എച്ച്‌ഡിഎഫ്‌സി ബാങ്ക് എംഡിയും സിഇഒയുമായി അനുപ് ബാഗ്ചി ചുമതലയേറ്റു

ഐസിഐസിഐ ഗ്രൂപ്പിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ബാഗ്ചി, മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ തലപ്പത്തെത്തുന്ന ആദ്യത്തെ പുറത്തുനിന്നുള്ള വ്യക്തിയാണ്
Anup Bagchi

അനുപ് ബാഗ്ചി

Updated on: 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ മാനേജിങ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അനുപ് ബാഗ്ചി ചൊവ്വാഴ്ച ചുമതലയേറ്റു. മുൻ എംഡിയും സിഇഒയുമായ ശശിധർ ജഗദീശൻ തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് അറിയിച്ചു.

ഐസിഐസിഐ ഗ്രൂപ്പിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ബാഗ്ചി, മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ തലപ്പത്തെത്തുന്ന ആദ്യത്തെ പുറത്തുനിന്നുള്ള വ്യക്തിയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്‍റെ എംഡിയും സിഇഒയുമായിരുന്നു അദ്ദേഹം. വരുമാന വളർച്ചയും ലാഭമാർജിനും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ബാഗ്ചി എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ചുമതലയേൽക്കുന്നത്.

ബാഗ്ചി ചുമതലയേൽക്കുന്നതിന് മുൻപ്, ബാങ്കിന്‍റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്ററായ കൈസാദ് ഭരൂച്ച ഈ വർഷം ഡിസംബറോടെ വിരമിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. ഭരണനിർവഹണത്തിലെ പോരായ്മകൾ സംബന്ധിച്ച ആരോപണങ്ങൾക്കിടെയായിരുന്നു ശശിധർ ജഗദീശൻ പുറത്തുപോകുന്നത്. നിക്ഷേപകർക്ക് ഉയർന്ന പലിശ നൽകിക്കൊണ്ട് വലിയ നിക്ഷേപങ്ങൾ സമാഹരിച്ച രീതിയിൽ വീഴ്ചകളുണ്ടായതായി ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ നടപടിയുടെ പേരിൽ ജഗദീശന് പിഴയും ചുമത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 9.56ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ ഓഹരികൾ 0.07 ശതമാനം ഉയർന്ന് 688.70 രൂപയിലാണ് വ്യാപാരം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com