

കേരളത്തിന്‍റെ സാമ്പത്തിക നയത്തിലെ കാതലായ മാറ്റമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പ്രതിഫലിക്കുന്നത്.
MV Graphics
AI generated summary, newsroom reviewed
അജയൻ
സന്ദേശം വ്യക്തമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ വരികൾ ഉദ്ധരിക്കുന്നത് നെഹ്റുവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് സ്വാഭാവികമായി തോന്നാം. കവിതകൾക്കും വൈകാരികതയ്ക്കും ഊന്നൽ നൽകിയ മുൻഗാമികളെ ബജറ്റ് പ്രസംഗങ്ങളെ ഇത് ഓർമിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഈ ബജറ്റ് അതിനെക്കാളൊക്കെ വലിയൊരു കാര്യമാണ് മുന്നോട്ടുവയ്ക്കുന്നത്: നയപരമായ മാറ്റം. സ്വകാര്യ സംരംഭങ്ങൾ വെറും വളർച്ചാ ഉപാധികളല്ല, മറിച്ച് കേരളത്തിന്‍റെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണെന്ന് ധനമന്ത്രി കൂടിയായ വി.ഡി. സതീശൻ തന്‍റെ ആദ്യ ബജറ്റിലൂടെ പ്രഖ്യാപിച്ചു.
ഏതാണ്ട് കാലിയായ ഖജനാവിൽ നിന്നാണ് ഈ ബജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളം കടക്കെണിയിലാണ്. വരുമാനത്തിന്‍റെ 77 ശതമാനത്തോളം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവാകുന്നു. ബാക്കിയുള്ള തുക വികസന പദ്ധതികൾക്കോ ക്ഷേമപ്രവർത്തനങ്ങൾക്കോ തികയുന്നില്ല. സ്വകാര്യവത്കരണത്തിനായുള്ള നീക്കം തുടക്കത്തിൽ തന്നെ വ്യക്തമാണ്. കേരളത്തിന്‍റെ സാമ്പത്തികാവസ്ഥ തുറന്നുകാട്ടിയ ശേഷം, ധനമന്ത്രി തന്‍റെ വികസന 'മാജിക്' അവതരിപ്പിച്ചു - മിഷൻ സമുദ്ര. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ തുറമുഖങ്ങൾ, ജലപാതകൾ, റെയിൽവേ എന്നിവയെ സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞത്തിന് സമീപം കപ്പൽ നിർമാണശാലയും, തുറമുഖത്തെ ഇന്ത്യയിലെ പ്രധാന ബങ്കറിങ് കേന്ദ്രമാക്കാനുള്ള വലിയ സ്വപ്നവുമാണ് ഇതിലുള്ളത്.
ഇതൊരു ചെറിയ കാര്യമല്ല. മിഷൻ സമുദ്രയ്ക്ക് ആയിരക്കണക്കിന് കോടികളുടെ നിക്ഷേപം വേണ്ടി വരും. സർക്കാർ ബ്ലൂ ബോണ്ടുകളും, ഇപ്പോൾ സാധാരണമായി മാറിയ പിപിപി (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) മോഡലും പരിശോധിക്കുന്നുണ്ട്. തുറമുഖ അധിഷ്ഠിത വികസനത്തിൽ ഗുജറാത്തിന്‍റെ വിജയം ഒരു മാതൃകയാണ്. എന്നാൽ, ആ താരതമ്യത്തിന് പരിമിതികളുണ്ട്. ഗുജറാത്തിലെ തുറമുഖങ്ങൾ വമ്പൻ വ്യാവസായിക അടിത്തറയിലും കയറ്റുമതി-ഇറക്കുമതി സംവിധാനത്തിലുമാണ് പ്രവർത്തിക്കുന്നത്. എന്നാൽ, വ്യവസായ-വാണിജ്യ പ്രവർത്തനങ്ങൾ താരതമ്യേന കുറവായ കേരളത്തിന് അത്തരം ആനുകൂല്യങ്ങൾ കുറവാണ്. വലിയ വാഗ്ദാനങ്ങളാണ് നൽകിയിട്ടുള്ളത്, എന്നാൽ അപകടസാധ്യതകളും വലുതാണ്, അതിനാൽ തന്നെ വലിയ ജാഗ്രത ആവശ്യമാണ്.
മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം, റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് ഇടനാഴിയാണ്. ഇതിനായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കൾ സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ സമീപകാലത്ത് നടത്തിയ നീക്കങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. എന്നാൽ, കേരളത്തിൽ റെയർ എർത്ത് ഖനനം വലിയ തർക്കവിഷയമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്ക് പണം ലഭിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഈ മേഖലയെ വിവാദത്തിലാക്കിയിരുന്നു. കൂടാതെ, അശാസ്ത്രീയ ഖനനത്തിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും വർഷങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ, മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത് വലിയ എതിർപ്പുകൾക്ക് കാരണമാകും. കർശന സുരക്ഷാ സംവിധാനങ്ങളില്ലാതെ, സാമ്പത്തിക ലാഭത്തിനു പിന്നാലെ പോകുന്നത് സാധാരണക്കാരെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും.
100 കോടിയുടെ എംഎസ്എംഇ ഗ്രോത്ത് സ്കീം, ഗ്ലോബൽ ജോബ് വാച്ച് ടവർ, പ്രാദേശിക ഉത്പന്നങ്ങൾക്ക് 'കേരള മാർക്ക്' സർട്ടിഫിക്കേഷൻ, കേരള നോളജ് വാലി എന്നിവ സതീശന്‍റെ ബജറ്റിലെ പ്രധാന സവിശേഷതകളാണ്. വാഗ്ദാനങ്ങൾ നൽകുന്നതിനെക്കാൾ അവ നടപ്പിലാക്കുന്നതിനാണ് മുൻഗണനയെന്നും, ഓരോ പദ്ധതിയും പ്രത്യേക സംവിധാനത്തിലൂടെ നിരീക്ഷിക്കുമെന്നും ധനമന്ത്രി പറയുന്നുമുണ്ട്.
ഭൂമിയുടെ ന്യായവില പരിഷ്കരിക്കാനുള്ള നിർദേശവും പ്രധാനം. ഇതിനെ അദ്ദേഹം 'ഭൂ പരിഷ്കരണം 2.0' എന്ന് വിശേഷിപ്പിക്കുന്നു. കൃത്യമായി നടപ്പിലാക്കുകയാണെങ്കിൽ, സർക്കാർ വിലയും വിപണി വിലയും തമ്മിലുള്ള വലിയ അന്തരത്തിന് അതു പരിഹാരമാകും. എന്നാൽ, ഭൂമി വില മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒറ്റത്തവണയുള്ള പരിഷ്കരണമല്ല, മറിച്ച് വിപണിയിലെ ഡിമാൻഡ് പരിശോധിച്ച് പതിവായി വില പുനർനിർണയിക്കാൻ അധികാരമുള്ള ഒരു വിദഗ്ധ സമിതിയാണ് ആവശ്യം.
ഇടതുപക്ഷം വലിയ വികസന മാന്ത്രികവടിയായി അവതരിപ്പിച്ച കിഫ്ബി (KIIFB) പ്രത്യേക സമിതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെയും സംസ്ഥാനത്തിന്‍റെ കടബാധ്യതയെയും കണക്കിലെടുക്കുമ്പോൾ, ഈ പരിശോധന വളരെ വൈകിപ്പോയ ഒന്നാണ്. നൂതനമായ ധനസമാഹരണ മാതൃകയായി പ്രോജക്റ്റ് ചെയ്യപ്പെട്ട കിഫ്ബിയുടെ ചെലവുകൾക്കും ബാധ്യതകൾക്കും ആദായത്തിനുമുള്ള കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാകണം.
കേരളത്തിന്‍റെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും ജനങ്ങളുടെ മേൽ പുതിയ നികുതിഭാരമില്ല. 20,500 കോടി രൂപയുടെ വരുമാനക്കുറവ് മുൻകൂട്ടി കണ്ട്, പ്ലാൻ വിഹിതം 35,750 കോടിയിൽ നിന്ന് 30,370 കോടിയായി സർക്കാർ കുറച്ചു. വരുമാനം വർധിപ്പിക്കാനുള്ള തൽക്ഷണ നടപടികൾ കുറവായ ഈ ബജറ്റ്, വളർച്ചയുടെ എൻജിനായി സ്വകാര്യ നിക്ഷേപത്തെയാണ് വിശ്വസിക്കുന്നത്.
ഈ പന്തയം എത്രത്തോളം വിജയിക്കും എന്നത് സർക്കാരിന്‍റെ ശ്രമങ്ങളെ ആശ്രയിച്ചിരിക്കും. സ്വകാര്യ മൂലധനം തൊഴിലിലേക്കും വരുമാനത്തിലേക്കും വളർച്ചയിലേക്കും മാറാൻ സമയമെടുക്കും. ഇടക്കാലത്ത് ക്ഷേമപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുകയും വേണം. അധികാരമേറ്റ് ഒരു മാസം തികയുമ്പോഴും, വി.ഡി. സതീശൻ വലിയ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ഈ ബജറ്റ് ഒരു സൂചനയാണെങ്കിൽ, അദ്ദേഹം പന്തയം വയ്ക്കുന്നത് ചെറിയ മാറ്റങ്ങളിലല്ല, മറിച്ച് കേരളത്തിന്‍റെ സാമ്പത്തിക മാതൃകയുടെ അടിത്തറ മാറ്റാനാണ്.
കേരളത്തിന്‍റെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും ജനങ്ങളുടെ മേൽ പുതിയ നികുതിഭാരമില്ല. 20,500 കോടി രൂപയുടെ വരുമാനക്കുറവ് മുൻകൂട്ടി കണ്ട്, പ്ലാൻ വിഹിതം 35,750 കോടിയിൽ നിന്ന് 30,370 കോടിയായി സർക്കാർ കുറച്ചു. വരുമാനം വർധിപ്പിക്കാനുള്ള തൽക്ഷണ നടപടികൾ കുറവായ ഈ ബജറ്റ്, വളർച്ചയുടെ എൻജിനായി സ്വകാര്യ നിക്ഷേപത്തെയാണ് വിശ്വസിക്കുന്നത്.
ഈ പന്തയം എത്രത്തോളം വിജയിക്കും എന്നത് സർക്കാരിന്‍റെ ശ്രമങ്ങളെ ആശ്രയിച്ചിരിക്കും. സ്വകാര്യ മൂലധനം തൊഴിലിലേക്കും വരുമാനത്തിലേക്കും വളർച്ചയിലേക്കും മാറാൻ സമയമെടുക്കും. ഇടക്കാലത്ത് ക്ഷേമപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുകയും വേണം. അധികാരമേറ്റ് ഒരു മാസം തികയുമ്പോഴും, വി.ഡി. സതീശൻ വലിയ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ഈ ബജറ്റ് ഒരു സൂചനയാണെങ്കിൽ, അദ്ദേഹം പന്തയം വയ്ക്കുന്നത് ചെറിയ മാറ്റങ്ങളിലല്ല, മറിച്ച് കേരളത്തിന്‍റെ സാമ്പത്തിക മാതൃകയുടെ അടിത്തറ മാറ്റാനാണ്.