ഷായ് ഹോപ്പ് നയിക്കും, ഷമാർ ജോസഫ് തിരിച്ചെത്തി; ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം റെഡി
ധാക്ക: ബംഗ്ലാദേശിനെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന, ടി20 മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ‍്യാപിച്ചു. ഷായ് ഹോപ്പ് നയിക്കുന്ന 15 അംഗ ടീമിൽ അണ്ടർ 19 താരമായിരുന്ന അക്കിം അഗസ്റ്റെ ഇടം പിടിച്ചു. വെടിക്കെട്ട് ബാറ്റർ എവിൻ ലൂയിസിനു പരുക്കേറ്റതിനാലാണ് പകരക്കാരനായി അക്കീം അഗസ്റ്റെയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
3 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 36.5 ശരാശരിയിൽ 73 റൺസ് നേടിയിട്ടുണ്ട്. ഇടങ്കയ്യൻ സ്പിന്നർ ഖാരി പിയറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഖാരി പിയറിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വെസ്റ്റ് ഇൻഡീസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അലിക് അതനാസിനെ ടി20 ടീമിലും ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർ പേസർ ഷമാർ ജോസഫിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിൽ പരുക്ക് ഭേദമാവാത്ത സാഹചര‍്യത്തിൽ ഷമാർ കളിക്കുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.
പരുക്കേറ്റതു മൂലം ഇന്ത‍്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പര ഷമാറിനു നഷ്ടമായിരുന്നു. ഒക്റ്റോബർ 18ന് വെസ്റ്റ് ഇൻഡീസിന്‍റെ ബംഗ്ലാദേശ് പര‍്യടനം. മൂന്നു ഏകദിനവും മൂന്നു ടി20യും വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെതിരേ കളിക്കും.
ഏകദിന ടീം: ഷായ് ഹോപ്പ് (ക‍്യാപ്റ്റൻ), അലിക് അതനാസ്, അക്കീം അഗസ്റ്റെ, ജേഡിയ ബ്ലേഡ്സ്, കീസി കാർട്ടി, റോസ്റ്റൺ ചേസ്, ജസ്റ്റിൻ ഗ്രീവ്സ്, അമിർ ജാൻഗൂ, ഷമാർ ജോസഫ്, ബ്രാണ്ടൻ കിങ്, ഗുതകേശ് മോട്ടി, ഖാരി പിയർ, ഷെർഫേൻ റൂതർഫോർഡ്, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്
ടി20 ടീം: ഷായ് ഹോപ്പ് (ക‍്യാപ്റ്റൻ), അലിക് അതനാസ്, അക്കീം അഗസ്റ്റെ, റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ, അക്കീൽ ഹൊസൈൻ, അമിർ ജാൻഗൂ, ഷമാർ ജോസഫ്, ബ്രാണ്ടൻ കിങ്, ഗുഡകേശ് മോത്തി, റോവ്മാൻ പവൽ, ഷെർഫേൻ റൂതർഫോർഡ്, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, റാമൻ സൈമൻഡ്സ്