ചിലിയൻ ക്ലബ് കോളോ-കോളോയുടെ ജെഴ്സിയുമായി വോസീന്യ.

 
Sports

വോസീന്യ ഇനി ചിലിയിൽ പന്തുതട്ടും

ലോകകപ്പ് തിളക്കത്തിന് പിന്നാലെ പുതിയ ചരിത്രമെഴുതാൻ കേപ് വെർദെ ഗോൾകീപ്പർ വോസീന്യ; ചിലിയൻ ക്ലബ് കൊളോ-കൊളോയിൽ എത്തി

Sports Desk

സാന്‍റിയാഗോ: ലോകകപ്പിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തിൽ കേപ് വെർദെ ഗോൾകീപ്പർ വോസീന്യ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവിലേക്ക്. ചിലിയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബായ 'കൊളോ-കൊളോ'യുമായുള്ള കരാർ ഒപ്പിട്ട 40 വയസുകാരനായ താരം ഔദ്യോഗികമായി ടീമിനൊപ്പം ചേർന്നതായി അറിയിച്ചു.

പോർച്ചുഗലിലെ രണ്ടാം നിര ക്ലബ്ബായ ചാവെസ് ഉൾപ്പെടെ താരതമ്യേന ചെറിയ ക്ലബ്ബുകളിൽ കരിയർ ചെലവഴിച്ച വോസീന്യയ്ക്ക്, ലോകകപ്പിലെ മിന്നും പ്രകടനമാണ് വലിയൊരു അവസരം നേടിക്കൊടുത്തത്.

"തീരുമാനമെടുക്കാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ചെറിയ ലീഗുകളിലും പ്രമുഖമല്ലാത്ത ക്ലബ്ബുകളിലും കളിച്ചെങ്കിലും, ഉള്ളിന്‍റെ ഉള്ളിൽ ഞാൻ ഒരു ബിഗ് ക്ലബ് പ്ലെയർ ആണെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. അതുകൊണ്ട് കൊളോ-കൊളോ എന്നെ തേടിയെത്തിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല," വാര്‍ത്താസമ്മേളനത്തിൽ വോസീന്യ പറഞ്ഞു.

നിരവധി ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും ചിലിയൻ ക്ലബ്ബ് തന്നെയായിരുന്നു തന്‍റെ ആദ്യ ചോയ്സ് എന്ന് ജോസിമർ എവോര ഡിയാസ് എന്ന വോസീന്യ വ്യക്തമാക്കി. പോർച്ചുഗീസ് ഭാഷയിൽ 'മുത്തശ്ശി' എന്നാണ് 'വോസീന്യ' എന്ന വിളിപ്പേരിന്‍റെ അർത്ഥം.

കളിക്കാരുടെ ജഴ്സിയിൽ അവരുടെ ഔദ്യോഗിക കുടുംബപ്പേര് മാത്രമേ പതിക്കാവൂ എന്ന ചിലിയൻ ഫുട്ബോൾ നിയമം ഈ കരാറിന് ചെറിയൊരു പ്രതിസന്ധിയായിരുന്നു. എന്നാൽ, താരം വർഷങ്ങളായി ഉപയോഗിക്കുന്ന 'വോസീന്യ' എന്ന പേരിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ചിലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രത്യേക ഇളവ് അനുവദിച്ചു.

സ്പെയിൻ, ഉറുഗ്വെ, അർജന്‍റീന തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരെയുള്ള മികച്ച പ്രകടനത്തിലൂടെയാണ് വോസീന്യ ആഗോള ശ്രദ്ധ നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്‍റെ എണ്ണം അമ്പതിനായിരത്തിൽ നിന്ന് മൂന്നു കോടിയിലെത്തിച്ചു.

ഫിഫ ലോകകപ്പ് മികച്ച ഇലവനിൽ ഇടം നേടിയ ഈ ഗോൾകീപ്പർ, ലാറ്റിനമെരിരിക്കൻ ഫുട്ബോളിലും തന്‍റെ മികവ് ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ്. വരുന്ന ഞായറാഴ്ച യൂണിയൻ ലാ കാലെറയ്‌ക്കെതിരായ മത്സരത്തിൽ താരം കൊളോ-കൊളോയ്ക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്!

മൂന്ന് ചക്രവാതച്ചുഴികൾ; കേരളത്തിൽ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിതിൻ ഗഡ്കരിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

നേപ്പാളിലെ ഗണ്ഡകി പ്രവിശ‍്യയിൽ കഞ്ചാവ് കൃഷി‍യും മരുന്നിന് വേണ്ടിയുള്ള ഉപയോഗവും നിയമവിധേയമാക്കി