ഹോസ്റ്റലിൽ പെൺകുട്ടിയെ കൊണ്ടുവന്ന സ്യൂട്ട്കേസ് തുറക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
ചണ്ഡിഗഡ്: യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ സ്യൂട്ട്കേസിലാക്കി ഹോസ്റ്റലിൽ കൊണ്ടുവന്നതിന്‍റെ വൈറൽ വീഡിയോ സംബന്ധിച്ച് വിശദീകരണവുമായി യൂണിവേഴ്സിറ്റി അധികൃതർ. പെൺകുട്ടിയുടെ കൂട്ടുകാരികൾ നടത്തിയ ഒരു പ്രാങ്ക് മാത്രമായിരുന്നു ഇതെന്നാണ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ അഞ്ജു മോഹൻ പറയുന്നത്.
ഹരിയാന ആസ്ഥാനമായ, ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന സ്വകാര്യ സർവകലാശാലയുടെ ഹോസ്റ്റലിലായിരുന്നു സംഭവം. പെൺകുട്ടികളുടെ ഹോസ്റ്റൽ വളപ്പിനുള്ളിലായിരുന്നു ഇതെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ഒരു വിദ്യാർഥി തന്‍റെ കാമുകിയെ കടത്താൻ ശ്രമിച്ചു എന്ന രീതിയിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും, ഇതിൽ ഉൾപ്പെട്ട വിദ്യാർഥിനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും, അച്ചടക്ക സമിതിക്കു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ.
ഹോസ്റ്റലിലെ രണ്ട് സുരക്ഷാ ജീവനക്കാരികൾ ചേർന്ന് സ്യൂട്ട്കേസ് തുറക്കുന്നതാണ് വ്യാപകമായി പ്രചരിച്ച വീഡിയോയിലുള്ളത്. സ്യൂട്ട്കേസിൽനിന്ന് ഒരു പെൺകുട്ടി പുറത്തിറങ്ങുന്നതും കാണാം. സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലായിരുന്നു.