
കൊച്ചി: രാജ്യത്തെ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ വെല്ലുവിളി സൃഷ്ടിച്ച് സ്വര്‍ണപ്പണയ വായ്പകളിലെ കിട്ടാക്കടം കുത്തനെ കൂടുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ സ്വര്‍ണം ഈടായി നല്‍കിയവരില്‍ 30 ശതമാനം പേര്‍ തിരിച്ചടവ് മുടക്കി വായ്പ കിട്ടാക്കടമാക്കിയെന്ന് റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കണക്കുകളനുസരിച്ച് സ്വര്‍ണ പണയ മേഖലയിലെ നിഷ്‌ക്രിയ ആസ്തി ജൂണ്‍ വരെയുള്ള കാലയളവില്‍ 6,696 കോടി രൂപയായാണ് ഉയര്‍ന്നത്. മൂന്നു മാസം മുന്‍പ് കിട്ടാക്കടം 5,149 കോടി രൂപയായിരുന്നു. വാണിജ്യ ബാങ്കുകള്‍ നല്‍കിയ സ്വര്‍ണ പണയ വായ്പകളിലെ കിട്ടാക്കടം ഇക്കാലയളവില്‍ 62 ശതമാനം ഉയര്‍ന്ന് 2,445 കോടി രൂപയിലെത്തി. മാര്‍ച്ചില്‍ സ്വര്‍ണ വായ്പകളിലെ കിട്ടാക്കടം 1,513 കോടി രൂപയായിരുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണ വായ്പകളിലെ തിരിച്ചടവിലെ മുടക്കം 24 ശതമാനം മാത്രമാണ്.
സ്വര്‍ണ വിലയിലുണ്ടായ കുതിപ്പ് കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് അധിക വായ്പ അനുവദിച്ചതാണ് വിനയായതെന്ന് ബാങ്കിങ് രംഗത്തുത്തള്ളവര്‍ പറയുന്നു.
സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും വിലക്കയറ്റം ഉപയോക്താക്കളുടെ ജീവിതച്ചെലവ് വർധിപ്പിച്ചതും സ്വര്‍ണപ്പണയ വിപണിയില്‍ കിട്ടാക്കടം കൂട്ടുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബ ബജറ്റ് നിലനിർത്താനും ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ നിര്‍വഹിക്കാനുമാണ് സ്വര്‍ണപ്പണയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്. ലളിതമായ നടപടിക്രമങ്ങളോടെ അതിവേഗം പണം ലഭ്യമാകുമെന്നതാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ തിരിച്ചടവ് സമയത്ത് പുതിയ ബാധ്യതകള്‍ വരുന്നതോടെ പണം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതാണ് പ്രശ്‌നമാകുന്നതെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.
വ്യക്തിഗത വായ്പകളുടെവിതരണത്തിന് റിസര്‍വ് ബാങ്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പൊതു, സ്വകാര്യ ബാങ്കുകള്‍സ സ്വര്‍ണപ്പണയ ബിസിനസില്‍ ശ്രദ്ധയൂന്നുകയാണ്. മൈക്രൊ ഫിനാന്‍സ് മേഖലയിലെ പ്രതിസന്ധികളും സ്വര്‍ണ പണയ വിപണിക്ക് പ്രിയം വർധിപ്പിക്കുന്നു. സ്വര്‍ണ വായ്പാ വിപണിയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് മറ്റു വായ്പകളെ പോലെ പ്രതിമാസ തിരിച്ചവ് തുക (ഇഎംഐ) ഈടാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.