വനിതാ ലോകകപ്പിലെ പ്ലെയർ ഒഫ് ദ മാച്ച് ട്രോഫിയുമായി ഇന്ത്യൻ താരം ദീപ്തി ശർമ.
മുംബൈ: വനിതാ പ്രീമിയർ ലീഗിന്‍റെ (WPL) നാലാം സീസണിനു മുന്നോടിയായുള്ള മെഗാ ഓക്‌ഷനിലേക്ക് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക സമർപ്പിച്ചു. മുംബൈ ഇന്ത്യൻസ് നായിക ഹർമൻപ്രീത് കൗർ, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (RCB) നായിക സ്മൃതി മന്ഥന, ഡെൽഹി ക്യാപ്പിറ്റൽസിന്‍റെ ജമീമ റോഡ്രിഗസ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ താരങ്ങളെ ഫ്രാഞ്ചൈസികൾ നിലനിർത്തി.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ സ്റ്റാർ ഓൾറൗണ്ടർ അമേലിയ കെർ, ഡെൽഹി കാപ്പിറ്റൽസ് നായിക മെഗ് ലാനിങ്, ലോകകപ്പ് താരം ദീപ്തി ശർമ എന്നിവരെ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി. നവംബർ 27ന് ന്യൂഡൽഹിയിലാണ് WPL 2026 മെഗാ ഓക്‌ഷൻ നടക്കുക.
മുംബൈ ഇന്ത്യൻസ് (MI)
മുംബൈ ഇന്ത്യൻസ് അവരുടെ കോർ ടീമിനെ നിലനിർത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സീവർ-ബ്രന്‍റ്, ഓൾറൗണ്ടർമാരായ ഹെയ്ലി മാത്യൂസ്, അമൻജോത് കൗർ, യുവതാരം ജി. കമാലിനി എന്നിവരെയാണ് നിലനിർത്തിയത്.
ന്യൂസിലൻഡ് താരം അമേലിയ കെർ, വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയ എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമായി.
ഡൽഹി ക്യാപ്പിറ്റൽസ് (DC)
ഡൽഹി ക്യാപ്പിറ്റൽസ് അഞ്ച് താരങ്ങളെ നിലനിർത്തിയപ്പോൾ, മൂന്ന് സീസണുകളിലും ടീമിനെ ഫൈനലിൽ എത്തിച്ച നായിക മെഗ് ലാനിങ്ങിനെ ഒഴിവാക്കി.
നിലനിർത്തിയ താരങ്ങൾ: ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, അന്നബെൽ സതർലാൻഡ്, മരിസാൻ കാപ്പ്, നിക്കി പ്രസാദ്.
ഇന്ത്യൻ ഓൾറൗണ്ടർമാരായ രാധ യാദവ്, അരുന്ധതി റെഡ്ഡി, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജെസ് ജോനാസൻ എന്നിവർ പുറത്തായി.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (RCB)
RCB നാല് പ്രധാന താരങ്ങളെ നിലനിർത്തി. ഓൾറൗണ്ടർമാരായ സ്മൃതി മന്ഥന, എല്ലീസ് പെറി, വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, യുവ സ്പിന്നർ ശ്രേയങ്ക പാട്ടീൽ എന്നിവരെയാണ് നിലനിർത്തിയത്.
യുപി വാരിയേഴ്‌സ് (UPW)
യുപി വാരിയേഴ്‌സ് ടീമിനെ അടിമുടി ഉടച്ചുവാർക്കുന്നതിന്‍റെ സൂചന നൽകി. ഇന്ത്യൻ താരം ശ്വേത സെഹ്‌റാവത്ത് എന്ന ഒരൊറ്റ താരത്തെ മാത്രമാണ് ടീം നിലനിർത്തിയത്.
ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് ആയിരുന്ന ദീപ്തി ശർമ, നായിക അലിസ ഹീലി, തഹ്ലിയ മഗ്രാത്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ ഒഴിവാക്കി.
ഗുജറാത്ത് ജയന്‍റ്‌സ് (GG)
ഗുജറാത്ത് ജയന്‍റ്‌സ് രണ്ട് താരങ്ങളെ മാത്രം നിലനിർത്തി: ആഷ്‌ലീ ഗാർഡ്‌നർ, ബെത്ത് മൂണി.
ലോറ വോൾവാർട്ട്, ഹർലീൻ ഡിയോൾ തുടങ്ങിയ പ്രധാന താരങ്ങൾ ഓക്‌ഷൻ പൂളിൽ തിരിച്ചെത്തും.
WPL 2026 ഓക്‌ഷൻ നിയമങ്ങൾ
ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി അഞ്ച് താരങ്ങളെയാണ് നിലനിർത്താൻ അനുമതിയുണ്ടായിരുന്നത്. അഞ്ച് താരങ്ങളെ നിലനിർത്തിയാൽ ആകെ ₹9.25 കോടി രൂപ ഫ്രാഞ്ചൈസിയുടെ പേഴ്‌സിൽ നിന്ന് കുറയും. 15 കോടി രൂപയാണ് മൊത്തം പേഴ്‌സ് തുക.
റൈറ്റ് ടു മാച്ച് (RTM) കാർഡ്: അഞ്ച് താരങ്ങളിൽ കുറവ് പേരെ നിലനിർത്തുന്ന ടീമുകൾക്ക്, ഓക്‌ഷനിൽ ഒഴിവാക്കിയ താരങ്ങളെ തിരികെ ടീമിലെത്തിക്കാൻ 'റൈറ്റ് ടു മാച്ച്' കാർഡ് ഉപയോഗിക്കാൻ അവസരമുണ്ട്.