
വിപണിയിൽ രക്തച്ചൊരിച്ചിൽ; 10 സെക്കൻഡ് കൊണ്ട് നഷ്ടപ്പെട്ടത് 20 ലക്ഷം കോടി രൂപ! കാരണങ്ങളറിയാം
മുംബൈ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനങ്ങൾ വിപണിയെ തകർത്തെറിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് 10 മാസത്തിനിടെ ഏറ്റവും താഴ്ചയിലാണ്. പത്തു സെക്കൻഡുകൾ കൊണ്ട് 20 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
ഓഹരി വിപണി തകർന്നതിന്‍റെ കാരണങ്ങൾ പരിശോധിക്കാം
യുഎസ് വിപണി തകർച്ചയിൽ
ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിനു പുറകേ യുഎസ് മാർക്കറ്റ് നസ്ദാക് തകർച്ച നേരിട്ടു. 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
ആഗോള വിപണി ഉലഞ്ഞു
ആഗോളതലത്തിൽ തന്നെ വിപണി തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. ജാപ്പനീസ് നിക്കി 7 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 5 ശതമാനവും ചൈനയിലെ ബ്ലൂ ചിപ് ഇൻഡക്സ് 7 ശതമാനവും ഹോങ് കോങ്ങിലെ ഹാങ് സെങ് 10.5 ശതമാനവും തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം അമെരിക്കൻ ഫ്യൂച്ചേഴ്സും തകർച്ചയിലാണ്.
യുഎസിൽ സാമ്പത്തിക മാന്ദ്യത്തിനു സാധ്യത
വിലക്കയറ്റ പ്രതിസന്ധിയേക്കാൾ ഉപരി യുഎസിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യമാണ് വിപണിയെ ബാധിച്ചിരിക്കുന്നത്. യുഎസിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിപ്പോർട്ട് 0.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്ന്ത്. എന്നാൽ ഭാവിയിൽ താരിഫ് യുദ്ധം മൂലം വിവിധ മേഖലകളിലായി ഭക്ഷണം മുതൽ വാഹനം വരെയുള്ളവയുടെ വില വർധനയ്ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. പ്രവർത്തന ചെലവ് കൂടുന്നതിനാൽ പ്രോഫിറ്റ് മാർജിൻ ഉയരാൻ സമ്മർദവുമുണ്ടാകും.
വ്യാപാര യുദ്ധം
താരിഫ് യുദ്ധം വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ കലാശിക്കുമെന്നും പ്രവചനങ്ങളുണ്ട്. ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിനു മറുപടിയായി യുഎസ് ഉത്പന്നങ്ങൾക്ക് ചൈന താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തിൽ വ്യാപാരത്തെ ബാധിക്കും.
നിക്ഷേപകർ സുരക്ഷിതമായ മേഖലകളിലേക്ക് നീങ്ങും
വിപണി നിരന്തരമായി കൂപ്പു കുത്തുകയും അനിശ്ചിതത്വത്തിൽ തുടരുകയുമാണെങ്കിൽ നിക്ഷേപകർ സുരക്ഷിതമായ മറ്റു മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് വിപണിയെ വീണ്ടും തകർച്ചയിലേക്ക് നയിക്കും.
ആഗോളതലത്തിൽ ഉത്പന്നങ്ങളുടെ വിലയിടിച്ചിൽ
ആവശ്യകത കുറയുകയും സാമ്പത്തിക സ്ഥിരത ഇല്ലാതാകുകയും ചെയ്യുന്നതോടെ ആഗോളതലത്തിൽ ഉത്പന്നങ്ങൾക്ക് വിലയിടിവ് ഉണ്ടായതും പ്രതിസന്ധി സൃഷ്ടിച്ചു. സ്വർണം 2.4 ശതമാനം, വെള്ളി 7.3 ശതമാനം, സിങ്ക് 2 ശതമാനം, അലുമിനിയം 3.2 ശതമാന ക്രൂഡ് 6.5 ശതമാനം എന്നിങ്ങനെയാണ് വിലക്കുറവുണ്ടായിരിക്കുന്നത്.