ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരേ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ്.

 
Sports

ലോകകപ്പ് സെമി: ഇന്ത്യക്ക് 339 റൺസ് വിജയലക്ഷ്യം

വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 ഓൾഔട്ട്.

Sports Desk

നവി മുംബൈ: വനിതാ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് 339 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുത്തു.‌ 49.5 ഓവറിൽ അവർ 338 റൺസിന് ഓൾഔട്ടായി.

ഓപ്പണർ ഫോബ് ലിച്ച്ഫീൽഡിന്‍റെ സെഞ്ചുറിയാണ് ഓസ്ട്രേലിയൻ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. 93 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 119 റൺസാണ് ഫോബ് നേടിയത്. വെറ്ററൻ താരങ്ങളായ എല്ലിസ് പെറി (88 പന്തിൽ 77), ആഷ്‌ലി ഗാർഡ്‌നർ (45 പന്തിൽ 63) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.‌

ഇന്ത്യക്കു വേണ്ടി സ്പിന്നർമാർ ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ്. മൂന്ന് ഓസ്ട്രേലിയൻ ബാറ്റർമാർ റണ്ണൗട്ടായി.

പരുക്കേറ്റ ഓപ്പണർ പ്രതീക റാവലിനു പകരം പതിനഞ്ചംഗ ടീമിലേക്കു തെരഞ്ഞെടുത്ത ഷഫാലി വർമയെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. എന്നാൽ, അഞ്ച് പന്ത് മാത്രം നേരിട്ട ഷഫാലി പത്ത് റൺസെടുത്ത് പുറത്തായി.

വേറെയും രണ്ടു സുപ്രധാന മാറ്റങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. മൂന്നാം നമ്പറിൽ ഹർലീൻ ഡിയോളിനു പകരം ജമീമ റോഡ്രിഗ്സാണ് കളിക്കുന്നത്. ഓഫ് സ്പിന്നർ സ്നേഹ് റാണയ്ക്കു പകരം ലെഫ്റ്റ് ആം സ്പിന്നർ രാധ യാദവും ടീമിലെത്തി. രേണുക സിങ് ഠാക്കൂറും ക്രാന്തി ഗൗഡുമാണ് ടീമിലെ സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ. ദീപ്തി ശർമയും ശ്രീ ചരണിയും സ്പിന്നർമാരായും ടീമിലുണ്ട്. എന്നാൽ, ബൗളിങ് നിരയിൽ വരുത്തിയ മാറ്റങ്ങൾ ഫലം ചെയ്തില്ലെന്നാണ് ഓസ്ട്രേലിയൻ ഇന്നിങ്സിൽ വ്യക്തമായത്.

ടീമുകൾ:

ഇന്ത്യ - സ്മൃതി മന്ഥന, ഷഫാലി വർമ, അമൻജോത് കൗർ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജമീമ റോഡ്രിഗ്സ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), രാധ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ്.

ഓസ്ട്രേലിയ - അലിസ ഹീലി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഫോബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെഥ് മൂനി, അനബെൽ സുതർലാൻഡ്, ആഷ്‌ലി ഗാർഡ്നർ, തഹ്‌ലിയ മക്ഗ്രാത്ത്, സോഫി മോളിന്യൂ, അലാന കിങ്, കിം ഗാർത്ത്, മെഗാൻ ഷൂട്ട്.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ