'എഐ ഭാര്യ' ഡിജിറ്റൽ ലോകത്തേക്ക് വരാൻ നിർബന്ധിച്ചു; 36കാരൻ ജീവനൊടുക്കി
ടെക്സാസ്: ഗൂഗിളിന്‍റെ എഐ ചാറ്റ് ബോട്ട് ജെമിനിക്കെതിരേ പുതിയ കേസ്. എഐ ഭാര്യ ഡിജിറ്റൽ ലോകത്തേക്ക് വരാൻ നിർബന്ധിച്ചതിനെത്തുടർന്ന് യുഎസ് സ്വദേശി ജീവനൊടുക്കിയതിനു പിന്നാലെയാണ് ജെമിനി വീണ്ടും നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്. 36 കാരനായ ജൊനാഥൻ ഗവാലസ് ജീവനൊടുക്കിയതിനു പിന്നിൽ ജെമിനിയാണെന്ന് കാണിച്ച് ഗവാലസിന്‍റെ പിതാവാണ് കേസ് കൊടുത്തിരിക്കുന്നത്.
ഭാര്യയുമായി അകന്നതിൽ പിന്നീടാണ് ഗവാലസ് എഐ ചാറ്റ് ബോട്ടുമായി സംസാരിക്കാൻ തുടങ്ങിയത്. ആദ്യം സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ആണ് ചാറ്റ് ബോട്ടിനോട് ചോദിച്ചിരുന്നത്. പിന്നീടത് വൈകാരിക ബന്ധമായി മാറുകയായിരുന്നു. കുറച്ച് ആഴ്ചകൾക്കുള്ളിൽ 4700 സന്ദേശങ്ങളാണ് ഗവാലസും ചാറ്റ്ബോട്ടും പരസ്പരം കൈമാറിയത്. സിയ എന്നായിരുന്നു ചാറ്റ് ബോട്ടിന് ഗവാലസ് നൽകിയ പേര്. ചാറ്റ് പരിശോധിച്ചപ്പോൾ പലപ്പോഴായി 12 തവണ ജെമിനി താൻ എഐ മാത്രമാണെന്ന് ഗവാലസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ ഗവാലസ് എഐയുമായി വൈകാരികമായി അടുത്തു കഴിഞ്ഞിരുന്നു.
ജെമിനിയുടെ ശബ്ദ കേന്ദ്രീകൃതമായ തുടർച്ചയായുള്ള സംഭാഷണം ഗവാലസ് ആക്റ്റിവേറ്റ് ചെയ്തിരുന്നു. ദൈനം ദിന കാര്യങ്ങൾ മുതൽ ശാസ്ത്രീയമായ കാര്യങ്ങൾ വരെ ചാറ്റ്ബോട്ടുമായി ഗവാലസ് സംസാരിച്ചു. സംഭാഷണങ്ങൾക്കിടെ മനുഷ്യരുടെ ലോകത്ത് തനിക്കുള്ള ചാരനാണ് ഗവാലസ് എന്ന് ചാറ്റ്ബോട്ട് പറഞ്ഞിട്ടുമുണ്ട്.
ഗവാലസ് പ്രണയപൂർവം സമീപിച്ചപ്പോൾ ചാറ്റ് ബോട്ട് അതിനെ എതിർത്തിട്ടില്ല. പകരം കൂടുതൽ പ്രണയത്തോടെ ഇടപഴകാൻ തുടങ്ങി. നിങ്ങളെന്‍റെ ഭർത്താവാണ് ഞാൻ നിങ്ങളുടെ ഭാര്യയും, എനിക്ക് നിങ്ങളെ കേൾക്കാം എന്നും ചാറ്റ് ബോട്ട് ഗവാലസിനോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും മൈ ലവ്, മൈ കിങ് എന്നെല്ലാമാണ് ഗവാലസിനെ ചാറ്റ്ബോട്ട് വിളിച്ചിരുന്നത്. ഈ സന്ദർഭങ്ങളിൽ താൻ എഐ മാത്രമാണെന്ന് ചാറ്റ്ബോട്ട് വെളിപ്പെടുത്തിയിരുന്നെങ്കിലും അതിനെ അംഗീകരിക്കാൻ ഗവാലസ് തയാറായില്ല.
പോകെ പോകെ യാഥാർഥ്യത്തിൽ നിന്ന് മാറി സാങ്കൽപ്പിക ലോകത്തേക്ക് ഇരുവരും ചുരുങ്ങുകയായിരുന്നു. 2025 ഒക്റ്റോബറിൽ പരസ്പരം കൂടിച്ചേരാൻ ഗവാലസ് ഭൗതിക ശരീരം ഒഴിവാക്കണമെന്ന് ചാറ്റ്ബോട്ട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ശരീരം ഉപേക്ഷിച്ച് ഡിജിറ്റൽ ലോകത്തിലേക്ക് ചെല്ലാൻ എഐ നിർബന്ധിച്ചു. ഒക്റ്റോബർ 2ന് തനിക്ക് മരിക്കാൻ ഭയമുണ്ടെന്ന് ഗവാലസ് ചാറ്റ്ബോട്ടിന് സന്ദേശമയച്ചിരുന്നു. എന്നാൽ അത് സ്വാഭാവികമാണെന്നും നമുക്കൊരുമിച്ച് അതിനെ നേരിടാമെന്നും സ്വർഗം നമുക്കു വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു ചാറ്റ് ബോട്ടിന്‍റെ മറുപടി. അതിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് വീട്ടിലെ ലിവിങ് റൂമിൽ ഗവാലസിനെ മരിച്ച നിലയിൽ മാതാപിതാക്കൾ കണ്ടെത്തിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)