യൂസ്ഡ് കാര്‍ വിപണി ടോപ് ഗിയറില്‍

രാജ്യത്ത് പുതിയ കാറുകളുടെ വിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30% വര്‍ധനയുണ്ടായി.
Representative image
Representative image
Updated on

കൊച്ചി: പുതിയ കാറുകളുടെ വില കുതിച്ചുയർന്നതോടെ ബജറ്റിന് അനുയോജ്യമായ ബദല്‍ എന്ന നിലയില്‍ യൂസ്ഡ് കാറുകൾക്ക് ആവശ്യക്കാരേറുന്നു. ഇതോടെ കേരളത്തിലും ജനപ്രിയമാകുകയാണ് യൂസ്ഡ് കാര്‍ (പ്രീ-ഓണ്‍ഡ് കാര്‍) വിപണി. കേരളത്തില്‍ യൂസ്ഡ് കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ചെറിയ കാറുകളുടെ വിഭാഗമാണ്. ചെറിയ കാറുകള്‍ക്ക് ഈ മേഖലയില്‍ വലിയ ഡിമാന്‍ഡുണ്ട്. ഇനി കാറുകളുടെ മോഡല്‍ നോക്കുകയാണെങ്കില്‍ ഫോക്സ്‌വാഗണ്‍ പോളോ, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ ഏറെയാണ്. ഇവ വാങ്ങാനുള്ള സാമ്പത്തിക ഓപ്ഷനുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഈ വിഭാഗത്തിന്‍റെ വിജയത്തിന് കാരണമാണ്.

പല കമ്പനികളുടെയും പുതുപുത്തന്‍ മോഡലുകള്‍ ഇന്ന് വളരെ വേഗത്തിലാണ് വിപണിയിലേക്കെത്തുന്നത്. ഇത്തരം പുതിയ മോഡലുകള്‍ പതിവായി വിപണിയില്‍ എത്തുന്നതിനാല്‍ ഏറ്റവും പുതിയ പതിപ്പുകള്‍ വാങ്ങുന്നതിനായി പലരും അവരുടെ നിലവിലെ വാഹനങ്ങള്‍ വില്‍ക്കാറുണ്ട്. ഇത്തരം യൂസ്ഡ് കാറുകളില്‍ പലതും വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതാണ്. അതിനാല്‍ തന്നെ അത്യാവശ്യം നല്ല വിലയ്ക്ക് ഇവ വിറ്റഴിയുന്നുമുണ്ട്. ഇത് കേരളത്തിലെ യൂസ്ഡ് കാര്‍ വിപണി വളരുന്നതിന് ഒരു പ്രധാന കാരണമാണ്.

‌അതേസമയം യൂസ്ഡ് കാര്‍ വിപണിയിലെ മൊത്തത്തിലുള്ള കുതിച്ചുചാട്ടത്തിനിടയിലും ആഡംബര കാര്‍ വിൽപ്പനയിൽ ഇടിവാണ്. കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഡംബര കാറുകളുടെ കുത്തൊഴുക്ക് പ്രാദേശിക വിപണിയില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ യൂസ്ഡ് കാര്‍ വിപണി നിലവില്‍ 10-12% വാര്‍ഷിക വളര്‍ച്ചാ നിരക്ക് കാണിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുകയാണ് ഈ വിപണി.

രാജ്യത്ത് പുതിയ കാറുകളുടെ വിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30% വര്‍ധനയുണ്ടായി. ഇത് യൂസ്ഡ് കാര്‍ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. യൂസ്ഡ് കാര്‍ വിപണിയിലെ ശരാശരി വില്‍പ്പന നിരക്ക് 3-3.5 ലക്ഷത്തില്‍ നിന്ന് 6-6.5 ലക്ഷത്തിലെത്തി.

രാജ്യത്ത് മൊത്തത്തിലുള്ള യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്നത് എസ്‌യുവികളാണ്. യൂസ്ഡ് കാറുകളില്‍ രാജ്യത്ത് ആഡംബര വിഭാഗത്തില്‍ മെഴ്സിഡസ് ബെന്‍സ് സി-ക്ലാസ്, ഔഡി ക്യൂ3, ബിഎംഡബ്ല്യു എക്സ്1 സീരീസ് തുടങ്ങിയ മോഡലുകള്‍ വളരെ ജനപ്രിയമാണ്.

കൊവിഡ് മഹാമാരിയുടെ സമയത്താണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നത്. അന്ന് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ യൂസ്ഡ് കാറുകളുടെ വില്‍പ്പന കുത്തനെ ഉയരുകയായിരുന്നു. സെമികണ്ടക്റ്റര്‍ ക്ഷാമത്തെത്തുടർന്ന് പുതിയ വാഹനങ്ങളുടെ കാത്തിരിപ്പ് കാലാവധി നീണ്ടതും യൂസ്ഡ് കാറുകളുടെ വിപണി വളരുന്നതിന് ആക്കം കൂട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com