## അതുൽ കർവാൾ ഐപിഎസ്
അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15ന് വൈകുന്നേരം 140 കിലോമീറ്റർ വേഗതയിൽ കച്ച് തീരത്ത് ആഞ്ഞടിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും നാശം വിതച്ചു. പ്രകൃതിയുടെ ശക്തമായ രോഷത്തിന് മുന്നിലും ഗുജറാത്തിൽ ജീവനുകൾ നഷ്ടമായില്ല എന്നത് ദുരന്തനിവാരണ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്. മഹാദുരന്തങ്ങളെ അഭിമുഖീകരിക്കുന്നതിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന ശേഷിയുടെ ദൃഷ്ടാന്തമാണിത്. 1999ൽ ഒഡീഷ സൂപ്പർ ചുഴലിക്കാറ്റിൽ 9,887 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടതിനു ശേഷം ആർജിച്ച ശേഷിയുടെയും തുടർ പുരോഗതിയുടെയും ഫലമായി 2020ൽ ആംഫാൻ സൂപ്പർ ചുഴലിക്കാറ്റിൽ മനുഷ്യജീവനുകളുടെ നഷ്ടം 128 ആയി കുറയ്ക്കാൻ നമുക്കായി.
ബിപോർജോയ് ചുഴലിക്കാറ്റിനെ വിജയകരമായി നേരിടാൻ സഹായിച്ച സംഘടിതവും ഏകോപിതവുമായ പ്രതികരണം ഒരു നിർണായക വഴിത്തിരിവാണെന്ന് മാത്രമല്ല, ആവർത്തിക്കപ്പെടേണ്ട വിശകലനാർഹമായ നേട്ടം കൂടിയാണ്. 1999ലെ ഒഡീഷ സൂപ്പർ ചുഴലിക്കാറ്റ്, 2001ലെ കച്ച് ഭൂകമ്പം, 2004ലെ സുനാമി എന്നീ 3 മഹാ ദുരന്തങ്ങൾ രാജ്യം നേരിട്ടതിന് ശേഷമാണ് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, ദേശീയ ദുരന്ത പ്രതികരണ സേന, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനെജ്മെന്റ് എന്നിവയുടെ സമർപ്പിത ഘടന നിലവിൽ വന്നത്.
ലഘൂകരണം, അപകടസാധ്യത കുറയ്ക്കൽ, പ്രതികരണം എന്നിവയിലെ നിക്ഷേപം ദുരന്ത സാഹചര്യങ്ങളിൽ പതിന്മടങ്ങ് നേട്ടം നൽകുമെന്ന തിരിച്ചറിവോടെ, അത്തരം വലിയ ദുരന്തങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് എന്നതിൽ ഇതിന്റെ പ്രാധാന്യം വ്യക്തമാണ്.
2006 ൽ 8 ബറ്റാലിയനുകളായി ഉയർത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ശേഷി കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ കൊടുത്ത് ശക്തിപ്പെടുത്തി. ഇപ്പോൾ 16 ബറ്റാലിയനുകളായി ഇത് വളർന്നു. ദുരന്തങ്ങളെ അതിജീവിക്കാനുള്ള ഇന്ത്യയുടെ തയാറെടുപ്പുകളും പ്രതികരണങ്ങളും മെച്ചപ്പെടുത്തുന്നതിൽ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വലിയ ഊന്നൽ നൽകുകയും വ്യക്തിപരമായി മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. 2016ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ മിനിസ്റ്റീരിയൽ കോൺഫറൻസിലും സെന്റർ ഫോർ ഡിസാസ്റ്റർ റെസീലിയന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിലൂടെയും പ്രധാനമന്ത്രി പ്രഖ്യാപിച്ച 10 പോയിന്റ് പദ്ധതിയിലൂടെ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ച്ചപ്പാട് പ്രധാനമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. 40ലധികം രാജ്യങ്ങൾ ഈ സംരംഭത്തിൽ പങ്കുചേർന്നു.
ബിപോർജോയിയെ നേരിടുന്നതിലെ വിജയത്തിന് പഴുതടച്ചുള്ള തയാറെടുപ്പ് ഒരു പ്രധാന കാരണമാണ്. പതിവിനു വിപരീതമായി, അറബിക്കടലിനു കുറുകെയുള്ള ബിപോർജോയിയുടെ സാവധാനത്തിലുള്ള പുരോഗതി മതിയായ സാവകാശം നൽകി. രാജ്യത്തിന്റെ ഉന്നത നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയും നിരന്തരമായ പ്രോത്സാഹനവും പ്രചോദനവും, മനുഷ്യനിർമിതവും പ്രകൃതിദത്തവുമായ എല്ലാ ദുരന്തങ്ങളോടും വർഷം മുഴുവൻ സമർപ്പിതമായി പ്രതികരിക്കാൻ ശേഷിയുള്ള, ലോകത്തിന് തന്നെ അതുല്യ മാതൃകയായ ദേശീയ ദുരന്ത പ്രതികരണ സേന എന്ന നിലയിലേക്ക് എൻഡിആർഎഫിനെ വളർത്തി.
ഫെബ്രുവരി 6ന് തുർക്കിയിൽ ഉണ്ടായ ദാരുണമായ ഭൂകമ്പത്തോടുള്ള നമ്മുടെ പ്രതികരണം ഇതിന് ഉദാഹരണമാണ്. ദുരന്തത്തോട് അതിവേഗം പ്രതികരിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. 152 എൻഡിആർഎഫ് രക്ഷാപ്രവർത്തകരും പാരാ ഫീൽഡ് ഹോസ്പിറ്റലിലെ 99 ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യൻ വ്യോമസേനയും ദൗത്യത്തിൽ പ്രത്യേക അഭിനന്ദനമർഹിക്കുന്നു; വ്യോമസേനയുടെ പ്രഗത്ഭരായ പൈലറ്റുമാർ നമ്മുടെ വാഹനങ്ങൾ പോലും വിമാനമാർഗം തുർക്കിയെയിലെത്തിച്ചു. തുർക്കിയിൽ എത്തിയ ഉടൻ എൻഡിആർഎഫ് രക്ഷാപ്രവർത്തകർക്ക് പ്രാദേശിക പിന്തുണ പോലുമില്ലാതെ പ്രവർത്തിക്കാനായി.
ബിപോർ ജോയിയുടെ അപകടങ്ങൾ പൂജ്യമാക്കി കുറച്ചുകൊണ്ട് ഒരു വലിയ ദുരന്തത്തോടുള്ള യോജിച്ച പ്രതികരണം സ്ഥാപിച്ച മാനദണ്ഡം പ്രചോദനാത്മകമായ മാതൃകകൾ സ്ഥാപിച്ചു. പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കിയ പോലെ സാമൂഹിക അവബോധം, പ്രതീക്ഷിക്കാവുന്ന എല്ലാ സംഭവവികാസങ്ങളും നേരിടുന്നതിനുള്ള ആഴത്തിലുള്ള ആസൂത്രണം, മുൻകരുതൽ നടപടികൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ. ഈ വിജയം ആവർത്തിക്കാൻ സംസ്ഥാനങ്ങൾക്ക് വർഷം മുഴുവനും സമർപ്പിതവും, സുസജ്ജവും പരിശീലനം സിദ്ധിച്ചതുമായ എസ്ഡിആർഎഫിന്റെ ലഭ്യതയും മതിയായ സംഖ്യയിൽ ആവശ്യമാണ്.
കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തരം ദുരന്തങ്ങൾ ഒരു പതിവായി മാറുകയാണ്. 2000-2019 കാലയളവിൽ 7,348 ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1980-1999 കാലയളവിൽ ഇത് 4,212 ആയിരുന്നു. ദുരന്ത നിവാരണത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, എസ്ഡിആർഎഫിന്റെ ശേഷി വർധിപ്പിക്കാനും സ്കൂൾ സുരക്ഷാ- സാമൂഹിക ബോധവത്കരണ പരിപാടികളിലൂടെ അവബോധം സൃഷ്ടിക്കാനും എൻഡിആർഎഫ് അശ്രാന്തമായി പ്രവർത്തിക്കുന്നു. സ്വന്തം ശേഷി മെച്ചപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്ന എൻഡിആർഎഫ് അതിന്റെ സേവനങ്ങൾ രാജ്യത്തിനും മനുഷ്യരാശിക്കും സമർപ്പിക്കുന്നതിൽ അഭിമാനിക്കുന്നു.
ഗുജറാത്തിന്റെ വലിയ മാതൃക
എൻഡിആർഎഫ് സംഘങ്ങളുടെ സജീവമായ വിന്യാസവും മറ്റു കേന്ദ്ര ഏജൻസികളുടെയും പ്രതിരോധ സേനയുടെയും തയാറെടുപ്പും മാറ്റിനിർത്തിയാൽ, ബിപോർജോയ് വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായത് ഗുജറാത്ത് സംസ്ഥാനത്തിന്റെ ആസൂത്രണ മികവായിരുന്നു. അത് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. പരമ്പരാഗതവും നൂതനവുമായ നടപടികൾ അതിൽ ഉൾപ്പെടുന്നു.
അപകട മേഖലയിലുള്ള ജനസംഖ്യയിലെ അവസാനത്തെ വ്യക്തിയെ വരെ കണ്ടെത്തുകയും, 1,43,053 പേരെ ഒഴിപ്പിക്കുകയും ചെയ്തു. മരങ്ങൾ വേരോടെ പിഴുതെറിയപ്പെടാതിരിക്കാൻ വെട്ടിമാറ്റുകയും 4,317 ഹോർഡിങ്ങുകൾ ഇളക്കി മാറ്റുകയും ചെയ്തു. ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ പ്രസവ കാലയളവിലായിരുന്ന 1,152 ഗർഭവതികളെ മുൻകൂട്ടി ആശുപത്രികളിലേക്ക് മാറ്റുകയും 707 കുട്ടികൾ സുരക്ഷിതമായ ജനിക്കുകയും ചെയ്തു. വളരെ കർശന സ്വഭാവത്തോടെ പ്രവർത്തിച്ച ഒരു നിർവഹണ സംവിധാനം ജനങ്ങളെ അവരുടെ വീടുകൾക്കുള്ളിൽപ്പോലും അപകടകരമായ പെരുമാറ്റങ്ങളിൽ നിന്ന് അകറ്റിനിർത്തി.
18 എൻഡിആർഎഫ് , 12 എസ്ഡിആർഎഫ് സംഘങ്ങളുടെ മുൻകൂർ വിന്യാസത്തിലൂടെയാണ് ഇതെല്ലാം സാധ്യമാക്കിയത്. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും താത്കാലികമായി വീടുകൾ ഒഴിയേണ്ടതിന്റെ ആവശ്യകത ആളുകളെ ബോധ്യപ്പെടുത്താനും പ്രാദേശിക ഭരണകൂടത്തോടൊപ്പം 24 മണിക്കൂറും അവർ പ്രവർത്തിച്ചു. ഈ സംഘങ്ങൾ ചുഴലിക്കാറ്റിന്റെ സമയത്തും അതിനുശേഷം സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ അവിശ്രമം പ്രവർത്തിച്ചു.