വാഹനങ്ങളുടെ രൂപമാറ്റം: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

റോഡ് സുരക്ഷയെയും പരിസ്ഥിതിയെയും ബാധിക്കാത്ത രീതിയിൽ വാഹനങ്ങളിൽ വരുത്താവുന്ന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പുതിയ നയം രൂപീകരിക്കുന്നതിനായുള്ള നിർദേശങ്ങൾ സ്വീകരിക്കും.
vehicle modification consultation kerala

വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

Representative image

Updated on

തിരുവനന്തപുരം: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷയെയും പരിസ്ഥിതിയെയും ബാധിക്കാത്ത രീതിയിൽ വാഹനങ്ങളിൽ വരുത്താവുന്ന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പുതിയ നയം രൂപീകരിക്കുന്നതിനായുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം. ഇതിനായി പ്രത്യേക ഓൺലൈൻ സർവേയ്ക്ക് തുടക്കമിട്ടു.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുകയും അവയുടെ നിയമസാധുതകൾ വിശദമായി പരിശോധിക്കുകയുമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. യുഡിഎഫ് സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സുരക്ഷിതമായ വാഹന മോഡിഫിക്കേഷനുള്ള അനുമതി യാഥാർഥ്യമാക്കുന്നതിന്‍റെ ആദ്യപടിയാണിത്. ഗൂഗിൾ ഫോം വഴിയുള്ള സർവേ ലിങ്ക് വഴിയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ പൊതുജനങ്ങൾക്ക് ഇതിൽ പങ്കാളികളാകാം.

വ്യക്തിവിവരങ്ങൾ നൽകിയ ശേഷം വാഹനത്തിന്‍റെ ബോഡിയിലെ മാറ്റങ്ങൾ, എൻജിൻ മോഡിഫിക്കേഷൻ, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങൾ, അധിക ലൈറ്റുകൾ, ഓഡിയോ സംവിധാനങ്ങൾ തുടങ്ങി ഒൻപത് വിഭാഗങ്ങളിലായി തങ്ങൾക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം. പട്ടികയിലില്ലാത്ത മറ്റ് നിർദേശങ്ങളും പങ്കുവയ്ക്കാൻ അവസരമുണ്ട്.

മോഡിഫിക്കേഷൻ വരുത്തിയ വാഹനം ഏത് തരത്തിലുള്ള റോഡുകളിലാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നും, ഇത്തരം മാറ്റങ്ങൾ വാഹനത്തിന്‍റെ സുരക്ഷയെയോ ഇൻഷുറൻസ് പരിരക്ഷയെയോ ബാധിക്കുമോയെന്നതടക്കമുള്ള കാര്യങ്ങളിലും സർവേ പ്രതികരണം തേടുന്നുണ്ട്.

മോഡിഫിക്കേഷന് പ്രത്യേക ഫീസും അംഗീകൃത സംവിധാനവും ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച സർവേ 10 ദിവസത്തേക്കാണ് ലഭ്യമാകുക. സർവേയിൽ ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച് ഗതാഗത കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച അന്തിമ മാർഗനിർദേശങ്ങളും സർക്കാർ ഉത്തരവും പുറപ്പെടുവിക്കുക.

logo
Metro Vaartha
www.metrovaartha.com