ആപ്പിൾ ഉത്പന്നങ്ങൾക്ക് വൻ വിലവര്‍ധന

മാക്ബുക്ക്, ഐപാഡ് എയർ അടക്കമുള്ള ആപ്പിൾ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ 20% മുതൽ 42% വരെ വിലക്കയറ്റം; ചില മോഡലുകൾക്ക് 70,000 രൂപയോളം അധികം
Apple products price hike

ആപ്പിൾ ഉത്പന്നങ്ങൾക്ക് വില കൂടി.

Representative image

Updated on

ആഗോള പ്രീമിയം ടെക് ബ്രാന്‍ഡായ ആപ്പിൾ, തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില വർധന പ്രഖ്യാപിച്ചു. മാക്ബുക്ക്, ഐപാഡ് എന്നിവയുടെ അടിസ്ഥാന വിലയില്‍ 20% മുതല്‍ 42% വരെയാണ് കമ്പനി വര്‍ധന വരുത്തിയത്. ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് 70,000 രൂപ വരെയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഉയര്‍ന്ന കോണ്‍ഫിഗറേഷനുകളുള്ള ചില പ്രീമിയം മോഡലുകള്‍ക്ക് മുൻപത്തേതിനേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപയോളം അധികം നല്‍കേണ്ടിവരും.

ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഡേറ്റ സെന്‍ററുകളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. എഐ രംഗത്തെ കുതിച്ചുചാട്ടം കാരണം മെമ്മറി ചിപ്പുകള്‍ക്കും സ്റ്റോറേജുകള്‍ക്കുമുള്ള ഡിമാന്‍ഡ് വിപണിയില്‍ കുത്തനെ ഉയര്‍ന്നു.

ഇതുവരെ ഈ അധികച്ചെലവ് ഉപയോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതെ കമ്പനി തന്നെയായിരുന്നു വഹിച്ചിരുന്നത്. എന്നാല്‍ ഇനി അത് സാധ്യമാകാത്ത സാഹചര്യത്തിലാണ് വില പുതുക്കാന്‍ നിര്‍ബന്ധിതരായതെന്ന് ആപ്പിള്‍ അറിയിച്ചു.

പുതുക്കിയ വില

മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 2,49,900 രൂപയില്‍ നിന്ന് 2,99,900 രൂപയായി വര്‍ധിച്ചു. 50,000 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 1,69,900 രൂപയ്ക്ക് പുറത്തിറക്കിയ മാക്ബുക്ക് പ്രോ ലാപ്ടോപ്പിന് ഇപ്പോള്‍ ആപ്പിള്‍ വെബ്സൈറ്റില്‍ 2,39,900 രൂപയാണ് വില. ഒറ്റയടിക്ക് 70,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വര്‍ധന നേരിട്ടത് ഐപാഡ് എയര്‍ സീരീസിനാണ്. 84,900 രൂപയുണ്ടായിരുന്ന പ്രാരംഭ മോഡലിന് 41.22% വര്‍ധനയോടെ 1,19,900 രൂപയായി ഉയര്‍ന്നു. അതേസമയം, ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ് എന്നിവയുടെ വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ പ്രോ മോഡലുകളുടെയും വില വര്‍ധിച്ചേക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

logo
Metro Vaartha
www.metrovaartha.com