ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ.
File
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയെ ആരു നയിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ടെസ്റ്റ് മത്സരത്തിനിടെ പരുക്കേറ്റ സാഹചര്യത്തിൽ അദ്ദേഹത്തിന് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കാൻ സാധ്യത ഏറെയാണ്. വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും പരുക്കിന്‍റെ പിടിയിൽ. അടുത്ത ക്യാപ്റ്റൻസി ഓപ്ഷനായ ഹാർദിക് പാണ്ഡ്യ ഏഷ്യ കപ്പിനിടെ ഏറ്റ പരുക്കിൽനിന്ന് മുക്തനായി വരുന്നതേയുള്ളൂ.
ജസ്പ്രീത് ബുംറ രണ്ടു ടെസ്റ്റും കളിച്ച സാഹചര്യത്തിൽ ഏകദിന ടീമിൽ വരില്ല. ലോകകപ്പ് കൂടി വരാനിരിക്കുന്നതിനാൽ ടി20 പരമ്പരയിലായിരിക്കും അദ്ദേഹത്തിന്‍റെ സേവനം കൂടുതൽ ആവശ്യം. ഈ സാഹചര്യത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ താത്കാലികമായി വീണ്ടും ടീമിന്‍റെ ചുമതല ഏൽപ്പിക്കുന്നതു പോലും പരിഗണനയിലുണ്ട്.
രോഹിത് അല്ലെങ്കിൽ, ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനു സാധ്യതയുണ്ട്. എന്നാൽ, കുറച്ചു കാലമായി ഏകദിന മത്സരങ്ങളിൽ കെ.എൽ. രാഹുലാണ് വിക്കറ്റ് കീപ്പർ എന്നതിനാൽ ഋഷഭിനു പ്ലെയിങ് ഇലവനിൽ പോലും സ്ഥാനം ഉറപ്പില്ല. ഈ സാഹചര്യത്തിൽ സീനിയർ പ്ലെയർ എന്ന നിലയ്ക്ക് രാഹുലിനെ ക്യാപ്റ്റൻസി ഏൽപ്പിച്ചാലും അതിശയമില്ല.
ഗില്ലും ശ്രേയസും ഹാർദിക്കും ഇല്ലാത്ത ഏകദിന ടീമിന്‍റെ കോംബിനേഷൻ എങ്ങനെയായിരിക്കും എന്നതും കൗതുകരമാണ്. ഗില്ലിനു പകരം രോഹിതിന്‍റെ ഓപ്പണിങ് പങ്കാളിയായി പരിഗണിക്കാൻ നിലവിൽ മൂന്നു പേരുണ്ട്- യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്ക്വാദ്.
ഇതിൽ ജയ്സ്വാൾ ഇനിയും അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. അഭിഷേക് ശർമ ഇന്ത്യ എയ്ക്കു വേണ്ടി നടത്തിയ സമീപകാല പ്രകടനങ്ങൾ നിരാശാജനകവുമായുന്നു. എന്നാൽ, ഗെയ്ക്ക്വാദ് നിലവിൽ മികച്ച ഫോമിലാണ്.
പാണ്ഡ്യക്കു കായിക്ഷമത തെളിയിക്കാനായില്ലെങ്കിൽ പകരം ഏകദിന ക്രിക്കറ്റിനു പറ്റിയ ഒരു പേസ് ബൗളിങ് ഓൾറൗണ്ടറില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. ശിവം ദുബെ ഏകദിനത്തിൽ വിശ്വസിക്കാവുന്ന ബൗളറാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. നിതീഷ് കുമാർ റെഡ്ഡിയെ വച്ച് മറ്റൊരു പരീക്ഷണത്തിനും സെലക്റ്റർമാർ മുതിർന്നുകൂടായ്കയില്ല.
ടി20 പരമ്പരയിലും ഗില്ലിന്‍റെ പ്രാതിനിധ്യം ഉറപ്പില്ല. എന്നാൽ, അവിടെ ടീം കോംബിനേഷൻ സെലക്ഷൻ കമ്മിറ്റിക്കു തലവേദനയാകില്ല. പകരം കളിക്കാൻ സഞ്ജു സാംസണുണ്ട്. അല്ലെങ്കിൽ യശസ്വി ജയ്സ്വാളിനെ ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്യാം. പേസ് ബൗളിങ് ഓൾറൗണ്ടർ റോളിൽ ശിവം ദുബെ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുമുണ്ട്.