ് സക്സേനയെയും ആദിത്യ സർവാതെയെയും പോലുള്ള അതിഥി താരങ്ങളാണ് ആശ്രയം.

എന്നാൽ, കേരളത്തിന്‍റെ സെലക്റ്റർമാർക്കോ ക്രിക്കറ്റ് ബോർഡിനോ കണ്ടെത്താൻ ഇതുവരെ കഴിയാതിരുന്ന വിഘ്നേഷിന്‍റെ പ്രതിഭ മുംബൈ ഇന്ത്യൻസ് ടാലന്‍റ് സ്കൗട്ടിനു കണ്ടെത്താൻ സാധിച്ചു. കേരള പ്രീമിയർ ലീഗിൽ ആലപ്പി റിപ്പിൾസിനു വേണ്ടി നടത്തിയ പ്രകടനത്തോടെയാണ് ഈ മലപ്പുറംകാരൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തുടർന്ന്, കഴിഞ്ഞ നവംബറിൽ ഐപിഎൽ മെഗാ ലേലത്തിനു മുൻപ് മുംബൈ ഇന്ത്യൻസിന്‍റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം കിട്ടി.

അവിടെ ബൗളിങ് കോച്ച് പരസ് മാംബ്രെ ശ്രദ്ധിച്ചത് വിഘ്നേഷിന്‍റെ വ്യത്യസ്തതയാണ്. ഒപ്പം, പന്ത് നന്നായി സ്പിൻ ചെയ്യുന്നു, ആവശ്യമായ സ്ഥലത്ത് കൃത്യമായി പിച്ച് ചെയ്യിക്കുന്നു. അത്രയും മതിയായിരുന്നു മാംബ്രെയ്ക്ക്. കഴിവിനാണ് മുംബൈ ഇന്ത്യൻസ് എന്നും പ്രഥമ പരിഗണന നൽകുന്നതെന്നും, ഏതു ലെവലിൽ എത്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നത് അപ്രസക്തമാണെന്നും മാംബ്രെയുടെ സാക്ഷ്യം. ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളറെ ഇന്ത്യക്കു സമ്മാനിച്ച മുംബൈ ഇന്ത്യൻസ് മാനെജ്മെന്‍റിനെ അക്കാര്യത്തിൽ വിശ്വസിക്കാം.

സെലക്ഷൻ ട്രയൽസിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വിഘ്നേഷിനെ മുംബൈ 30 ലക്ഷം രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കി. തുടർന്ന് നേരേ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. അവിടെ മുംബൈ ഇന്ത്യൻസ് കേപ്പ് ടൗണിനു വേണ്ടി നെറ്റ്സിൽ പന്തെറിഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ബാറ്റർമാർക്കെതിരേ പന്തെറിയാൻ കിട്ടിയ അനുഭവം ഏറെ പ്രയോജനപ്പെടുകയും ചെയ്തു.

നാട്ടിലെത്തി മുംബൈ ഇന്ത്യൻസിന്‍റെ നെറ്റ്സിൽ വിഘ്നേഷിനെ നേരിട്ട രോഹിത് ശർമയും സൂര്യകുമാർ യാദവും തിലക് വർമയും ഒരേ സ്വരത്തിൽ പറഞ്ഞു- ഇവനെ നേരിടാൻ ഒട്ടും എളുപ്പമല്ല. മുംബൈ ഇന്ത്യൻസിന്‍റെ ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂട്ടായി അരങ്ങേറ്റം കുറച്ച മത്സരത്തിൽ ചെന്നൈ ബാറ്റർമാരും അതു തിരിച്ചറിഞ്ഞു.

അർധ സെഞ്ചുറി കടന്ന ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരുന്നു വിഘ്നേഷിന്‍റെ ആദ്യ ഇര. സ്ട്രെയ്റ്റ് ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള ശ്രമം പരാജയം. സ്പിൻ ബൗളിങ്ങിനെതിരേ മികച്ച റെക്കോഡുള്ള ശിവം ദുബെയും ദീപക് ഹൂഡയും സമാനമായി വിഘ്നേഷിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി.

ഒറ്റ നോട്ടത്തിൽ ഹിറ്റ് ചെയ്യാവുന്ന പന്ത് തന്നെയായിരുന്നു മൂന്നും. എന്നാൽ, ബാറ്റർമാരെ കബളിപ്പിക്കാൻ സാധിക്കും വിധം കുറഞ്ഞ വേഗത്തിലായിരുന്നു മൂന്നു പന്തും. ക്രിക്കറ്റർമാർ സ്റ്റേറ്റ് ടീമുകളിൽനിന്ന് ഐപിഎല്ലിലേക്ക് പോകുന്നതിനു പകരും, ഐഎപിഎൽ ടീമുകൾ സ്വന്തം നിലയ്ക്ക് പ്രതിഭകളെ കണ്ടെത്തുന്നത് ഇപ്പോൾ പുതുമയല്ല. അതിൽ ഏറ്റവും പുതിയ പേരാണ് കേരളത്തിൽ നിന്നുള്ള, മലപ്പുറംകാരനായ, വിഘ്നേഷ് പുത്തൂരിന്‍റേത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു