
ഉപയോഗശൂന്യമായ പാചക എണ്ണയിൽ നിന്ന് ബയോഡീസൽ: പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ലുലു
അബുദാബി: യുഎഇയിലെ ലുലു സ്റ്റോറുകളിൽ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ പാചക എണ്ണയിൽ നിന്ന് ബയോഡീസൽ ഉത്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് ലുലു ഗ്രൂപ്പ് രൂപം നൽകി. ലുലുവിന്‍റെ നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾ ബയോ ഡീസൽ ഉപയോഗിച്ച് സർവീസ് നടത്തും. കാർബൺ ബഹിർഗമനനിരക്ക് വലിയ തരത്തിൽ കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കും. യുഎഇയിലെ പ്രമുഖ എൻർജി കമ്പനിയായ ന്യൂട്രൽ ഫ്യൂവൽസുമായി സഹകരിച്ചാണ് പാചക എണ്ണയിൽ നിന്ന് ബയോഡീസൽ നിർമ്മിക്കുന്നത്. ലുലു സ്റ്റോറുകളിൽ നിന്ന് ശേഖരിക്കുന്ന ബാക്കിവരുന്ന ദൈനംദിന പാചക എണ്ണ, ന്യൂട്രൽ ഫ്യൂവൽസിന്‍റെ പ്ലാന്‍റിലാണ് ബയോഡീസലാക്കി മാറ്റുന്നത്.
കൃത്യമായ ശാസ്ത്രീയ രീതികളിലാണ് പ്രവർത്തനം. യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യത്തിന് വേഗതപകരുന്നത് കൂടിയാണ് ലുലുവിന്‍റെ പദ്ധതി. പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ക്യാനുകളുടെയും റീസൈക്ലിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിന് പ്ലാസ്റ്റിക് വെൻഡിങ്ങ് മെഷീനുകൾ നേരത്തെ തന്നെ ലുലു സ്റ്റോറുകളിൽ സ്ഥാപിച്ചിരുന്നു.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 90 ശതമാനത്തോളം കുറച്ചും, റീയൂസബിൾ ബാഗുകൾക്ക് മികച്ച പ്രോത്സാഹനം നൽകിയും പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പിന്തുണ നൽകുന്ന പദ്ധതികളാണ് ലുലു നടപ്പിലാക്കുന്നത്.