ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഉള്ളി ശേഖരം മറ്റ് പ്രധാന സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'കാന്ദ എക്സ്പ്രസ്' എന്ന പ്രത്യേക ഗുഡ്സ് ട്രെയിൻ സർവീസ് തിങ്കളാഴ്ച ആരംഭിക്കും
ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കുതിച്ചുയരുന്ന ഉള്ളി വില പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ.

Representative image

Updated on

കൊച്ചി: അടുക്കളകളിൽ കണ്ണീര് പടർത്തി സവാള വില കുതിച്ചുയരുന്നതിനിടയിൽ, വിപണിയിലെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഉള്ളി ശേഖരം മറ്റ് പ്രധാന സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'കാന്ദ എക്സ്പ്രസ്' (Kanda Express) എന്ന പ്രത്യേക ഗുഡ്സ് ട്രെയിൻ സർവീസ് തിങ്കളാഴ്ച ആരംഭിക്കും. ഡൽഹി, ചെന്നൈ, ഗോഹട്ടി എന്നീ നഗരങ്ങൾക്കൊപ്പം കൊച്ചിയിലേക്കും കാന്ദ എക്സ്പ്രസ് വഴി ഉള്ളി എത്തിക്കും.

ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിൽ ഉള്ളി വിൽപ്പന നടക്കുന്ന വിപണികളിൽ വിതരണം കൂട്ടി വില നിയന്ത്രണവിധേയമാക്കുകയാണ് കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന്‍റെ ലക്ഷ്യം.

രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയർന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനവും, കഴിഞ്ഞ വർഷം ഇതേ സമയത്തേതിനെ അപേക്ഷിച്ച് 45 ശതമാനവും വർധനയാണിത്. ഡൽഹിയിൽ കിലോയ്ക്ക് 65 രൂപയും (കഴിഞ്ഞ വർഷം 35 രൂപ) ചെന്നൈയിൽ 58 രൂപയുമാണ് (കഴിഞ്ഞ വർഷം 33 രൂപ) നിലവിലുള്ള നിരക്ക്.

മഹാരാഷ്ട്രയിലെ പ്രധാന ഉള്ളി വിപണിയായ ലാസൽഗാവിൽ കഴിഞ്ഞ ജൂണിന് ശേഷം ഉള്ളിയുടെ മൊത്തവ്യാപാര വില ഇരട്ടിയായി (ക്വിന്‍റലിന് 2,000 രൂപയിൽ നിന്ന് 3,800 രൂപയായി ഉയർന്നു).

മഴ വൈകിയതും കൃഷിയിടങ്ങളുടെ വിസ്തൃതി കുറഞ്ഞതും കാരണം പ്രധാന ഉത്പാദന കേന്ദ്രമായ മഹാരാഷ്ട്രയിൽ ഖാരിഫ് ഉള്ളി ഉത്പാദനത്തിൽ 5 മുതൽ 7 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ 2025-26 വർഷത്തെ മൊത്തം ഉത്പാദനം 30.73 മില്യൺ ടണ്ണായി നിൽക്കുന്നതിനാൽ വലിയ ക്ഷാമത്തിന് സാധ്യതയില്ലെന്നാണ് കൃഷി മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

"വിലക്കയറ്റം നേരിടുന്ന കേന്ദ്രങ്ങളിലേക്ക് ട്രെയിൻ മാർഗം ഉള്ളി എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. വരും മാസങ്ങളിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തക്കവിധം ആവശ്യത്തിന് ഉള്ളി ശേഖരം സർക്കാരിന്‍റെയും കർഷകരുടെയും പക്കലുണ്ട്."
നിധി ഖാരെ, സെക്രട്ടറി, ഉപഭോക്തൃ കാര്യ വകുപ്പ്

ഇതുവരെ 0.12 മില്യൺ ടൺ ഉള്ളി സർക്കാർ സംഭരിച്ചിട്ടുണ്ട്. ആവശ്യാനുസരണം ബഫർ സ്റ്റോക്കിൽ നിന്ന് കൂടുതൽ സവാള വിപണിയിലെത്തിച്ച് വിലക്കയറ്റം പൂർണമായും തടയാനാണ് കേന്ദ്ര നീക്കം. 2024 ഒക്റ്റോബറിലും സമാനമായ രീതിയിൽ കാന്ദ എക്സ്പ്രസ് സർവീസ് നടത്തി സർക്കാർ വില നിയന്ത്രിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com